കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റെൺവേ എൻഡ് സേഫ്റ്റി ഏരിയ(റെസ) നിർമാണത്തിന് ആവശ്യമായ മണ്ണെടുക്കാനായി കണ്ടെത്തിയ സ്ഥലങ്ങൾ ജിയോളജി വകുപ്പ് പരിശോധിക്കുന്നു. റെസ നിർമാണ വികസനത്തിനായി 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യമായി വരുന്നത്. ഇതിനായി കരിപ്പൂർ വിമാനത്താവള പരിസരത്തെ 15 കിലോമീറ്റർ ചുറ്റളവിലുള്ള മൈനിങ് സൈറ്റുകൾ മലപ്പുറം ജില്ലയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് സ്ഥലപരിശോധന നടത്തുന്നത്. 78 ഭൂവുടമകളാണ് മണ്ണെടുപ്പിന് അനുമതി അറിയിച്ച് രംഗത്തെത്തിയത്. ഈ സ്ഥലമാണ് മണ്ണെടുക്കാൻ അനുയോജ്യമാണോയെന്ന് ജിയോളജി വിഭാഗം പരിശോധിക്കുക. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്രദേശവാസികളുടെ എതിർപ്പ് തുടങ്ങിയവയും പരിശോധിക്കും.
റെസ നിർമാണത്തിന് 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ട് ഒരുവർഷമായി. ഇവിടെയുണ്ടായിരുന്ന വീടുകളും മരങ്ങളും ഒഴിവാക്കി പ്രദേശം നിരപ്പാക്കിയിട്ടിരിക്കുകയാണ്. വിമാനങ്ങൾ ലാന്റിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയാൽ പിടിച്ചുനിർത്തുന്ന ഭാഗമാണ് റെസ. റൺവേയുടെ രണ്ട് അറ്റങ്ങളിലുമാണ് റെസ നിർമിക്കുന്നത്. കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്നാണ് റെസ വിപുലീകരണം വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. റെസ നിർമാണം 2025 സെപ്തംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."