കാരക്കോണം മെഡി. കോളജ് ഡയരക്ടര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് സംവരണത്തിന് കോഴ വാങ്ങി അനര്‍ഹര്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കാരക്കോണം മെഡിക്കല്‍ കോളജ് ഡയരക്ടര്‍ ബെന്നറ്റ് എബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ. പി. മധുസൂദനന്‍ നായര്‍ എന്നിവര്‍ക്കു സസ്‌പെന്‍ഷന്‍.
സി.എസ്.ഐ സഭാധ്യക്ഷന്‍ എ. ധര്‍മരാജ് റസാലം ആണ് നടപടിയെടുത്തത്. ബെന്നറ്റ് എബ്രഹാം മുന്‍പു സി.പി.ഐയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷനു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു സി.എം.എസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പ് ഡേവിഡ് വി. ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളികാമറ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് നടപടി.
ഇതര സമുദായങ്ങളില്‍പെട്ട വിദ്യാര്‍ഥികളില്‍നിന്നു പണം വാങ്ങി സി.എം.എസ് ആംഗ്ലിക്കന്‍ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ചെയ്തത്. കോഴ നല്‍കി ലഭിച്ച സര്‍ട്ടിഫിക്കറ്റിലൂടെ പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ കാര്യം കോടതി തീരുമാനിക്കുമെന്നും സി.എസ്.ഐ സഭ അറിയിച്ചു. സി.എസ്.ഐ സഭയില്‍ പുതിയ ഭരണസമിതിയാണ് ഇപ്പോഴുള്ളതെന്നും ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നും സി.എം.എസ് ആംഗ്ലിക്കന്‍ സഭയുടെ ഇടപെടലുകള്‍ നിരീക്ഷിച്ചുവരികയാണെന്നും സി.എസ്.ഐ ദക്ഷിണ കേരളാ മഹായിടവക സെക്രട്ടറി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."