ജോലി, വീട്, ഭക്ഷണം, പാസ്‌പോര്‍ട്ട്, വിസ.. തുടങ്ങി ഒന്നുമില്ല; പത്തുവര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ സുലൈമാന്‍ നാട്ടിലേക്ക് മടങ്ങുന്നു
മനാമ: കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ദുരിതജീവിതം നയിച്ച കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ പഴിഞ്ഞിക്കിഴക്കര വീട്ടില്‍ സുലൈമാന്‍(54), ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു.
തന്റെ സ്‌പോണ്‍സര്‍ മരണപ്പെട്ടതോടെ ക്രിത്യമായ ജോലിയോ കൂലിയോ ഭക്ഷണമോ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളോ ഇല്ലാതെ ദുരിതത്തിലായ സുലൈമാന്‍ മാസങ്ങളോളമായി ഇവിടെ ഒരു ബില്‍ഡിംഗിന്റെ ടെറസില്‍ ചില തൊഴിലാളികളുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്.
ബഹ്‌റൈനിലെ പ്രവാസിമലയാളികളായ വിജേഷ്, സന്തോഷ്, അനീഷ് എന്നിവര്‍ അറിയിച്ചതനുസരിച്ച് മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് സുലൈമാനെ കണ്ടെത്തി ദുരിത ജീവിതം പുറംലോകത്തെത്തിച്ചത്.
തുടര്‍ന്ന് ബഹ്‌റൈന്‍ കെ എം സി സി സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ തേവലക്കര ബാദുഷ, ഓര്‍ഗ.സെക്രട്ടറി നവാസ് കൊല്ലം എന്നിവര്‍ ഇടപെട്ടു സുലൈമാനെ നാട്ടിലെത്തിക്കാനും നാട്ടില്‍ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തെ സഹായിക്കാനും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബഹ്‌റൈനിലെത്തിയിട്ടും ഒരിക്കല്‍ പോലും മടങ്ങിപ്പോകാന്‍ കഴിയാതെയായ തന്‍രെ ദുരിതജീവിതം സുലൈമാന്‍ ഇവിടെ സാമൂഹ്യ പ്രവര്‍ത്തകരുമായി പങ്കുവെച്ചത്‌കേട്ടപ്പോള്‍ കണ്ടുനിന്നവരെയെല്ലാം അത് ഈറലണിയിച്ചു.
പത്തു വര്‍ഷം മുന്പ് സുലൈമാനെ ബഹ്‌റൈനിലെത്തിച്ചത് ഒരു മലയാളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. നല്ല ജോലിയും ശന്പളവുമുള്‍പ്പെടെയുള്ള മോഹനവാഗ്ദാനം നല്‍കി ഗള്‍ഫില്‍ എത്തിച്ചശേഷം വിസയുടെ തുകയായി ഏജന്റ് 18 മാസത്തെ ശമ്പളം വാങ്ങിയിരുന്നതായും തുടര്‍ന്ന് നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യാതെ, തന്നെ മറ്റൊരു വിസയിലേക്ക് മാറ്റി വീണ്ടും തന്നില്‍ നിന്നും 450 ദിനാര്‍(ഏകദേശം 80,000 രൂപ) വിസ ചാര്‍ജ്ജ് ഈടാക്കിയതായും സുലൈമാന്‍ പറഞ്ഞു.
ഇതിനിടെ, തന്റെ സ്‌പോണ്‍സര്‍ മരണപ്പെട്ടപ്പോള്‍ വീണ്ടും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റികൊടുക്കാനായി ഏജന്റ് പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും തന്റെ കയ്യില്‍ പണമില്ലെന്ന് അറിയിച്ചതോടെ പാസ്‌പോര്‍ട്ട് പോലും തിരികെ തരാതെ ഏജന്റ് മടങ്ങുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് തനിക്ക് പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാന്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുലൈമാന്‍ അറിയിച്ചു.
പിന്നീട് ഇന്ന് വരെയും പാസ്‌പോര്‍ട്ടും വിസയുമില്ലാതെയാണ് താന്‍ ഇവിടെ ജീവിച്ചിരുന്നത്. ഇതിനിടെ ജോലിയും കൂലിയും കൂടി നഷ്ടപ്പെട്ടതോടെ മൊബൈല്‍ ഫോണ്‍പോലും ഉപോഗിക്കാന്‍ കഴിയാതെ വന്നെന്നും നാട്ടില്‍ പോകുന്ന കാര്യം പിന്നെ ആലോചിക്കാന്‍ സാധ്യമായിരുന്നില്ലെന്നും സുലൈമാന്‍ വിശദീകരിച്ചു.
ബഹ്‌റൈനിലുള്ള കാലമത്രയും വിവിധ ഇടങ്ങളില്‍ തൊഴില്‍ തേടി അലഞ്ഞെങ്കിലും സ്ഥിര ജോലി ഇല്ലാതായതോടെയാണ് സുലൈമാന്റെ ജീവിതം കൂടുതല്‍ ദുസ്സഹമായത്.
മനാമ നെസ്റ്റോക്ക് സമീപം ദിവസവും താന്‍ തൊഴിലന്വേഷിച്ചു ആരെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയില്‍ പോയി നില്‍ക്കാറുണ്ടെങ്കിലും ആദ്യകാലങ്ങളിലായിരുന്നു ജോലി ലഭിച്ചിരുന്നതെന്നും ഇപ്പോള്‍ പ്രായമായതോടെ തന്നെ ആരും ജോലിക്ക് വിളിക്കാതായെന്നും പിന്നെ ജീവിതം പോലും പ്രയാസത്തിലായെന്നും സുലൈമാന്‍ പറഞ്ഞു.
ഈ കാലമത്രയും താന്‍.ഉദാരമതികളായ ചില തൊഴിലാളികള്‍ നല്‍കുന്ന ഭക്ഷണം കൊണ്ടാണ് വിശപ്പകറ്റിയിരുന്നത്. ഇതിനിടെയാണ് ചില നല്ല മനസ്സുള്ളവര്‍ തന്നെ വന്നു കണ്ട് ദുരിത്തില്‍ നിന്നും കരകയറ്റാന്‍ തയ്യാറായിരിക്കുന്നതെന്നും അവരോട് നന്ദിയും കടപ്പാടുമുണ്ടെന്നും സുലൈമാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ബഹ്‌റൈനിലെത്തിയിട്ട് 10 വര്‍ഷമായിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്ത ഒരു പ്രവാസിയുടെ കദന കഥ കേട്ടറിഞ്ഞതോടെ ബഹ്‌റൈന്‍ കെ.എം.സി.സി പ്രവര്‍ത്തകരും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സഹായവുമായി രംഗത്തെത്തി.
ഇതിനിടെ, തേവലക്കര ബാദുഷയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സുലൈമാനുള്ള ഔട്ട്പാസും ടിക്കറ്റും ലഭ്യമാക്കിയിരുന്നു. കൂടാതെ, 10 വര്‍ഷത്തെ വിസയുടെ പിഴയും ട്രാവല്‍ ബാനും നീക്കാനായി ബഹ്‌റൈനിലെ പാസ്‌പോര്ട്ട് അതോറിറ്റി ഡയരക്ടര്‍ ശൈഖ് റാഷിദിന്റെ സഹായവും തങ്ങള്‍ക്ക് ലഭിച്ചതായി ബാദുഷ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
തേവലക്കരയിലെ വാടക വീട്ടിലാണ് സുലൈമാന്റെ പ്രായ മേറിയ ഉമ്മയും ഭാര്യയും മൂന്നു കുട്ടികളും ഉള്‍പ്പെട്ട കുടുംബം താമസിക്കുന്നത്, സുലൈമാന്റെ രണ്ടു പെണ്‍മക്കളുടെ വിവാഹം ഇതിനകം കഴിഞ്ഞു. ഇളയവളുടെ വിവാഹം കഴിഞ്ഞ മാസം 4ന് ആയിരുന്നു. ഇക്കാര്യം സുലൈമാനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ബന്ധങ്ങള്‍ നിലച്ചിരുന്നതിനാല്‍ സാധ്യമായിരുന്നില്ലെന്ന് നേരത്തെ വീട്ടുകാര്‍ അറിയിച്ചിരുന്നതായി ബാദുഷ സുപ്രഭാതത്തോട് പറഞ്ഞു..
ശനിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 1മണിക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് സുലൈമാന്‍ നാട്ടിലേക്ക് പുറപ്പെടുന്നത്.
ശനിയാഴ്ച രാത്രി 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സുലൈമാനെ സ്വീകരിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളും എയര്‍പോര്‍ട്ടിലെത്തും.
നാട്ടിലെത്തിയാലും വാടക വീട്ടില്‍ കഴിയുന്ന സുലൈമാനും കുടുബംത്തിനും ആശ്വാസം നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍ കെ.എം.സി.സി സൗത്ത് സോണ്‍ ഭാരവാഹികളും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും. ഇതിന്റെ ഭാഗമായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് സുലൈമാനും കുടംബത്തിനുമുള്ള പരമാവധി സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0097333311919.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."