അനധികൃത ക്വാറികള്‍ക്കെതിരേ വീണ്ടും നടപടി; സ്ഫോടകവസ്തുക്കള്‍ പിടികൂടി
രാജപുരം: അനധികൃത ക്വാറികള്‍ക്കെതിരേ നടപടികള്‍ തുടരുന്നു. തായന്നൂരിലും പരപ്പയിലും അനധികൃത ക്വാറികള്‍ റവന്യു-പൊലിസ് അധികൃതര്‍ പൂട്ടിച്ചു. പരിസ്ഥിതി ദുര്‍ബല മേഖലകളിലടക്കം നടന്ന ഖനനങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് വന്നത്.
കരിവെള്ളൂര്‍ സ്വദേശി ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള തായന്നൂര്‍ നമ്പ്യാര്‍ക്കൊച്ചിയിലെ അനധികൃത ക്വാറയില്‍ വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ദിലീപ്.കെ.നായര്‍, അമ്പലത്തറ എസ്.ഐ കെ.പി സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 84 ഓര്‍ഡിനറി ഡിറ്റനേറ്ററുകളും 38 ഇലക്ട്രിക് ഡിറ്റനേറ്ററുകളും നാലര മീറ്റര്‍ തിരിയും കണ്ടെത്തി. ജനാര്ദ്ദനനെതിരേ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് ക്വാറി അടപ്പിച്ചു.
പരപ്പ ബാനം മുണ്ട്യാനത്തെ ബാബുവിന്റെ ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ ഇതും അനധികൃതമാണെന്നു കണ്ടെത്തി പൂട്ടിയിട്ടുണ്ട്. ബളാലിലെ ക്വാറിക്ക് ലൈസന്‍സുണ്ടെങ്കിലും പൊല്യുഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ പൂട്ടാന്‍ നിര്‍ദേശം നല്കി.
മലയോരത്ത് ഇത്തരത്തില്‍ ഭീഷണിയായി നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വടക്കാംകുന്ന് കാരാട്ടും തോട്ടന് ചാലിലും ഏറാംചിറ്റയിലും ക്വാറികള്‍ തുടങ്ങാന്‍ നീക്കമുണ്ട്. ഇതിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടോം ബേളൂരില്‍ രണ്ട് അനധികൃത ക്വാറികള്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു.
ആര്.ഡി.ഒ സി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."