പൊലിസുകാരുടെ പോസ്റ്റല്‍ വോട്ട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘമായി
തിരുവനന്തപുരം: പൊലിസുകാരുടെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. നിലവില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.
പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും അടക്കം നല്‍കിയ പരാതികള്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലെ സംഘവും അന്വേഷിക്കും. തെളിവുകള്‍ പരസ്പരം പൊരുത്തപ്പെടുകയാണങ്കില്‍ ഇരു കേസുകളും ഒരുമിച്ച് അന്വേഷിക്കാനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലിസ് അസോസിയേഷന്‍ ഇടപെട്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അട്ടിമറിയുടെ ആഴം കണ്ടെത്താനാണ് സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചത്. 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ആകെയുള്ള 63,000 പോസ്റ്റല്‍ ബാലറ്റുകളില്‍ ഇന്നലെ വരെ 7,924 എണ്ണം മാത്രമാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണം മന്ദഗതിയിലായാല്‍ നിശബ്ദനായി ഇരിക്കില്ലെന്നും മീണ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലിസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കോടതിയെ സമീപിക്കുക.
പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൂന്ന് കത്തുകളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കിയത്. ആദ്യം നല്‍കിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയെങ്കിലും പ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തു വന്നപ്പോള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകള്‍ കൂടി നല്‍കി. വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീളുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതു കൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആദ്യം നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."