സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും
ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസും വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയും. മണിപ്പൂരില്‍ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് എ.ബി.വി.പി മണിപ്പൂര്‍ ഘടകം വിമര്‍ശിച്ചു.
ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ ആരംഭിച്ച അക്രമങ്ങള്‍ അഭൂതപൂര്‍വമായ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് എ.ബി.വി.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മൂന്നു വീതം കുട്ടികളും സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. കൂട്ടത്തില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീകളെയും കുട്ടികളെയും വെറുതെവിടണമെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികതത്വങ്ങളെ പോലും വെല്ലുവിളിക്കുന്ന നടപടിയാണിത്. ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും വീടുകള്‍ അഗ്‌നിക്കിരയാക്കുകയും പൊലിസിനെയും സി.ആര്‍.പി.എഫിനെയും ആക്രമിക്കുകയും ചെയ്ത സായുധ സംഘങ്ങളുടെ നടപടിയെ എബിവിപി സംസ്ഥാന ഘടകം ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കില്‍ ആറുപേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചു. മണിപ്പൂരില്‍ സുരക്ഷയും സാധാരണ നിലയും ഉറപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു.
2023 മെയ് മൂന്നിന് തുടങ്ങിയ അക്രമസംഭവങ്ങള്‍ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആര്‍.എസ്.എസ് മണിപ്പൂര്‍ ഘടകവും ചൂണ്ടിക്കാട്ടി. സംഘര്‍ഷം മൂലം നിരപരാധികളായ ജനങ്ങളാണ് അനുഭവിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന ക്രൂരവും മനുഷ്യത്വവിമവും ദയാരഹിതവുമായ നടപടിയെ സംഘ് മണിപ്പൂര്‍ ഘടകം ശക്തമായി അപലപിക്കുന്നു. മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങള്‍ക്കു വിരുദ്ധമായ ഭീരുത്വനടപടിയാണിത്. സംഘര്‍ഷം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 'ആത്മാര്‍ഥമായി' ഇടപെടണമെന്നും ആര്‍.എസ്.എസ് മണിപ്പൂര്‍ ഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരിക്കുകയാണ് മണിപ്പൂരിലെ എന്‍.ഡി.എ എം.എല്‍.എമാര്‍. അഫ്സ്പ ഏര്‍പ്പെടുത്തിയത് കേന്ദ്രം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ ജനങ്ങളുമായി കൂടിയാലോചിച്ച് രാഷ്ട്രീയനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാസാക്കിയ പ്രമേയം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."