സംവരണമല്ല, സവര്‍ണ പ്രീണനം
സര്‍ക്കാര്‍ ജോലികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണമേര്‍പ്പെടുത്തുന്നതിനു വേണ്ടി സര്‍വിസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള പി.എസ്.സിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണോ ഭരണഘടനാ ശില്‍പികള്‍ സംവരണം എന്ന ആശയത്തെ ഉയര്‍ത്തിക്കാട്ടിയത് ആ തത്വം തന്നെ അട്ടിമറിക്കപ്പെടുകയാണ്. മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യം എന്ന ലളിതയുക്തി ഉപയോഗിച്ചാണ് സാമ്പത്തിക സംവരണം എന്ന സൂത്രം സാമൂഹ്യ മണ്ഡലങ്ങളിലേക്ക് ഒളിച്ചു കടത്തപ്പെട്ടത്. ഒറ്റനോട്ടത്തില്‍ അതിലെന്ത് തെറ്റ് എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുഖ്യധാരാ കക്ഷികള്‍, വിശേഷിച്ചും ഇടതുപക്ഷം അതിനെ അനുകൂലിക്കുന്നത്.
ഭരണഘടന അനുശാസിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ സംവരണം, മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ലഭ്യമായ പിന്നാക്ക സമുദായ സംവരണം തുടങ്ങിയ പ്രത്യേകാവകാശങ്ങളുടെ ആനുകൂല്യമുപയോഗിച്ച് സാമൂഹ്യ ഘടനയിലെ അസമത്വത്തെ മറികടക്കാന്‍ പിന്നാക്ക സമുദായങ്ങള്‍ പ്രാപ്തമാവുന്ന സാഹചര്യത്തില്‍ അതിനെ അട്ടിമറിക്കാന്‍ തല്‍പര കക്ഷികളുടെ ഭാഗത്തു നിന്നുണ്ടാവുന്ന സമ്മര്‍ദങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുള്ളത്. മുന്നാക്ക സമുദായ ക്ഷേമത്തിനു വേണ്ടിയൊരു കമ്മിഷനും അതിനൊരു കാബിനറ്റ് റാങ്കുള്ള ചെയര്‍മാനും അദ്ദേഹത്തിന് ഒരു കൊടി വെച്ച കാറുമെല്ലാം ഇതേ സമ്മര്‍ദ രാഷ്ട്രീയത്തിന്റെ അടയാളങ്ങള്‍ തന്നെയാണ്. ഇത്തരം നീക്കങ്ങള്‍ വഴി ഭരണഘടനയാണ് അട്ടിമറിക്കപ്പെടുന്നത്. പിന്നാക്കക്കാര്‍ക്ക് വേണ്ടി നിലക്കൊള്ളുന്ന രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ ഇത്തരം കുത്സിത നീക്കങ്ങള്‍ക്ക് പിന്നിലുള്ള ദുഷ്ടലാക്ക് യഥാവിധി തിരിച്ചറിയുന്നില്ലെന്നതാണ് സങ്കടകരം.
നേരു പറഞ്ഞാല്‍, കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉദ്യമം സംവരണത്തിന്റെ അടിസ്ഥാനം എന്താണെന്ന് തിരിച്ചറിയാത്ത നടപടിയാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയല്ല അതിന്റെ മാനദണ്ഡം. വിശ്വാസത്തെയോ പിറവിയെയോ വംശത്തെയോ വര്‍ണത്തെയോ അടിസ്ഥാനമാക്കിക്കൊണ്ട് പുലര്‍ത്തുന്ന വിവേചനം തടയാനുള്ള നയങ്ങളും പ്രായോഗിക വഴികളുമാണ് സംവരണം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ജനാധിപത്യ സമൂഹങ്ങളില്‍ പല പേരുകളിലും രീതികളിലും ഇത്തരം സംവരണങ്ങള്‍ നിലവിലുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അഫര്‍മേറ്റീവ് ആക്ഷന്‍ എന്നാണ് അതറിയപ്പെടുന്നത്. തൊഴില്‍, വിദ്യാഭ്യാസം, നിയമ നിര്‍മാണ സഭകളിലെ പ്രാതിനിധ്യം, പൊതു ഇടങ്ങളിലെ അംഗീകാരം തുടങ്ങിയ മേഖലകളില്‍ ചില ഉപാധികളിലൂടെ ഇതു പ്രവര്‍ത്തനക്ഷമമാവുന്നു. ചില പ്രത്യേക തൊഴിലുകളില്‍ അധഃസ്ഥിതരെ മാത്രം നിയോഗിക്കുന്നത് ഒഴിവാക്കുക, എല്ലാ വിഭാഗക്കാര്‍ക്കും എല്ലാ തൊഴിലുകളിലും പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നിവയൊക്കെ അതിന്റെ വഴികളാണ്.
സാമൂഹ്യവിവേചനം ഒഴിവാക്കുകയാണ് സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യം. തുല്യനീതി ഉറപ്പുവരുത്തുന്നതിനും എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വേണ്ടി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത ഒരാശയത്തെ യാതൊരു സാമൂഹ്യ വിവേചനവും ഒരു കാലത്തും അനുഭവിച്ചിട്ടില്ലാത്ത മുന്നാക്കക്കാര്‍ക്ക് വേണ്ടി സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരുപറഞ്ഞ് അട്ടിമറിക്കുന്നത് ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല.
പ്രയോഗത്തിലും ഇതു പിന്നാക്കക്കാരുടെ താല്‍പര്യങ്ങള്‍ തട്ടിപ്പറിക്കലാണ്. നിര്‍ദിഷ്ട മുന്നാക്ക സംവരണമനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ നിന്നാണ് പത്ത് ശതമാനം മാറ്റിവയ്ക്കുക. അതായത് മെറിറ്റടിസ്ഥാനത്തില്‍ പിന്നാക്കക്കാര്‍ക്ക് കൂടി അര്‍ഹമായ ക്വാട്ടയില്‍ നിന്ന് പത്തു ശതമാനം മുന്നാക്കക്കാര്‍ക്ക് കൊടുക്കുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയവരും വിവേചനമനുഭവിക്കുന്നവരുമായ ആളുകളുടെ അവകാശങ്ങളില്‍ ഒരുപങ്ക് അവരില്‍ നിന്ന് പിടിച്ചെടുത്ത് അത്തരം യാതൊരു ചരിത്രത്തിന്റേയും അവകാശികളല്ലാത്തവര്‍ക്ക് കൊടുക്കുന്ന പ്രതിലോമ നടപടിയാണിത്. ഇത് സംവരണമല്ല, സവര്‍ണ പ്രീണനം തന്നെയാണ്.
ഈ പിടിച്ചുപറിയുടെ നേട്ടം ലഭിക്കുന്നത് ആര്‍ക്കാണെന്ന് കൂടി നോക്കണം. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ കുടുംബസ്വത്ത് യഥാക്രമം 2.5 ഏക്കറിലും 75 സെന്റിലും 50 സെന്റിലും കുറവായവര്‍ക്ക് സംവരണം ലഭിക്കും. കേരളം പോലെ സ്ഥലപരിമിതിയുള്ള ഒരു സംസ്ഥാനത്ത് ഇതു പ്രകാരം സംവരണത്തിന് അര്‍ഹതയില്ലാത്ത മുന്നാക്കക്കാര്‍ വിരളമായിരിക്കും. ഫലത്തില്‍ ഇതു മുന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ തളികയില്‍ വെച്ചു നല്‍കലാണ്. അല്ലെങ്കില്‍ തന്നെ ജാതിയടിസ്ഥാനത്തില്‍ പൊതുമണ്ഡലങ്ങളില്‍ നിന്നു പിന്നാക്കക്കാരെ പുറന്തള്ളുന്ന കാലമാണിത്. മെറിറ്റിന്റെ പേരില്‍ വിദ്യാഭ്യാസരംഗത്ത് നിന്ന് അവരെ പുറത്താക്കുന്നു. ഇപ്പോഴിതാ സര്‍ക്കാര്‍ ജോലിയിലും അവര്‍ അവഗണിക്കപ്പെടുകയാണ്. ഈ സവര്‍ണ പ്രീണനത്തിനെതിരേ ശബ്ദമുയര്‍ത്തിയേ തീരൂ.
ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കേണ്ടവര്‍ കാണിക്കുന്ന നിസംഗത അത്ഭുതപ്പെടുത്തുകയാണ്. നിസാരവിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ച് പോര്‍മുഖം തീര്‍ക്കുന്ന ഭരണ-പ്രതിപക്ഷ കക്ഷികളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിന്നാക്ക വിഭാഗത്തിന്റെ അടിത്തറ മാന്തുന്ന ഈ നടപടിക്കെതിരേ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിക്കളിക്കുന്നത് അധികാരക്കൊതി മൂത്തത് കൊണ്ടല്ലാതെ മറ്റെന്താണ്. സംവരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും അര്‍ഹതപ്പെട്ടതിന്റെ നാലയലത്ത് പോലും എത്താന്‍ കഴിയാതെ പോയ മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിന്റെ അവശേഷിക്കുന്ന നാമമാത്രമായ ആനുകൂല്യങ്ങളും ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമം തിരിച്ചറിയാതെ പോകുന്നത് എന്തുമാത്രം പരിതാപകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."