ഞെട്ടിച്ച് ടോട്ടനം
ആംസ്റ്റര്‍ഡാം: അവസാന സെക്കന്‍ഡ് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ അയാക്‌സിന് മടക്ക ടിക്കറ്റ് നല്‍കി ടോട്ടനം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു.
ചാംപ്യന്‍സ് ലീഗിലെ രണ്ടാം സെമിയുടെ രണ്ടാംപാദ മത്സരത്തിലാണ് ടോട്ടനം 3-2 എന്ന സ്‌കോറിന് അയാക്‌സിനെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡുമായി ഇറങ്ങിയ അയാക്‌സ് അവസാന സെക്കന്‍ഡില്‍ വഴങ്ങിയ ഗോളിലാണ് പരാജയം ഏറ്റുവാങ്ങിയത്. ഒരു ഗോളിന്റെ മുന്‍തൂക്കവുമായി സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഇറങ്ങിയ അയാക്‌സ് അഞ്ചാം മിനുട്ടില്‍ തന്നെ ടോട്ടനത്തെ ഞെട്ടിച്ച് വലകുലുക്കി. ഷോണിന്റെ കോര്‍ണറില്‍നിന്ന് മാതിസാണ് ആദ്യ ഗോള്‍ നേടിയത്. ഉയര്‍ന്ന് വന്ന പന്ത് ഹെഡറിലൂടെ മതിയാസ് വലയിലാക്കുകയായിരുന്നു.
ഇതോടെ അയാക്‌സിന് ഇരട്ടി ശക്തി ലഭിച്ചു. മത്സരത്തില്‍ ചുവടുറപ്പിക്കും മുന്‍പ് ലഭിച്ച ഗോള്‍ ടോട്ടനത്തിന് കനത്ത തിരിച്ചടിയായി. സമനില ഗോളിനായി സണും ഡെലി അലിയും മൈതാനത്ത് ഗതികിട്ടാതെ ഓടിക്കൊണ്ടിരുന്നു. എന്നാല്‍ ആദ്യ ഗോള്‍ തിരിച്ചടിച്ച് സമനില പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അയാക്‌സിന്റെ രണ്ടാം ഗോളും പിറന്നു. രണ്ടാം ഗോള്‍ 35-ാം മിനുട്ടില്‍ ഹകീം സിയെച്ചിന്റെ വകയായിരുന്നു.
രണ്ടാം ഗോളും വഴങ്ങിയതോടെ അഞ്ചുഗോളുകള്‍ക്കെങ്കിലും ടോട്ടനം തോല്‍ക്കുമെന്ന നിലയിലായി കാര്യങ്ങള്‍. പന്ത് കൂടുതല്‍ സമയവും കൈവശംവച്ച അയാക്‌സ് ആദ്യ പകുതിയില്‍ ടോട്ടനം ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. ഇടക്ക് വീണു കിട്ടിയിരുന്ന പന്തുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും ടോട്ടനത്തിനായില്ല. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ടോട്ടനം രണ്ട് ഗോളിന് പിന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം പുതിയ ഊര്‍ജവുമായി തിരിച്ചെത്തിയ ടോട്ടനം തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ നടത്തി.
ടോട്ടനം നിരയില്‍ കൊറിയന്‍ താരം സണും പ്രതിരോധ താരം മൂസ സിസോക്കുവുമൊഴിച്ചാല്‍ ബാക്കി എല്ലാ താരങ്ങളും മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. കാലില്‍ കിട്ടിയ പന്തുകളെല്ലാം മൂസാ സിസോക്കൊ കൊണ്ടുപോയി തുലച്ചുകൊണ്ടേയിരുന്നു. ഫോമില്ലാതിരുന്ന സണിന് മികച്ചൊരു നീക്കം നടത്താന്‍ പോലും സാധിച്ചില്ല. ശക്തമായ മുന്നേറ്റത്തിനൊടുവില്‍ ലൂക്കാസ് മോറയുടെ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ആദ്യ ഗോള്‍ പിറന്നു. ഇതോടെ ടോട്ടനത്തിന് മത്സരത്തിലേക്ക് തിരിച്ച് വരാമെന്ന ബോധം വീണു.
രണ്ടാം ഗോളിനായി പൊരുതിക്കളിച്ച ടോട്ടനം നാലു മിനുട്ടുകള്‍ക്ക് ശേഷം രണ്ടാമതും ലക്ഷ്യം കണ്ടു. രണ്ടാം തവണയും മികച്ച ഗോളിലൂടെ അയാക്‌സിന്റെ വല കുലുക്കിയത് ലൂക്കാസ് മോറയായിരുന്നു. ഇതോടെ മത്സരം സമനിലയിലായി. മത്സരം സമനിലയിലായപ്പോഴും അയാക്‌സിന് മത്സരം കൈവിടുമെന്ന ചിന്തയുണ്ടായിരുന്നില്ല. മത്സരം സമനിലയിലായതോടെ ടോട്ടനം പ്രതിരോധം കനപ്പിച്ചു. ഗോളെന്നുറച്ച അവസരം അയാക്‌സ് താരം ഹകീം സിയെച്ചിന് ലഭിച്ചെങ്കിലും പോസ്റ്റില്‍ തട്ടി തിരിച്ച് വരുകയായിരുന്നു. 2-2 ന്റെ സമനിലയുമായി മത്സരത്തിന്റെ നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ ആറു മിനുട്ട് ഇഞ്ചുറി സമയം അനുവദിച്ചു.
അധികം അനുവദിച്ച ആറു മിനുട്ടില്‍ സമയം കൊന്ന് മത്സരം സമനിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു അയാക്‌സ്. ഇതിനിടെ ഗോള്‍ കിക്കെടുക്കാന്‍ വൈകിപ്പിച്ചതിന് അയാക്‌സ് ഗോള്‍ കീപ്പര്‍ ഒനാനക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. അവസാന മിനുട്ടിലെ അവസാന സെക്കന്‍ഡില്‍ ഡെലി അലിയുടെ പാസിന് അയാക്‌സ് ബോക്‌സിലേക്ക് ഓടിക്കയറിയ മോറ ആദ്യ ടച്ചിലൂടെ തന്നെ പന്ത് വലയിലെത്തിച്ച് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. അവസാന സെക്കന്‍ഡ് വരെ ഫൈലല്‍ ഉറപ്പിച്ചിരുന്ന അയാക്‌സ് താരങ്ങളെല്ലാം മൈതാനത്ത് തളര്‍ന്നുവീണു. അടുത്ത മാസം നടക്കുന്ന ഫൈനലില്‍ ലിവര്‍പൂളും ടോട്ടനവും തമ്മില്‍ ഏറ്റുമുട്ടും.
തോറ്റെങ്കിലും അയാക്‌സിന് കൈയടി
അവസാന നിമിഷത്തിലെ ദൗര്‍ഭാഗ്യത്തിന്റെ പേരില്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ പുറത്തായ അയാക്‌സിന്റെ യുവനിരയ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം.
ചാംപ്യന്‍സ് ലീഗില്‍ മുന്നോട്ടുള്ള യാത്രയില്‍ ഏറ്റവും മികച്ച ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു അയാക്‌സ് സെമിയിലെത്തിയത്. അവസാന മൂന്ന് വര്‍ഷം ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് , റൊണാള്‍ഡോയുടെ യുവന്റസ് എന്നിവരെ ആധികാരികമായി തകര്‍ത്തായിരുന്നു അയാക്‌സ് സെമിയിലെത്തിയത്.
അയാക്‌സിന്റെ മത്സരങ്ങള്‍ അടുത്ത കാലത്ത് ഫുട്‌ബോള്‍ കണ്ട@ ഏറ്റവും സുന്ദരന്‍ ഫുട്‌ബോളിന്റെ പ്രദര്‍ശനം കൂടിയായി മാറി.
ഡി ലിറ്റ്, ഡി യോംഗ്, വാന്‍ ഡി ബീക്, നെരെസ് തുടങ്ങി ഫുട്‌ബോളിന്റെ ഭാവി താരങ്ങളായ സിയെച്, ടാഡിച്, ബ്ലിന്‍ഡ് തുടങ്ങി ഫുട്‌ബോളില്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നവരെയും ലോകഫുട്‌ബോളിന് കാണിച്ച് കൊടുക്കാനും അയാക്‌സിന് കഴിഞ്ഞു. ആറ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച അയാക്‌സ് ഏഴാം ഫൈനലിലുള്ള ഒരുക്കത്തിനിടെയായിരുന്നു അവാസന സെക്കന്‍ഡില്‍ ഇടറിവീണത്. നാല് തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടാനും അയാക്‌സിനായിട്ടുണ്ട്.
1970, 1971, 1972 സീസണുകളിലും 1995 സീസണിലും ആയിരുന്നു അയാക്‌സ് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. സെമിയില്‍ തോറ്റെങ്കിലും ചാംപ്യന്‍സ് ലീഗിലെ പ്രധാന ശക്തിയായിട്ടാണ് അയാക്‌സ് മടങ്ങുന്നത്.
റെക്കോര്‍ഡുമായി അയാക്‌സ് നായകന്‍
ഹൃദയം പൊട്ടുന്ന വേദനയോടെ ചാംപ്യന്‍സ് ലീഗില്‍നിന്ന് അയാക്‌സ് പുറത്ത് പോയെങ്കിലും നായകന്‍ മാതിയാസ് ഡിലൈറ്റ് പുതിയ റെക്കോര്‍ഡുമായിട്ടാണ് മടങ്ങിയത്.
സെമിയില്‍ ടോട്ടനത്തിനെതിരേ ഗോളടിച്ചാണ് ഡിലൈറ്റ് ചരിത്രത്താളുകളില്‍ ഇടം നേടിയത്. 19 കാരനായ ഡിലൈറ്റ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ ഗോളടിക്കുന്ന നാലാമത്തെ യുവതാരമായാണ് റെക്കോര്‍ഡ് ഇട്ടത്.
1996ല്‍ അയാക്‌സിന് വേ@ണ്ടി നൂറിദീന്‍ വൂട്ടറും 2003ല്‍ ഇന്റര്‍ മിലാന് വേ@ണ്ടി ഒബഫെമി മാര്‍ട്ടിന്‍സും 2017ല്‍ മൊണാക്കോയ്ക്ക് വേ@ണ്ടി കൈലിയന്‍ എംബാപ്പെയുമാണ് ഇതിന് മുമ്പ് ഗോളടിച്ച മറ്റു താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."