ഇനി ജോസ് പക്ഷമില്ല, കേരള കോണ്‍ഗ്രസ് എം മാത്രം; സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്നും ജോസ് കെ മാണി
കോട്ടയം: സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി. ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതികരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനം. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെയും മാണി സാര്‍ പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാ ശക്തികള്‍ക്കുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി,' ജോസ് കെ. മാണി പറഞ്ഞു.
എല്ലാവരും തങ്ങളെ ജോസ് പക്ഷമെന്ന് വിളിച്ചു. ഈ സമയം തൊട്ട് ജോസ് പക്ഷമവസാനിച്ചുവെന്നും ഇനി കേരള കോണ്‍ഗ്രസ് എം ആണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
'യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസ് എം ഏതാണെന്ന് തെളിയിക്കുന്ന വിധിയാണിത്. കേരള കോണ്‍ഗ്രസ് എം എന്ന പേര് ഞങ്ങള്‍ ഉപയോഗിക്കുമ്പോഴും ഞങ്ങളെ വിശേഷിപ്പിച്ചിരുന്നത് ജോസ് പക്ഷമെന്നാണ്. ഈ നിമിഷം തൊട്ട് ജോസ് പക്ഷം അവസാനിച്ചിരിക്കുകയാണ്. ഇനി ഒന്ന് മാത്രമേയുള്ളു. അത് കേരള കോണ്‍ഗ്രസ് എം ആണ്. അത് ഞങ്ങളോടൊപ്പമാണ്,' ജോസ് കെ മാണി പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എല്ലാവരും അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെ. എം മാണിയുടെ വേര്‍പാടിന് ശേഷം ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ രാഷ്ട്രീയ ഗുഢാലോചനയാണ് കേരളം കണ്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിന് ശേഷം തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും അത് മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."