കടുവകളുടെ നാട്ടിലേക്കൊരു കടുവാവണ്ടി
ലോകമെമ്പാടുമുള്ള ബാല്യകാലങ്ങളെ വിസ്മയിപ്പിച്ച റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജംഗിള്‍ ബുക്കിന് പശ്ചാത്തലമായ മധ്യപ്രദേശിലെ വിന്ധ്യാനിരകളിലെ ബാന്ധവഗഢും കടുവാപ്രേമികളുടെ ഇഷ്ടസങ്കേതമായ കാനാ ദേശീയോദ്യാനവും ചേര്‍ത്തുള്ള ഒരു ട്രെയിന്‍ യാത്ര! അതും ഇന്ത്യന്‍ റെയില്‍വേയുടെ 'ടൈഗര്‍ എക്‌സ്പ്രസ് 'എന്ന സെമി ലക്ഷ്വറി ട്രെയിനിന്റെ കന്നിയാത്ര. അവിചാരിതമായിട്ടായിരുന്നു ആ യാത്രയ്ക്കുള്ള ക്ഷണം ലഭിച്ചത്.
മൃഗശാലകളില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന വന്യജീവികളെ, പ്രത്യേകിച്ചും കടുവയെ അവയുടെ രാജകീയ പ്രൗഢിയോടെ സ്വന്തം ആവാസ വ്യവസ്ഥയില്‍, കാട്ടിനുള്ളില്‍ ചെന്നു കാണുന്നത് അല്‍പം സാഹസികമാണല്ലോ. അപൂര്‍വമായ 'ബേഡാഗഡ് 'മാര്‍ബിള്‍ കുന്നുകളും 'പുക ഉയരുന്ന വെള്ളച്ചാട്ടം' എന്നു പേരുകേട്ട ദുവാന്ദര്‍ വെള്ളച്ചാട്ടവും കാണാമെന്നതും യാത്രയുടെ ആകര്‍ഷണീയത കൂട്ടി. റെയില്‍വേയുടെ പതിവ് ടൂര്‍ പാക്കേജുകളില്‍ നിന്നു വ്യത്യസ്തമായി കടുവാ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അവബോധം നല്‍കുന്ന വിധത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ യാത്ര പരിസ്ഥിതി ദിനമായ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണു തുടക്കം കുറിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ലോകത്താകമാനമുള്ള കടുവകളില്‍ പകുതിയിലധികവും ഇന്ത്യന്‍ കാടുകളിലാണ്. ഇതില്‍ നല്ലൊരു പങ്ക് മധ്യപ്രദേശിലാണുള്ളത്. ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കടുവയെ അനുസ്മരിപ്പിക്കുന്ന നിറങ്ങളോടെ ജമന്തിപ്പൂമാലകളാല്‍ അലങ്കരിച്ചു നിന്ന് 'ടൈഗര്‍ എക്‌സ്പ്രസി'നെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തതോടെ കന്നിയാത്രയ്ക്കു തുടക്കമായി.
യാത്രയുടെ ആദ്യദിനം പുലര്‍ന്നപ്പോള്‍ വണ്ടി കാട്‌നി ജങ്ഷനിലെത്തിയിരുന്നു. ഇവിടംവരെയാണ് ബാന്ധവഗഢിലേക്കുള്ള തീവണ്ടിപ്പാതയുള്ളത്. താല്‍ക്കാലികമായി തീവണ്ടിയോടു യാത്ര പറഞ്ഞ് കാടുകയറാന്‍ പോവുകയാണ്. തുടര്‍ന്നങ്ങോട്ടുള്ള വിവിധ വനസഞ്ചാരങ്ങള്‍ക്കു ശേഷം മടക്കയാത്രക്കായി ജബല്‍പൂരില്‍ വച്ചാവും 'ടൈഗര്‍ എക്‌സ്പ്രസി'ല്‍ കയറുക. അതുവരെയുള്ള വനയാത്ര റോഡുള്ള ഇടങ്ങളില്‍ ഇന്നോവയിലും അല്ലാത്തിടങ്ങളില്‍ ജിപ്‌സികളിലുമായിരിക്കുമെന്ന് ടൂര്‍ മാനേജര്‍ പറഞ്ഞിരുന്നു.
മധ്യപ്രദേശിലെ വനഭൂമികള്‍ക്ക് അതിരെന്നോണമുള്ള ഒരു ചെറിയ മലയോര പട്ടണമാണ് 'കാട്‌നി'. വടക്കേ ഇന്ത്യയുടെ ഊഷര ഭൂമികള്‍ക്ക് നടുവില്‍ പച്ചപ്പ് ഇടതൂര്‍ന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് ഒരു തയാറെടുപ്പെന്നോണം യാത്രികരെല്ലാം ആവശ്യംവേണ്ടുന്ന ചെറിയൊരു ഷോപ്പിങ് ഇവിടെ നടത്തി. സംരക്ഷിത വനങ്ങള്‍ക്കു നടുവിലൂടെയാണെങ്കിലും ടാര്‍ ചെയ്ത റോഡുകളിലൂടെയായിരുന്നു യാത്ര. ഇരുവശത്തും കിലോമീറ്ററുകള്‍ നീളുന്ന സാല്‍ വനങ്ങളുടെ നിരകണ്ടാല്‍ ആരോ വരിവരിയായി അവയെ നട്ടപോലെ തോന്നും. ഒരിലയനക്കം പോലുമില്ലാത്ത സാല്‍മരക്കാടുകളുടെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഞങ്ങളുടെ അഞ്ചംഗ 'ഇന്നോവാ സംഘം' ഒന്നരമണിക്കൂര്‍ കൊണ്ടു നൂറിലധികം കിലോമീറ്ററുകള്‍ പിന്നിട്ട് ബാന്ധവഗഢ് നാഷനല്‍ പാര്‍ക്കിനടത്തുള്ള 'മൗഗ്ലി' റിസോര്‍ട്ടിലെത്തിയിരുന്നു. എവിടെയും കടുവാമുഖങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചെറിയ അങ്ങാടി ഈ വനമധ്യത്തിലുള്ള റിസോര്‍ട്ടിന്റെ മുന്‍പിലുണ്ട്.
ഓരോ വാഹനത്തിലും ഒരു ടൂര്‍ മാനേജരും ഗൈഡും ഉണ്ടാവും. ഉള്‍വനത്തിലേക്കു പ്രവേശിക്കുന്ന ചെക്ക്‌പോസ്റ്റില്‍ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം ഞങ്ങള്‍ക്കു പ്രവേശനാനുമതി ലഭിച്ചു. അഞ്ചു വണ്ടികളും വനത്തിന്റെ അഞ്ചു ദിശകളിലേക്കു തിരിഞ്ഞു. വനത്തിനുള്ളിലേക്കു കുറച്ചുദൂരം പോയപ്പോള്‍ തന്നെ ഭൂപ്രകൃതി മാറാന്‍ തുടങ്ങി. മണ്‍പാതകളിലൂടെയും കുത്തനെയുള്ള ഓഫ് റോഡുകളിലൂടെയും അതിസാഹസികമായി വാഹനം പായിച്ചുകൊണ്ട് ഡ്രൈവര്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു.
വഴിയരികില്‍ മൃഗങ്ങളെ കണ്ടുതുടങ്ങി. വിവിധതരം മാനുകള്‍, ഒരുകൂട്ടം മ്ലാവുകള്‍ എന്നിവ ഞങ്ങളെ ശ്രദ്ധിക്കാതെ കടന്നുപോയി. നൊടിയിടയില്‍ ഒരു മുള്ളന്‍പന്നിക്കൂട്ടം റോഡ് മുറിച്ചു കടന്നപ്പോള്‍ വണ്ടി തെല്ലു വേഗത കുറച്ചു. നിരവധി പക്ഷികളുടെ ശബ്ദത്തിനൊപ്പം പല മൃഗങ്ങളുടെ വ്യത്യസ്ത കരച്ചിലുകളും കേട്ടുതുടങ്ങി. കാടുമായുള്ള സഹവാസം കാരണം ഓരോ ശബ്ദവും അനക്കവും ഗൈഡിനു ഹൃദിസ്ഥമായിരുന്നു. അധികം ആഴമില്ലാത്ത ഒരു അരുവിക്ക് അടുത്തുവച്ച് ഗൈഡ് വണ്ടി നിര്‍ത്തിച്ചു. എല്ലാവരോടും നിശബ്ദരായിരിക്കാന്‍ ആവശ്യപ്പെട്ടു. കാമറകളുടെ ഫ്‌ളാഷ് ലൈറ്റുകള്‍ ഓഫ് ചെയ്തു. കൊടുംകാട്ടില്‍ ഞങ്ങള്‍ ആറു മനുഷ്യജീവിതങ്ങള്‍. കൂടെയുള്ള അഞ്ച് ജീപ്പുകളും ഇതുപോലെ കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. അഞ്ചു ശ്വാസഗതിയുടെ ശബ്ദങ്ങള്‍ മാത്രം. ഒരു ചെറിയ ഭീതി മനസിലേക്ക് അരിച്ചുകയറി. സമീപത്തെവിടെയോ 'കാണേണ്ടയാള്‍' ഉണ്ട് എന്നൊരു തോന്നല്‍.
അടുത്തനിമിഷം മരത്തില്‍ കലപിലകൂടിക്കൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ നിശബ്ദരായി. അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന മയിലിന്റെ ഉറക്കെയുള്ള ശബ്ദം ഒരുനിമിഷം ഞെട്ടിച്ചു. രാജകീയമായിട്ടായിരുന്നു ആ വരവ്. 17 മാസം പ്രായമുള്ള 'കത്തോലി കടുവ' മെല്ലെ അരുവിയിലേക്ക് ഇറങ്ങി. ഏകദേശം പത്തുമിനിറ്റോളം നീരാട്ട് നടത്തി കടുവ പതിയെ വനത്തിലേക്കു മറഞ്ഞു.
വനയാത്രക്ക് തയ്യാറായി നില്‍ക്കുന്ന ജിപ്സികള്‍
1973ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണു കടുവാ സംരക്ഷണത്തിനായി 'പ്രൊജക്ട് ടൈഗര്‍' എന്നൊരു പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിക്കു കീഴില്‍ ഇന്ത്യയില്‍ 49 കടുവാസംരക്ഷണ വനപ്രദേശങ്ങളാണുള്ളത്. മധ്യപ്രദേശിലെ ഉമറിയ ജില്ലയിലെ ബാന്ധവഗഢും ഇതില്‍പ്പെടുന്നതാണ്.മൂന്നുമണിക്കൂര്‍ നീളുന്ന വനയാത്രയ്‌ക്കൊടുവില്‍ ഞങ്ങളോരോരുത്തര്‍ക്കും മൃഗങ്ങളുടെയും പക്ഷികളുടെയും ഒരു ലിസ്റ്റ് തന്നെയുണ്ടായിരുന്നു. വളരെ അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷിക്കൂട്ടങ്ങളില്‍ ചിലതായ സ്‌പോട്ടഡ് ഡോവ്, ലാര്‍ജ് കൗഷിക്ക്, റൂഫസ് ട്രീപ്പി എന്നിവയെ ഗൈഡ് കാട്ടിത്തന്നു.സൂര്യാസ്തമനത്തോടെ ബാന്ധവഗഢ് എന്ന സംരക്ഷിത വനം അടയ്ക്കപ്പെട്ടു. തിരികെ ഞങ്ങള്‍ റിസോര്‍ട്ടിലെത്തി. പകലിലെ അലിച്ചിലിന്റെ ക്ഷീണം വിട്ടുമാറിയപ്പോഴേക്കും പ്രഭാതയാത്രയ്ക്കുള്ള സമയമായി. വൈകിട്ടു കാണുന്നതിലും കൂടുതല്‍ മൃഗങ്ങളെ മനസിലാക്കിയത് ഈ യാത്രയിലാണ്. വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തുകളുടെ കൂറ്റന്‍ ശരീരങ്ങള്‍ കൊണ്ടുള്ള ബലപരീക്ഷണങ്ങള്‍ ദൂരെ ജീപ്പിലിരുന്ന ഞങ്ങളെ വിറപ്പിച്ചു. മുക്കിസോണ്‍ എന്ന ഈ ബഫര്‍സോണില്‍(നിയന്ത്രിതമേഖല) ആകെ വരുന്നത് ജീപ്പില്‍ വരുന്ന വിനോദസഞ്ചാരികളാണ്.
വിന്ധ്യാചല്‍ പര്‍വതനിരകള്‍ക്കു താഴെ നര്‍മദാ നദിയുടെ കൈവഴികള്‍ക്കുമീതെയുള്ള ബാന്ധവഗഢില്‍ നിന്ന് സാത്പുരാ പര്‍വത നിരയുള്ള കാനാ ദേശീയോദ്യാനത്തിലേക്കാണ് ഇനി അടുത്തയാത്ര. പോകുന്ന വഴിയിലായിരുന്നു ഗുഗുവ ഫോസില്‍ പാര്‍ക്ക്. 65 മില്യണ്‍ വര്‍ഷം പഴക്കമുള്ള എസ്.ഐ ജനുസുകളില്‍പ്പെട്ട സസ്യ ഫോസിലുകള്‍ ഇവിടെ നിന്നു ഗവേഷകര്‍ കണ്ടെടുത്തിരുന്നു. 1983ല്‍ ഈ ഫോസില്‍ പാര്‍ക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രഭാത യാത്രയ്ക്കിടെ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അനന്ത് സഞ്ചാലെയെ കണ്ടു. മുന്‍പ് ഒരു വേട്ടക്കാരനായിരുന്ന അദ്ദേഹം 16 വര്‍ഷമായി കാനായിലെ 'പ്രൊജക്ട് ടൈഗറു'മായി സഹകരിച്ച് ഇവിടെ തന്നെയാണ് താമസം. മുന്നാ, ഭീമാ, നീലം എന്നീ കടുവകളുടെ ഫോട്ടോകള്‍ എടുത്ത് ബി.ബി.സിയുടെ വന്യജീവി ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തിനും കാനയെപ്പറ്റി പറയാന്‍ നിരവധിയുണ്ട്.
ദുവാന്ദർ വെള്ളച്ചാട്ടം
വര്‍ഷങ്ങള്‍ക്കു മുന്‍പ് പൗര്‍ണമി ദിനത്തില്‍ കനാഖട്ടി എന്ന സ്ഥലത്ത് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഒരു എരുമയെ കെട്ടിയിടുമായിരുന്നത്രെ. സാഹസികരായ പലരും രാത്രിയില്‍ നിലാവെളിച്ചത്തില്‍ കടുവ എരുമയെ ആക്രമിക്കുന്നത് കാണാന്‍ ഒളിച്ചിരിക്കുമായിരുന്നു. എന്നാല്‍ പറഞ്ഞു കേട്ടതും അനുഭവിച്ചതുമായ കഥകള്‍ക്കപ്പുറം മധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ കാനായില്‍ അലച്ചിലുകള്‍ക്കപ്പുറം ഒരു കടുവയെപ്പോലും കാണാന്‍ കഴിയുമായിരുന്നില്ല. ഗൈഡ് പറഞ്ഞ ഭാഗ്യത്തെപ്പറ്റി എനിക്ക് ബോധ്യമുണ്ടായത് അപ്പോഴാണ്.
ബൈഗയുടെ കഥ
സത്പുരാ നിരയുടെ കിഴക്ക് മൈക്കല്‍ പര്‍വതങ്ങളില്‍ ജീവിക്കുന്ന ആദിമ ഗോത്ര ജനവിഭാഗമാണ് ബൈഗകള്‍. നൂറ്റാണ്ടുകളായി കടുവയെ ആരാധിച്ചു കാട്ടില്‍ കഴിയുന്ന ഇവര്‍ക്കു കാടെന്നാല്‍ എല്ലാമാണ്. കലപ്പ ഉപയോഗിച്ചു കൃഷി ചെയ്താല്‍ ഭൂമിക്കു മുറിവേല്‍ക്കുമെന്നു വിശ്വസിക്കുന്ന ഇവര്‍ ആഴത്തില്‍ മണ്ണു മാന്താതെയുള്ള കൃഷിരീതികളാണു സ്വീകരിച്ചിരിക്കുന്നത്. വേട്ടയാടലും മീന്‍പിടിത്തവും മറ്റ് ഉപജീവന മാര്‍ഗങ്ങളാണ്. ഇതര ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ മന്ത്രവാദികള്‍ എന്ന പദവിയുള്ള ഇവരുടെ ഏത് ആചാരങ്ങള്‍ക്കും ആദ്യം കടുവയ്ക്കുള്ള പ്രാര്‍ഥനകള്‍ മുഖ്യമാണ്. എന്നാല്‍ ഇവരെപ്പറ്റി മനസിലാക്കിയ അറിവുകളില്‍ നിന്നു വിഭിന്നമായൊരു ദയനീയ മുഖമായിരുന്നു പുനരധിവാസ കേന്ദ്രത്തില്‍ കണ്ടത്. 1960കള്‍ മുതല്‍ കടുവാസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീയമായ ബൈഗാ കുടിയൊഴിപ്പിക്കല്‍ ഇന്നും ശക്തമായി തുടരുന്നു. അജ്ഞത മുതലാക്കി പണവും ഭീഷണിയുമുപയോഗിച്ച് ഒരു ജനതയെ അധികാരികള്‍ തെരുവിലിറക്കിക്കൊണ്ടിരിക്കുന്നു.
ആദിമ ഗോത്ര വിഭാഗമായ ബൈഗകള്‍
കവേലു എന്ന തദ്ദേശീയമായ ഓടു പാകിയ ഇടുങ്ങിയ മുറികള്‍. അരക്ഷിതാവസ്ഥ നിഴലിക്കുന്ന മുഖങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ എന്ന ഭീതിയില്‍ ഞങ്ങളെ പകച്ചുനോക്കുന്ന ജനങ്ങള്‍. അക്ഷരാഭ്യാസമില്ലാത്ത ഈ ജനവിഭാഗത്തെ പേപ്പറുകളില്‍ ഒപ്പിടുവിച്ചു വനത്തിനുള്ളില്‍ നിന്നു കുടിയൊഴിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലും വനനിവാസികള്‍ക്ക് അപരിചിതമായ രീതിയില്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ ചെറിയ വീടുകളിലായാണു താമസിപ്പിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്റെ വലിയ പരസ്യം പതിച്ച ശുചിമുറികളെ പറ്റി ചോദിച്ചപ്പോള്‍ ചുറ്റുപാടും നിരന്ന ആളുകളുടെ മുഖം കറുത്തു. ഉള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് എത്ര അശാസ്ത്രീയമായ രീതിയില്‍ പണിത ഇടുങ്ങിയ കക്കൂസുകളാണ് അവ എന്നു മനസിലായത്. അവരാരും ഇതുവരെ ഒരു തവണ പോലും ആ ശുചിമുറികള്‍ ഉപയോഗിച്ചിട്ടില്ല.
പിന്നെയും കാഴ്ചകള്‍
സാത്പുരാ മലനിരകളെ പിന്നിലാക്കിക്കൊണ്ട് ഞങ്ങളുടെ യാത്രാസംഘം മടക്കയാത്രയ്‌ക്കൊരുങ്ങി. ജബല്‍പൂരാണു ലക്ഷ്യം. ഇതിനിടെ പോകുന്ന വഴിക്ക് ബേഡാഗാട്ട് എന്ന മാര്‍ബിള്‍ മലകളും ദുവാന്ദര്‍ വെള്ളച്ചാട്ടവും കണ്ടു മനസൊക്കെ ഒന്നു തണുക്കണമെന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു. നര്‍മദാനദിയുടെ ബേഡാഗാട്ട് പ്രദേശത്തെ മാര്‍ബിള്‍ മലകള്‍ക്കിടയിലൂടെ ഷിക്കാര എന്ന വഞ്ചിയിലുള്ള യാത്രയായിരുന്നു അടുത്തത്. ബേഡാഗാട്ടില്‍ നിന്ന് ഏതാനും മിനിട്ടുകള്‍ മാത്രം ദൂരമുള്ള ദുവാന്ദര്‍
വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോഴേക്കും
ഉച്ചകഴിഞ്ഞിരുന്നു. പുക ഉയരുന്ന വെള്ളച്ചാട്ടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദുവാന്ദര്‍, നമ്മള്‍ മലയാളികള്‍ പരിചയിച്ച കുത്തനെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നു വിഭിന്നമായി നീണ്ടു പരന്നാണുള്ളത്.
അത്താഴത്തിനു ശേഷം 23 കിലോമീറ്റര്‍ അപ്പുറം ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ സ്വന്തം കടുവാവണ്ടി കാത്തുകിടപ്പുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി എനിക്കായി കാത്തുകിടന്ന ട്രെയിനില്‍ പ്രവേശിക്കുമ്പോള്‍ അടുത്ത സീറ്റില്‍ മലയാളി ഫോട്ടോഗ്രാഫര്‍ സഞ്ജയ് ഇടം പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."