വോട്ടിങ് മെഷിന്‍ പണിമുടക്കി; കാത്തിരുന്ന് വലഞ്ഞ് വോട്ടര്‍മാര്‍
കാസര്‍കോട്: വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതോടെ പല ബൂത്തുകളിലും പോളിങ് ബൂത്തിനു മുന്നില്‍ കാത്തിരുന്ന് വലഞ്ഞ് വോട്ടര്‍മാര്‍. ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പ് തന്നെ വോട്ടിങ് മെഷിന്‍ പണിമുടക്കിയെങ്കില്‍ മറ്റു ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തുടങ്ങിയ ശേഷമാണ് യന്ത്രങ്ങള്‍ പണിമുടക്കിയത്. യന്ത്രങ്ങള്‍ പണിമുടക്കിയ ബൂത്തുകളില്‍ അരമണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ വോട്ടര്‍മാര്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയും ഉണ്ടായി. കാടങ്കോട് ഗവ. ഫിഷറിസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി വിഭാഗം യു പി സ്‌കൂളിലെ 91 -ാംനമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. പിലിക്കോട് വയല്‍ ഗവ. എല്‍.പി സ്‌കൂള്‍ 115-ാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ രണ്ടു മണിക്കൂര്‍ വൈകി. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിലെ 114-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറാലായതിനെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകി. തുടര്‍ന്നു പുതിയ മെഷിന്‍ കൊണ്ടുവന്ന് വോട്ടെടുപ്പ് നടത്തി. കാരിയില്‍ എ.എല്‍.പി സ്‌കൂള്‍ 94ാം നമ്പര്‍ ബൂത്തില്‍ അര മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 99-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 10നാണു പോളിങ് ആരംഭിച്ചത്. പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 111-ാം നമ്പര്‍ ബൂത്തിലും വോട്ടെടുപ്പ് അരമണിക്കൂര്‍ വൈകി.
ഉദുമ അസംബ്ലി മണ്ഡലത്തിലെ ആയംപാറ ബൂത്തിലും കുണിയ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 154-ാം നമ്പര്‍ ബൂത്തിലും വോട്ടെടുപ്പിനിടെ യന്ത്രം പണിമുടക്കി.ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് അല്‍പ നേരം തടസപ്പെട്ടു.
വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് മുളിയാറില്‍ പലേടത്തും വോട്ടെടുപ്പ് മണിക്കൂറുകളോളം തടസപ്പെട്ടു. ബോവിക്കാനം ബി.എ.ആര്‍.ഐച്ച്.എസ് സ്‌കൂളിലെ 51-ാം നമ്പര്‍ ബൂത്ത്, മൂലടുക്കം ഗവ.എല്‍.പി സ്‌കൂളിലെ 45 നമ്പര്‍ ബൂത്ത്, പൊവ്വല്‍ മുളിയാര്‍ മാപ്പിള ഗവ.യു.പി സ്‌കൂളിലെ ബൂത്ത് എന്നിവിടങ്ങളില്‍ അരമണിക്കൂര്‍ സമയം വൈകയാണ് പോളിങ് ആരംഭിച്ചത്. കോട്ടൂര്‍ ഗവ.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ പോളിങ് തുടങ്ങിയതിനുശേഷം വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പുതിയ യന്ത്രം കൊണ്ടുവന്നു പോളിങ് തുടരുകയായിരുന്നു. കുറ്റിക്കോല്‍ പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറ എല്‍.പി സ്‌കൂളില്‍ യന്ത്രം തകരാറായതിനെ തുടര്‍ന്ന് അര മണിക്കൂര്‍ നേരം വോട്ടെടുപ്പ് തടസപ്പെട്ടു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം മാറ്റി നല്‍കിയ സംഭവങ്ങളും ഉണ്ടായിരുന്നു.
അതേസമയം, വിവിധ ബൂത്തുകളില്‍ ദീര്‍ഘ നേരം വോട്ടെടുപ്പ് തടസപ്പെടാന്‍ ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ദിവസങ്ങളോളം ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് നല്‍കിയിരുന്നെങ്കിലും വി.പി.പാറ്റ് യന്ത്രത്തില്‍ ആവശ്യമായ പരിശീലനം പലര്‍ക്കും കിട്ടിയിട്ടില്ലെന്ന സൂചനയാണ് ഇന്നലെ പല ബൂത്തുകളിലും വോട്ടര്‍മാര്‍ക്ക് ദൃശ്യമായത്.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ തങ്കയം എ.എല്‍.പി സ്‌കൂളിലെ 167-ാം നമ്പര്‍ ബൂത്തില്‍ മോക്ക് പോളിങ് കഴിഞ്ഞ് ഏഴിനു വോട്ടിങ് ആരംഭിക്കുന്നതിനുമുന്‍പുതന്നെ യന്ത്രം പണിമുടക്കി. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം 45 മിനിട്ടുകള്‍ക്കുശേഷം വോട്ടെടുപ്പ് ആരംഭിച്ചു.
കൊയോങ്കര എ.എല്‍.പി സ്‌കൂളിലെ 173, 175 പോളിങ് ബൂത്തില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് 55 മിനുട്ട് തെരഞ്ഞെടുപ്പ് തടസപ്പെട്ടു. സെന്റ് പോള്‍സ് എ.യു.പി സ്‌കൂളിലെ 167-ാം ബൂത്തില്‍ ഒരുമണിക്കൂര്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. മാടക്കാല്‍ എ.യു.പി സ്‌കൂളില്‍ 157-ാം നമ്പര്‍ ബൂത്തില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒരുമണിക്കൂര്‍ വോട്ടെടുപ്പ് മുടങ്ങി. വോട്ടെടുപ്പ് തുടങ്ങുന്നതിനുവളരെ മുന്‍പേ തന്നെ സ്ത്രീകളടക്കമുളളവര്‍ വിവിധ ബൂത്തുകളില്‍ സ്ഥാനം പിടിച്ചു. പലരും ഒന്നില്‍ കൂടുതല്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞത്.
കുന്നുംങ്കൈ: മലയോരത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. പുത്തരിയങ്കല്ല്, പറമ്പ, മാലോം എന്നീ പോളിങ് സ്റ്റേഷനുകളില്‍ മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മെഷീന്‍ മാറ്റിയതിനു ശേഷമാണ് പോളിങ് തുടര്‍ന്നത്. രാവിലെ ഒന്‍പതിനുശേഷമാണ് ഇവിടങ്ങളില്‍ പോളിങ് ആരംഭിച്ചത്. രാത്രി എട്ടിനുശേഷവും പോളിങ് തുടര്‍ന്നു. കനത്ത മഴകാരണം രണ്ടു മണിക്കൂറുകളോളം പോളിങ് തടസപ്പെട്ടു. നീലേശ്വരം ജി.എല്‍.പി സ്‌കൂളില്‍ വോട്ടിങ് യന്ത്രം അരമണിക്കൂറുകളോളം പണിമുടക്കി. ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സൂളില്‍ 191-ാം ബൂത്തില്‍ വോട്ടിങ് യന്ത്രം രാവിലെ രണ്ടുമണിക്കൂറുകളോളം പണിമുടക്കി. ഇവിടെ രാത്രി എട്ടു വരെ വോട്ടിങ് തുടരേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."