ബ്ലൂ അമോണിയ കയറ്റുമതിയിൽ ചരിത്രം കുറിച്ച് സഊദി; ആദ്യ ചരക്ക് കപ്പൽ ജപ്പാനിലേക്ക്
റിയാദ്: ഊർജ്ജ ഉത്പാദന മേഖലയിൽ അന്തരീക്ഷ മലിനീകരണം ഏറെ കുറക്കുന്ന ബ്ലൂ അമോണിയ നിർമ്മാണ കയറ്റുമതി രംഗത്ത് ചരിത്രം കുറിച്ച് സഊദി അറേബ്യ. ബ്ലൂ അമോണിയ നിർമ്മിച്ച് ആദ്യമായി വിദേശ രാജ്യത്തേക്ക് കയറ്റുമതി ചെയ്‌ത രാജ്യമെന്ന ഖ്യാതിയാണ് സഊദിയെ തേടിയെത്തിയത്. കാർബൺ ഉദ്‌വമനം ഇല്ലാത്ത രീതിയിൽ വൈദ്യുത പ്ലാന്റുകളിൽ വൈദ്യുത ഉത്പാദനത്തിന് ഉപയോഗിക്കാവുന്ന ബ്ലൂ അമോണിയയുമായി ജപ്പാനിലേക്കാണ് ആദ്യ കപ്പൽ യാത്ര തിരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ഹൈഡ്രജൻ ഉപയോഗിക്കുന്ന നിലയിലേക്ക് വളരുന്ന ജപ്പാനിലേക്ക് നാൽപത് ടൺ ബ്ലൂ അമോണിയയാണ് സഊദി അരാംകോ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്‌തത്. ഹൈഡ്രോകാർബണുകളെ ഹൈഡ്രജനും പിന്നീട് അമോണിയയും ആക്കി കാർബൺ ഡൈ ഓക്സൈഡ് ബൈ പ്രൊഡക്ടായി മാറുന്ന ഇന്ധനം ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്‌തതായി സഊദി അരാംകോ പ്രസ്‌താവനയിൽ അറിയിച്ചു.
താപ വൈദ്യുത നിലയങ്ങളിൽ അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളാതെ ഇന്ധനമായി കത്തിക്കാൻ ഉപയോഗിക്കാവുന്നതാണ് അമോണിയ. അന്തരീക്ഷത്തിന് താങ്ങാവുന്ന തരത്തിലുള്ളതും വിശ്വസനീയവുമായ രീതിയിൽ ഭാവിയിൽ ഊർജ്ജ മേഖലയിൽ കാര്യമായ സംഭാവന നൽകാനുള്ള സാധ്യത ഏറെയാണെന്നാണ് കരുതുന്നത്. ഹൈഡ്രജൻ ഉപയോഗത്തിൽ ലോകത്തെ ഏറ്റവും വലിയ രാജ്യമായി മുന്നേറാനുള്ള ഒരുക്കത്തിലാണ് ജപ്പാൻ. 2030 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം 26 ശതമാനമായി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ജപ്പാൻ. പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള ജപ്പാനിലെ സീറോ കാർബൺ എമിഷൻ അഭിലാഷങ്ങൾക്ക് ബ്ലൂ അമോണിയ നിർണായകമാണെന്ന് ജപ്പാൻ ഐഇജെജെ ചെയർമാൻ ടൊയോഡ മസകസു വ്യക്തമാക്കി. 30 ദശലക്ഷം ടൺ നീല അമോണിയ ഉപയോഗിച്ച് ജപ്പാനിലെ 10 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യുഎസ് സ്ഥാപനമായ എയർ പ്രൊഡക്ട്സ് & കെമിക്കൽസ് സഊദി കമ്പനിയായ അക്വ കമ്പനിയുമായി ചേർന്ന് ഹൈഡ്രജൻ പ്ലാന്റ് നിർമ്മാണത്തിനുള്ള കരാറിൽ സഊദി ഏർപ്പെട്ടിട്ടുണ്ട്. സഊദി സ്വപ്‌ന പദ്ധതിയായ നിയോമിലാണ് അഞ്ചു ബില്യൺ ഡോളർ ചെലവിൽ പ്ലാന്റ് നിർമ്മിക്കുന്നത്. ആഗോള ഊർജ്ജ മേഖലയിൽ ഭാവിയിൽ ഹൈഡ്രജൻ ആയിരിക്കും കാര്യമായ നേതൃത്വം വഹിക്കുകയെന്നാണ് കരുതുന്നത്. ഇതിന്റെ മുന്നോടിയായാണ് ഇത് സംബന്ധമായ കൂടുതൽ കാര്യങ്ങളുമായി സഊദി മുന്നിൽ നിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."