നെടുമ്പാശേരി വിമാനത്താവളം ഇന്നു മുതല്‍ സജീവം
നെടുമ്പാശേരി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിടേണ്ടിവന്ന നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആദ്യ വിമാനം പറന്നിറങ്ങുന്നത്. റണ്‍വേ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുകയും, ജീവനക്കാരുടെ ലഭ്യത എയര്‍ലൈന്‍സുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം പൂര്‍ണനിലയില്‍ പുനരാരംഭിക്കാന്‍ സിയാല്‍ തീരുമാനിച്ചത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതോടെ ഈ മാസം 15ന് പുലര്‍ച്ചെ മുതലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. വിമാന പാര്‍ക്കിങ് സ്റ്റാന്‍ഡുകളിലും ടെര്‍മിനല്‍ കെട്ടിടങ്ങളുടെ അകത്തും വെള്ളം കയറി. റണ്‍വേയ്ക്ക് ക്ഷതം സംഭവിച്ചില്ലെങ്കിലും വെള്ളം ഇറങ്ങിയതോടെ ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. 300 കോടിയിലധികം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയോടെ റണ്‍വേ ഉപയോഗക്ഷമമാക്കി. തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ സംയുക്ത യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുന്‍ നിശ്ചയപ്രകാരം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് എല്ലാ ഏജന്‍സികളും യോഗത്തില്‍ അറിയിച്ചതോടെയാണ് രണ്ടാഴ്ച്ച നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമായത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വിസുകള്‍ ഒരുമിച്ച് ഇന്ന് തന്നെ തുടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് സിയാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ എല്ലാം തിങ്കളാഴ്ച്ച ഉച്ചയോടെ ഓഫിസുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. നിലവിലുള്ള സമയക്രമം അനുസരിച്ചാണ് വിമാന കമ്പനികള്‍ സര്‍വിസ് നടത്തുക. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ ഇന്ന് ഉച്ചയോടെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."