കോളാരി പൂങ്ങോട്ടുകാവ് വനം ഇക്കോ ടൂറിസം പദ്ധതിക്കായി കാത്തിരിപ്പ് നീളുന്നു
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ കോളാരി പൂങ്ങോട്ടുകാവ് വനം ഇക്കോ ടൂറിസമാക്കി മാറ്റുന്ന പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇക്കോ ടൂറിസത്തിന്റെ മുന്നോടിയായി ടൂറിസം വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങുകയായിരുന്നു.
നഗരസഭയിലെ കോളാരി എല്‍.പി സ്‌കൂളിന് സമീപത്ത് 34 ഏക്കര്‍ വിസ്തീര്‍ണമുള്ള പൂങ്ങോട്ടുകാവില്‍ ടൂറിസം വകുപ്പ് ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. സസ്യശാസ്ത്ര ഗവേഷണ കേന്ദ്രം,വന പഠനമേഖല, ടൂറിസ്റ്റ് കേന്ദ്രം തുടങ്ങിയ നിരവധി പദ്ധതികള്‍ തയാറാക്കിയെങ്കിലും എല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി.
കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ കുളത്തൂര്‍ പുഴ റേഞ്ചിലെ റിസര്‍വ് വനം മാത്രമേ പൂക്കോട്ടു വനത്തിന് സമാനമായുള്ളൂവെന്ന് നേരത്തെ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊട്ടിയൂര്‍ റേഞ്ചിലെ തോല സെക്ഷനില്‍പ്പെടുന്ന പൂങ്ങോട്ടുകാവിന്റെ സംരക്ഷണത്തിന് ഒരു ഗാര്‍ഡ് പോലുമില്ല. ഇലപൊഴിയും വനം, നിത്യഹരിതവനം, പ്രാതിനിധ്യ ഹരിതവനം, ഉഷ്ണമേഖലാ വനം എന്നിവ ഒരേ സ്ഥലത്ത് കാണാന്‍ കഴിയുമെന്നതാണ് പൂങ്ങോട്ടുകാവിന്റെ പ്രത്യേകത.
വനത്തില്‍ ഉത്ഭവിക്കുന്ന കൊച്ചരുവി വിശാലമായ മേഖലയിലെ കൃഷിക്കാരുടെ പ്രധാന ആശ്രയമാണ്.
അരുവിക്കടുത്തായി പുരാതന ക്ഷേത്രവുമുണ്ട്. വനത്തിലാകെ നിറഞ്ഞു നില്‍ക്കുന്ന കാവടി വേരുകളുടെയും ഔഷധ സസ്യങ്ങളുടെ കലവറയും കൂടിയാണ് പൂങ്ങോട്ടുകാവ്.
ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് 10 വര്‍ഷം മുന്‍പ് പാലോട്ടുപള്ളിയില്‍ കവാടം സ്ഥാപിച്ചെങ്കിലും പിന്നീട് ഒരു പ്രവര്‍ത്തനവും നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."