രേഖകളില്ലാതെ കടത്തിയ രണ്ടര കോടി രൂപ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍
സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയോളം രൂപയാണ് പിടികൂടിയത്. മുത്തങ്ങയ്ക്കടുത്ത് പൊന്‍കുഴിയില്‍ നിന്നു രണ്ട് കാറുകളിലായി രേഖകളില്ലാതെ കടത്താന്‍ ശ്രമിക്കുകയായിരുന്നു പണം. രണ്ടുകോടി അന്‍പത് ലക്ഷത്തി അറുപത്തിയൊന്നായിരത്തി ഏഴുനൂറ്റിമുപ്പത് രൂപയാണ് പിടി കൂടിയത്. പണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശികളായ അബ്ദുല്‍ ലത്തീഫ് (41), ജെയ്‌സണ്‍(31) എന്നിവരെയും പണം കൊണ്ടുവന്ന രണ്ടു കാറുകളും ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 8 മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
ഹുണ്ടായി ക്രറ്റ, ടയോട്ട എറ്റിയോസ് കാറുകളുടെ ഡോര്‍പാഡുകളിലും രഹസ്യ അറകളിലുമായിരുന്നു പണം ഒളിപ്പിച്ചത്. വാഹന പരിശോധനയില്‍ അഡീഷനല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദനന്‍, പി.ഇ.ഒ കെ.വി ഷാജി, സി.ഇ.ഒ മാരായ എം.ബി ഹരിദാസന്‍, എ.എസ് അനിഷ്, ജോഷി തുമ്പാനം, അനില്‍കുമാര്‍, റഹിം എന്നിവര്‍ പങ്കെടുത്തു. കസ്റ്റഡിയിലെടുത്തവരെയും തൊണ്ടി മുതലും ഡി.ആര്‍.ഐയ്ക്ക് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടയില്‍ ഇത് മൂന്നാം തവണയാണ് ബത്തേരിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടുന്നത്. കഴിഞ്ഞ മാസം 26ന് താമരശേരി സ്വദേശികളായ രണ്ടു പേരെ മതിയായ രേഖകളില്ലാതെ കടത്തിയ 25 ലക്ഷത്തോളം രൂപയുമായി എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയിരുന്നു. ഓഗസ്റ്റ് 30ന് പത്ത് ലക്ഷത്തോളം രൂപയുമായി വയനാട് കമ്പളക്കാട് സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. അതിര്‍ത്തി കടന്ന് വന്‍ തോതില്‍ രേഖകളില്ലാത്ത പണം സംസ്ഥാനത്തേക്ക് ഒഴുകുന്നുവെന്നതിന്റെ തെളിവാണ് ഒരാഴ്ചയ്ക്കിടെ പിടികൂടപ്പെട്ട മൂന്നുകോടി രൂപയുടെ കുഴല്‍പണ വേട്ടയില്‍ നിന്നു വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."