കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണ ഓണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പടരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഈ ഓണം നമ്മള്‍ ആഘോഷിക്കേണ്ടതെന്നും കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം വരാതെ എല്ലാവരും ശ്രദ്ധിച്ചേ മതിയാവു. എല്ലാ മുന്‍കരുതലോടെയും വേണം ഓണം ആഘോഷിക്കാന്‍. കൊവിഡ് വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുത്. സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരെ സന്ദര്‍ശിക്കരുത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്രാട നാളായ ഇന്ന് കടകളില്‍ പോകുമ്പോള്‍ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം ഷോപ്പിങ്ങിനായി പോകുക. പോകുന്നവര്‍ കൈകള്‍ സാനിറ്റൈസ് ചെയ്യാനും മാസ്‌ക് ധരിക്കാനും തയാറാവണം. നേരത്തെ കടകളില്‍ തിരക്ക് കൂടുമ്പോള്‍ ഷട്ടര്‍ താഴ്ത്തുന്ന പതിവ് കടയുടമകള്‍ കാണിക്കാറുണ്ട്. ഇക്കുറി എവിടെയും നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയില്‍ കയറ്റാവു എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പഴയ പോലെ ഷട്ടര്‍ അടച്ചിടാനും പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയും, രോഗവ്യാപനം ഉണ്ടാവും. ഫോണിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വീട്ടില്‍ ഡെലിവറി ചെയ്യാനും സൗകര്യം ഉള്ളവര്‍ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാന്‍ പറ്റുന്ന കടകളില്‍ തിരക്കുണ്ടോ എന്ന് അന്വേഷിച്ച ശേഷം പോകുക. തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് കടകളുടെ പ്രവര്‍ത്തനസമയം കൂട്ടിയത്. കടകളില്‍ കയറിയാല്‍ അവശ്യമുള്ള സാധനം വാങ്ങി തിരിച്ചു പോകണം. ബില്ലുകള്‍ പണമായി നല്‍കുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടര്‍ വേണം. കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ ശുചിയാക്കണം. ഷോപ്പിങ് കഴിഞ്ഞു വന്നാല്‍ ദേഹം ശുചിയാക്കി വേണം അകത്തേക്ക്കയറാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."