മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി
മുക്കം: ഓഗസ്റ്റ് ഒന്നു മുതല്‍ മുക്കം ടൗണില്‍ നടപ്പാക്കുന്ന സമഗ്ര ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ടൗണിലെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. 20 മുതല്‍ തുടങ്ങിയ ട്രയല്‍ റണ്‍ യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണു നഗരസഭാധികൃതര്‍ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പി.സി ജങ്ഷനില്‍ ലയണ്‍സ് ക്ലബ് ബസ് സ്റ്റോപ്പിന് എതിര്‍വശം, കെ.ഡി.സി ബാങ്കിനു മുന്‍വശം, വണ്‍വേ റോഡുകളായ ഓര്‍ഫനേജ് റോഡ്, പി.സി റോഡ്, ഉടയാടക്കു മുന്‍വശം, മാര്‍ക്കറ്റ് റോഡ്, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് ഇന്നലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബാക്കി സ്ഥലങ്ങളിലും ഉടന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ, പഴയ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സഹായകരമായി അനൗണ്‍സ്‌മെന്റും ഒരുക്കിയിട്ടുണ്ട്. പരിഷ്‌കരണത്തെ കുറിച്ചറിയാതെ ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് ഇത് ഏറെ ആശ്വാസകരമാകുന്നു.
അതേസമയം, മൂന്നുദിവസം പിന്നിട്ട ട്രയല്‍ റണ്‍ വിജയകരമാണെന്നാണു പൊതുവിലയിരുത്തല്‍. പുതുതായെത്തുന്ന യാത്രക്കാര്‍ക്കുള്ള ആശയക്കുഴപ്പമൊഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ പരാതികളൊന്നും ലഭിച്ചിട്ടില്ല. പുതിയ യാത്രക്കാരെ സഹായിക്കാനായി പൊലിസും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളും നഗരസഭാ കൗണ്‍സിലര്‍മാരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."