ജലക്ഷാമം രൂക്ഷമാകുമ്പോഴും കുടിവെള്ളം റോഡിലൊഴുകുന്നത് പതിവുകാഴ്ചയാകുന്നു
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമ പഞ്ചായത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിക്കാന്‍ വെള്ളമില്ലാതെ വലയുമ്പോള്‍ പഞ്ചായത്തിലെ ജലനിധിയില്‍ നിന്നുള്ള കുടിവെള്ളം പൈപ്പുകള്‍ പൊട്ടി റോഡിലൂടെ ഒഴുകുന്നത് പതിവു കാഴ്ചയാകുകയാണ്.
ജലനിധിയില്‍ നിന്നുള്ള കുടിവെള്ളത്തിനായി അഞ്ച് വര്‍ഷം മുന്‍പ് തന്നെ പദ്ധതിയിലേക്ക് പണമടച്ച് കാത്തിരുന്നിട്ടും വെള്ളം ലഭിക്കാതെ ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമൊടുമ്പോഴാണ് ഈ ദുരവസ്ഥ പതിവാകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് പരീക്ഷണ പമ്പിങ് തുടങ്ങിയത് മുതലുള്ള കാഴ്ചയാണിത്. കരാറുകാര്‍ ഗുണമേന്മയില്ലാത്ത പൈപ്പുകളും വാള്‍വുകളും സ്ഥാപിച്ച് പ്രവൃത്തി നടത്തിയതാണ് ഈ ദുരിതത്തിന് കാരണമെന്നണ് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്. ഈ ദുരവസ്ഥക്ക് ജലനിധി ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണാന്‍ ഗ്രാമപഞ്ചാത്ത് പ്രസിന്റ് ഉള്‍പ്പെടെയുള്ള ജനപ്രധിനിധികള്‍ കലക്ടറെ കണ്ട് പരാതി ഉന്നയിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകാത്ത അവസ്ഥയാണ്. വെള്ളത്തിന്റെ നിരന്തരമുള്ള ചോര്‍ച്ച കാരണം പഞ്ചായത്തിന്റെ നിരവധി ഭാഗങ്ങളില്‍ റോഡുകളും നടപ്പാതകളും തകര്‍ന്ന നിലയിലുമാണ്.
ഇന്നലെ കുറ്റിപ്പറമ്പ് ഭാഗത്തെ വിവിധയിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലേക്കൊഴുകിയത്. ജലനിധിയിലെ വെള്ളം ലഭിക്കാത്തതിനാല്‍ വിവിധയിടങ്ങളിലേക്ക് വാഹനങ്ങളിലാണ് ഗ്രാമപഞ്ചായത്ത് കുടിവെള്ളമെത്തിക്കുന്നത്. എന്നാലിത് കൃത്യമായി എല്ലായിടത്തേക്കും എത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വെള്ളത്തിന്റെ ലഭ്യതക്കുറവും വാഹനത്തില്‍ കൃത്യമായി വെള്ളമെത്തിക്കുന്നതിന് തടസമാകുന്നുണ്ട്.
പദ്ധതിയുടെ നിര്‍മാണത്തിലെ അപാകത പരിശോധിച്ച് പൈപ്പുകള്‍ ഉള്‍പ്പെടെ മാറ്റി സ്ഥാപിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം വാട്ടര്‍ അതോറിറ്റിക്കും പഞ്ചായത്ത് ഭരണസമിതിക്കുമെതിരേ ജനകീയ സമരങ്ങള്‍ ംസഘടിപ്പിക്കേണ്ടി വനരുമെന്നുമാണ് രാഷ്ട്രീയ കക്ഷിഭേദമന്യേ നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."