പ്രളയശേഷം കേരളം വരണ്ടുണങ്ങും; മണ്‍സൂണ്‍ അവസാനം ലഭിക്കേണ്ട മഴ കിട്ടില്ല
കോഴിക്കോട്: ആഗോള കാലാവസ്ഥാ പ്രതിഭാസത്തെതുടര്‍ന്ന് സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുന്നു. എല്‍നീനോക്ക് സമാനമായ സാഹചര്യമാണ് ശാന്ത സമുദ്രത്തിലേതെന്നും ഡിസംബറിനകം എല്‍നീനോ സജീവമാകാനാണ് സാധ്യതയെന്നും അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രളയത്തിനു ശേഷം കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുന്നത് ഇതിന്റെ ലക്ഷണമാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എല്‍നീനോ സാധ്യത നിലനിന്നാല്‍ ഒക്ടോബറില്‍ ലഭിക്കേണ്ട തുലാവര്‍ഷം നാമമാത്രമാകുകയും കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്യും.
ശാന്തസമുദ്രോപരിതലത്തിലെ ഊഷ്മാവ് (എസ്.എസ്.ടി) കൂടുന്നതാണ് വരള്‍ച്ചക്ക് കാരണമാകുന്ന 'എല്‍നീനോ' പ്രതിഭാസം. എല്‍നീനോയുടെ അളവുകോലായ നീനോ ഇന്‍ഡക്‌സിന്റെ ഓഗസ്റ്റ് 13ലെയും 20ലെയും കണക്കു പ്രകാരം ഈ വര്‍ഷം എല്‍നീനോക്കുള്ള സാധ്യത 60-70 ശതമാനമാണ്. ഇത് ഇന്ത്യയില്‍ 40 മുതല്‍ 60 ശതമാനംവരെ മഴ കുറയ്ക്കാന്‍ കാരണമാകും. മുന്‍ മാസങ്ങളിലെ കണക്കു പ്രകാരമാണ് എല്‍നീനോ സാധ്യത കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ പ്രളയത്തിനു പിന്നാലെയുണ്ടായ വരണ്ട കാലാവസ്ഥയ്ക്കു കാരണവും ശാന്തസമുദ്രത്തിലെ കാലാവസ്ഥാ മാറ്റമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂമധ്യ രേഖയോട് ഏറ്റവും കൂടുതല്‍ അടുത്തു കിടക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. കാലവര്‍ഷക്കാറ്റിനെ കേരളത്തില്‍ സജീവമാക്കി നിര്‍ത്തുന്ന 'ക്രോസ് ഇക്വറ്റോറിയല്‍ ഫ്‌ളോ' എന്ന വാണിജ്യവാതത്തിന്റെ വ്യതിയാനമാണ് സമീപ ദിവസങ്ങളിലെ വരണ്ടകാലാവസ്ഥയിലേക്ക് നയിച്ചത്. ഭൂമധ്യരേഖയില്‍ ഉടലെടുക്കുന്ന ഈ കാറ്റ് അറബിക്കടല്‍ വഴിയാണ് കേരളത്തിലേക്കെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ കാറ്റ് ദുര്‍ബലമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
പ്രളയത്തിനു ശേഷം ഹിമാലയന്‍ മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷപാത്തി ഹിമാലയന്‍ കുന്നുകളില്‍ തുടരുന്നത് ഇതിനാലാണ്. അടുത്ത ഏഴുദിവസംകൂടി മണ്‍സൂണ്‍ ട്രഫ് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ഇതോടെ മണ്‍സൂണിന്റെ അവസാന കാലത്ത് കേരളത്തില്‍ ലഭിക്കേണ്ട മഴ ഇല്ലാതാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മഴയ്ക്ക് സഹായകമാകുന്ന ന്യൂനമര്‍ദപാത്തിയോ, ന്യൂനമര്‍ദങ്ങളോ ഒന്നും 10 ദിവസത്തേക്ക് രൂപം കൊള്ളാനുള്ള സാധ്യതയും ഇല്ലാതായതോടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരാന്‍ ഇടയാക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതിനിടെ, ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ശാന്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."