കണക്ക് മാത്രം ചതിച്ചു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നഷ്ടമായത് രണ്ടായിരത്തോളം പേര്‍ക്ക്
തിരുവനന്തപുരം: ഇപ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനൊരു ദുരിതമായി മാറിയിരിക്കുകയാണ് കണക്ക്. രണ്ടു പ്രാവശ്യം പരീക്ഷയെഴുതിയിട്ടും മാര്‍ക്ക് നോക്കുമ്പോള്‍ വലിയ രീതിയിലുള്ള നഷ്ടം. ബാക്കി വിഷയങ്ങള്‍ക്കെല്ലാം എ പ്ലസ് കിട്ടിയിട്ടും കണക്കിലെ മാര്‍ക്കിന്റെ കുറവു മൂലം അധികം പേര്‍ക്കും ഫുള്‍ എ പ്ലസ് നഷ്ടമായി.
കഴിഞ്ഞവര്‍ഷം 22,879 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം 20,967 പേര്‍ക്കു മാത്രമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. അതായത് 1912 പേര്‍ക്ക് ഫുള്‍ എ പ്ലസിന്റെ കുറവുണ്ടായി. 2016 ല്‍ ഫലം വരുമ്പോള്‍ വിജയശതമാനം 2015 നേക്കാളും കുറഞ്ഞിരുന്നുവെങ്കിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ 17,321 പേരുടെ വര്‍ധനയുണ്ടായിരുന്നു. 2015 ല്‍ 15,430 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചപ്പോള്‍ 2016 ല്‍ 22,879 പേര്‍ക്ക് എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവര്‍ഷം 96.59 ശതമാനമായിരുന്നു വിജയം. ഇപ്രാവശ്യം അതില്‍ നിന്ന് 0.61 ശതമാനം മാത്രമാണ് വിജയം കുറവുണ്ടായത്. എന്നാല്‍ എ പ്ലസ് വര്‍ധിച്ചില്ലെന്നു മാത്രമല്ല, ഗണ്യമായി കുറയുകയും ചെയ്തു. കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതു കൊണ്ടു മാത്രം തോറ്റവരും ഒട്ടനവധിയാണ്.
ഓരോ സ്‌കൂള്‍ പ്രകാരം ഫലം നോക്കിയാലും പലര്‍ക്കും ഫുള്‍ എ പ്ലസ് നഷ്ടമായത് കണക്കിന്റെ മാര്‍ക്ക് കുറവു കൊണ്ടാണ്. ബാക്കി എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും കണക്കില്‍ മാത്രം സി പ്ലസ്, ബി പ്ലസ് ഗ്രേഡുകള്‍ നേടിയവരും ധാരാളമുണ്ട്. കണക്ക് പരീക്ഷയില്‍ മാത്രം എ പ്ലസ് നഷ്ടമായതു കൊണ്ട് എത്ര പേര്‍ക്ക് ഫുള്‍ എ പ്ലസ് നഷ്ടമായി എന്നതിന്റെ പട്ടിക ലഭിച്ചിട്ടില്ല. എങ്കിലും ഓരോ സ്‌കൂളിന്റെ ഫലം നോക്കുമ്പോഴും കണക്കിന്റെ നഷ്ടം വ്യക്തമാണ്.
കണക്കില്‍ പിഴച്ചത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ എപ്പോഴും വലിയ തിരിച്ചടിയാവും. എന്‍ട്രന്‍സ് പരീക്ഷയുടെ സമയത്തും മറ്റു സംസ്ഥാനങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ പഠനത്തിനു പോവുന്ന സമയത്തും ഇന്‍ഡക്‌സ് മാര്‍ക്കിന് പരിഗണിക്കപ്പെടുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. ശാസ്ത്ര വിഷയമെടുത്തു പഠനം തുടരുന്നവരെയാണ് ഇത് കൂടുതല്‍ ബാധിക്കുക.
മാര്‍ച്ച് 20 ന് നടന്ന കണക്ക് പരീക്ഷ, സിലബസിനു പുറത്തുനിന്ന് ചോദ്യങ്ങള്‍ വന്നതും ചോദ്യപേപ്പര്‍ ചോര്‍ന്നതും കാരണം വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടു തോന്നുന്ന കണക്കു പരീക്ഷ മാര്‍ച്ച് 30ന് വീണ്ടും നടത്തുകയായിരുന്നു. കണക്ക് പരീക്ഷയുടെ നിര്‍ണയത്തില്‍ ചെറിയ ഇളവു നല്‍കുമെന്ന് അന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലം വരുമ്പോള്‍ അതൊന്നും കാണാനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."