മാര്‍ഗനിര്‍ദേശവുമായി പോപ്പ്
രാജ്യത്തെ നിയമ സംവിധാനങ്ങളുമായി സഹകരിക്കണം, പരാതിക്കാര്‍ക്കെതിരേ പ്രതികാര നടപടികളെടുക്കരുത്
വത്തിക്കാന്‍ സിറ്റി: റോമന്‍ കാത്തലിക്ക് പുരോഹിതര്‍ക്കെതിരേയുള്ള പീഡന ആരോപണങ്ങള്‍ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി പോപ്പ് ഫ്രാന്‍സിസ്. പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചര്‍ച്ചുകള്‍ ഇത് മറച്ചുവയ്ക്കുന്നത് അറിയിക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. മതമേലധ്യക്ഷന്മാര്‍ക്കയച്ച കത്തിലൂടെയാണ് പോപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പോപ്പിന്റെ ഉത്തരവിലൂടെ വത്തിക്കാന്റെ പുതിയ നിയമമായി ഇത് മാറും. മതാധികാരം ഉപയോഗിച്ചുള്ള ഏത് ലൈംഗിക പീഡനങ്ങളും ഈ നിയമത്തിന്റെ കീഴില്‍വരും.
നിയമം മുഴുവന്‍ പുരോഹതിന്മാരും പിന്തുടരണമെന്നും കത്തില്‍ പറയുന്നുണ്ട്. പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് പോപ്പ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.
പീഡന പരാതികള്‍ അന്വേഷിക്കുന്നതില്‍ പുതിയ നിര്‍ദേശങ്ങളും പോപ്പ് മുന്നോട്ടുവച്ചു. ആരോപണങ്ങള്‍ ഉയരുകയാണെങ്കില്‍ പുരോഹിതന്മാരോ ചര്‍ച്ച് അധികാരികളോ സംഭവം അറിയിക്കണം. പരാതി സ്വീകരിക്കാന്‍ എല്ലാ രൂപതയിലും സംവിധാനം വേണം.
ചര്‍ച്ചിന്റെ മുതിര്‍ന്ന നേതാക്കള്‍, ബിഷപ്പ് എന്നിവരുള്‍പ്പെടുന്ന സമിതിയായിരിക്കണം ഇത്. വിശ്വാസികള്‍ക്ക് നിര്‍ഭയമായി പരാതി നല്‍കാന്‍ അവസരമൊരുക്കണമെന്നും മാര്‍പാപ്പയുടെ നിര്‍ദേശമുണ്ട്. പീഡന പരാതി ഉയര്‍ന്നാല്‍ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം.
വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കേണ്ടത്.
ആരോപണങ്ങള്‍ ആര്‍ച്ച് ബിഷപ്പ് അല്ലെങ്കില്‍, പുരോഹിതര്‍ എന്നിവരാണ് വത്തിക്കാനെ അറിയിക്കേണ്ടത്. അന്വേഷണവുമായി മുന്നോട്ടുപോവണമോയെന്ന് 30 ദിവസത്തിനുള്ളില്‍ വത്തിക്കാന്‍ തീരുമാനിക്കേണ്ടതുണ്ട്.
ആര്‍ച്ച് ബിഷപ്പിനെതിരേ പരാതി ഉയരുകയാണെങ്കില്‍ അദ്ദേഹത്തെ മാറ്റി പുതിയ ബിഷപ്പിനെ അന്വേഷണ സംഘത്തില്‍ ഉള്‍കൊള്ളിക്കാം.
പീഡന പരാതി അറിഞ്ഞാല്‍ വൈദികരും കന്യാസ്ത്രീകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. പീഡന പരാതികള്‍ മൂടിവെയ്ക്കാന്‍ ശ്രമമുണ്ടായാല്‍ അതും അറിയിക്കണം.
പരാതിക്കാര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുത്. പീഡന പരാതികളെ കുറിച്ച് ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."