പാര്‍ട്ടി ഗ്രാമങ്ങള്‍ ഹൈടെക്കാകുന്നു; അതിരുകള്‍ കാക്കാന്‍ ചാരകാമറകള്‍
കണ്ണൂര്‍: ചോരചീന്താന്‍ മത്സരിക്കുന്ന കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഹൈടെക്കാകുന്നു. ചാരകാമറകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചാണ് പാര്‍ട്ടി ഗ്രാമങ്ങള്‍ ജാഗരൂകമാകുന്നത്. നിരന്തരം അക്രമിക്കപ്പെടുന്ന പ്രവര്‍ത്തകരുടെ വീടുകള്‍, സ്തൂപങ്ങള്‍, ഓഫിസുകള്‍, ശവകുടീരങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചുവരികയാണ്. തങ്ങളുടെ കോട്ടകളില്‍ കയറി അക്രമംനടത്തുന്ന എതിരാളികളെ തിരിച്ചറിയാനാണ് പുതിയ സംവിധാനം. അക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കുകയെന്ന ശൈലി നടപ്പിലാക്കുകയെന്നതാണ് പുതിയ നയം. ഇതുവഴി നിരപരാധികള്‍ അക്രമിക്കപ്പെടുന്നത് ഒഴിവാക്കാമെന്നു പാര്‍ട്ടി നേതൃത്വങ്ങള്‍ കരുതുന്നു. നാലുപതിറ്റാണ്ടായി അക്രമരാഷ്ട്രീയം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ കൊലനടത്തുന്നതിനായി പ്രൊഫഷനല്‍ സംഘങ്ങള്‍ തന്നെയുണ്ട്.
എന്നാല്‍ ടി.പി വധത്തിനുശേഷം കൊടിസുനിയടക്കമുള്ള പ്രൊഫഷനല്‍ സംഘങ്ങള്‍ അകത്തായത് ഇത്തരം സംഘങ്ങളുടെ ആത്മവീര്യം കെടുത്തി. ഇതോടെയാണ് പുറത്തുനിന്നുള്ളവരെ ഇറക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 11ന് രാത്രി പയ്യന്നൂര്‍ കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊന്നത് പുറത്തുനിന്നുമെത്തിയ സംഘമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടി കോട്ടയായ കുന്നരുവില്‍ നടന്ന കൊലപാതകം സി.പി.എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.
ശത്രുരാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിക്കു സമാനമാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍. അനൗദ്യോഗിക ചെക്‌പോസ്റ്റുകള്‍, ഹംപുകള്‍ സി.പി.എം, ബി.ജെ.പി ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്തുനിന്നും ഒരാള്‍ക്ക് എളുപ്പം ഇവിടേയക്ക് കയറാനാവില്ല. ഇതിനുപുറമേ സദാനിരീക്ഷണവുമായി പ്രവര്‍ത്തകരുടെ കണ്ണുകളുമുണ്ട്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ പുലര്‍കാലങ്ങളിലാണ് ഏറെയും അക്രമം നടക്കുന്നത്. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മിക്കവാറും കേസുകള്‍ വെറുതെ വിടുകയാണ്. അക്രമക്കേസുകളിലെ പ്രതികളെ തിരിച്ചറിയാനും ശിക്ഷ വാങ്ങികൊടുക്കാനും ഇത്തരം കാമറകളിലൂടെ ശേഖരിക്കുന്ന തെളിവുകളിലൂടെ കഴിയുമെന്ന് പ്രാദേശിക നേതൃത്വങ്ങള്‍ പ്രതീക്ഷിക്കുന്നു.
ബോംബേറ് തടയാന്‍ ബുളളറ്റ് കാമറകള്‍
രാത്രി ദൃശ്യങ്ങള്‍ വ്യക്തമായി പതിയുന്ന ബുള്ളറ്റ് സി.സി.ടി.വി സെക്യൂരിറ്റി കാമറകളാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥാപിച്ചുവരുന്നത്. മഴയിലും വെയിലിലും ഉപയോഗിക്കാവുന്ന വെതര്‍പ്രൂഫ് കാമറകളാണിവ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വന്‍കിട കമ്പനിയുടെ ഏജന്‍സികളാണ് കാമറ സ്ഥാപിച്ചുകൊടുക്കുന്നത്. 1279രൂപ മുതലാണ് ഇതിനു വില. 22ദിവസത്തെ ദൃശ്യങ്ങള്‍ വരെ ഈ കാമറയില്‍ റെക്കാര്‍ഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."