ലീഗിനെതിരേ ആഞ്ഞടിച്ച് കോടിയേരി, സി.ബി.ഐ അന്വേഷണത്തിനെതിരേ നിയമ നടപടിക്കില്ല
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെക്കാള്‍ സീറ്റ് നേടി യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവന്ന് തങ്ങള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിനെ കൊണ്ടുവരികയാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായാണ് മുസ്‌ലിം ലീഗ് എസ്.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുന്നത്. ലീഗിന്റെ അജണ്ടയനുസരിച്ചാണ് കോണ്‍ഗ്രസും യു.ഡി.എഫും പ്രവര്‍ത്തിക്കുന്നതെന്നും സി.പി.എം സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം കോടിയേരി പറഞ്ഞു.
ലൈഫ് മിഷന്‍ ഇടപാടില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സി.ബി.ഐ കേസെടുത്തത്. സദുദ്ദേശപരമായല്ല സി.ബി.ഐ കേസെടുത്തത്. ഇതില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണ്. സംസ്ഥാന സര്‍ക്കാരനിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഇടപെടല്‍.
സി.ബി.ഐ അന്വേഷണം നടക്കട്ടെ. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കില്ല. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ അതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുമെന്നും കോടിയേരി വ്യക്തമാക്കി. വിമോചന സമരകാലത്തെ സാഹചര്യമുണ്ടാക്കാനാണ് ശ്രമം. കോണ്‍ഗ്രസും യു.ഡി.എഫും ബി.ജെ.പിയുടെ ബി ടീമായി മാറി. ഇവര്‍ ഒറ്റ മുന്നണിയായി മാറുന്ന ചിത്രമാണ് കാണുന്നത്.
ലീഗിന്റെ മുഖം വികൃതമായപ്പോഴാണ് സി.പി.എംവിരോധം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് കേന്ദ്ര ഏജന്‍സികളെ ഇടപെടുത്തുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് എല്‍.ഡി.എഫിനെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിനുള്ളില്‍ നടത്തണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയാറുള്ളവരെ സഹകരിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചാല്‍ അതുനോക്കി അവരുമായി സഹകരിക്കണോ എന്നതില്‍ തീരുമാനമെടുക്കും.
ജോസ് പക്ഷത്തെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും കാനം പറഞ്ഞത് സി.പി.ഐയുടെ അഭിപ്രായമാണെന്നും മുന്നണിയില്‍ യോജിച്ച നിലപാടുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."