മത്സ്യത്തൊഴിലാളി ദമ്പതികളെ ആദരിച്ചു
കൊച്ചി: വിവാഹ വാര്‍ഷിക ദിനത്തില്‍ മത്സ്യത്തൊഴിലാളി ദമ്പതികളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ആദരിച്ചു. തൃശൂര്‍ ജില്ലയിലെ കുണ്ടഴിയൂര്‍ സ്വദേശികളായ കെ.വി കാര്‍ത്തികേയനെയും ഭാര്യ കെ.സി രേഖയെയുമാണ് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് ആദരിച്ചത്.
മത്സ്യമേഖലയില്‍ ജി.ഐ.എസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മീന്‍പിടുത്ത ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യ കൊണ്ട് സാധിക്കും. മത്സ്യങ്ങള്‍ ധാരാളമായുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താനും മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാനും ജി.ഐ.എസ് സാങ്കേതികവിദ്യ കൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം പഠനവിധേയമാക്കി ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശാസ്ത്ര സമൂഹം രംഗത്തുവരണം. സമുദ്ര കൂടുകൃഷി മാതൃക മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കും.
കൂടുമത്സ്യ കൃഷി കൂടുതല്‍ ജനകീയമാക്കാന്‍ വാണിജ്യപ്രധാനമായ മത്സ്യങ്ങളുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. മന്ത്രി പറഞ്ഞു. കടലില്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന ദമ്പതികള്‍ക്ക് കൂടുമത്സ്യകൃഷി നടത്തുന്നതിന് കാളാഞ്ചി മീന്‍ കുഞ്ഞുങ്ങളെ കൈമാറി. സി.എം.എഫ്.ആര്‍.ഐയുടെ സഹായത്തിലാണ് കാര്‍ത്തികേയനും രേഖയും കടലില്‍ കൂടുകൃഷി തുടങ്ങുന്നത്.
കായല്‍ മത്സ്യബന്ധനത്തില്‍ സ്ത്രീകളുടെ സാന്നിധ്യം മുണ്ടെങ്കിലും കടലില്‍ സ്ത്രീകള്‍ പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പല എതിര്‍പ്പുകളും മറികടന്ന് മത്സ്യബന്ധന രീതി തിരഞ്ഞെടുത്തതിനുള്ള അംഗീകാരമായാണ് ദമ്പതികളെ ആദരിച്ചത്. വിവാഹ വാര്‍ഷികദിനവും ജന്മദിനവും ഒന്നിച്ച മെയ് അഞ്ചിന് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് രേഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."