ജില്ലയില്‍ 24 താല്‍കാലിക ഡിസ്പെന്‍സറികള്‍ ഇന്നു മുതല്‍
കോട്ടയം : വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിന് 24 താത്കാലിക ഡിസ്പന്‍സറികള്‍ ഇന്ന് മുതല്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു.
ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ ഡിസ്പന്‍സറികള്‍ പഞ്ചായത്തുകള്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലാകും പ്രവര്‍ത്തിക്കുക.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവര്‍ത്തിക്കുന്ന സമയം.
90 ഇനം അവശ്യ മരുന്നുകള്‍, പരിശോധന കിറ്റുകള്‍ എന്നിവ ഡിസ്പന്‍സറികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്കായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഇന്നുതല്‍ ജില്ലയില്‍ 120 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു. 24 പ്രളയബാധിത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇവരെ നിയമിക്കും. പ്രദേശത്ത് ക്ലോറിനേഷന്‍, കൊതുക് നിവാരണം, ഓആര്‍ എസ് വിതരണം, പനി സര്‍വ്വേ തുടങ്ങിയ ആരോഗ്യ പരിപാടികള്‍ നടത്തുന്നതിന് നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമെയാണ് ഒരു മാസത്തേക്ക് ഇവരുടെ നിയമനം. നാട്ടകം, വേളൂര്‍, ചെമ്പ്, മറവന്‍തുരുത്ത്, തലയോലമ്പറമ്പ്, കടുത്തുരുത്തി, ഉദയനാപുരം, കല്ലറ, തലയാഴം, ടി.വി പുരം, വെച്ചൂര്‍, അതിരമ്പുഴ, അയര്‍ക്കുന്നം, അയ്മനം, കുമരകം, തിരുവാര്‍പ്പ്, പനച്ചിക്കാട്, കുറിച്ചി, മാടപ്പള്ളി, വാഴപ്പളളി, തൃക്കൊടിത്താനം, പായിപ്പാട്, വിജയപുരം, എരുമേലി എന്നിവിടങ്ങളിലാണ് താത്കാലിക ഡിസ്പന്‍സറി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."