ഉണ്ണിക്കുട്ടന്റെ കൊലപാതകം; പിന്നില്‍ സ്വര്‍ണക്കടത്ത്, ഹവാല സംഘങ്ങളെന്ന് സൂചന
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം മംഗലാപുരത്തു കൊല്ലപ്പെട്ട വെങ്ങോല വലിയകുളം ചയ്യാട്ട് സി.എസ് ഉണ്ണിക്കുട്ടന്റെ കൊലപാതകത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത്, ഹവാല, ലഹരി സംഘങ്ങളെന്നു സൂചന. അന്വേഷണം മംഗലാപുരത്തെയും കാസര്‍കോട്ടെയും സംഘങ്ങളിലേക്കാണ് നീങ്ങുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേരെ മംഗലാപുരം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉണ്ണിയുടെകൂടെ പെരുമ്പാവൂരില്‍നിന്നു പോയ നാലു പേരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സ്പിരിറ്റ് കടത്തിലും തല്ല് കേസിലും പ്രതിയായ ഉണ്ണിയെ കാപ്പ നിയമപ്രകാരം ജയിലിലടയ്ക്കാന്‍ അനുമതിതേടി ഐ.ജിക്കു റിപ്പോര്‍ട്ടയച്ചിരുന്നു. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ചയാണ് ഉപ്പുലങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയോടു ചേര്‍ന്ന കൈത്തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പൊലിസിന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍നിന്നാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റിരുന്നു. കൈകളിലും മുറിവേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ രാവിലെ പെരുമ്പാവൂരിലെ വലിയകുളത്തിലെ വീട്ടില്‍ സംസ്‌കരിച്ചു.
കാറില്‍ 35 ലിറ്റര്‍ സ്പിരിറ്റ് കടത്തിയതിന് 2014ല്‍ ഉണ്ണിയെ പെരുമ്പാവൂര്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. പെരുമ്പാവൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ 2014 മുതല്‍ 2018 വരെ അഞ്ച് തല്ല് കേസുകളുണ്ട്. ഒന്നര വര്‍ഷം മുന്‍പ് പെരുമ്പാവൂര്‍ പാറപ്പുറത്തെ വീട്ടില്‍ പട്ടാപ്പകല്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലെ പ്രതിയെ ആക്രമിച്ച കേസാണ് ഏറ്റവും ഒടുവിലത്തേത്. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം വിതരണത്തിനായി കൊണ്ടുപോകുന്നവരെ ആക്രമിച്ചു സ്വര്‍ണം കവരുന്ന സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."