മഹാത്മാ ഗാന്ധിയോടൊപ്പം നടക്കാം; വെര്‍ച്വല്‍ മ്യൂസിയമൊരുക്കി രാഷ്ട്രപതി ഭവന്‍
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടൊപ്പം ചരിത്ര സഞ്ചാരം നടത്താന്‍ സൗകര്യമൊരുക്കി രാഷ്ട്രപതി ഭവനില്‍ മ്യൂസിയം ഒരുങ്ങി. പ്രണബ് മുഖര്‍ജി സ്ഥാനമേറ്റ് നാലാം വര്‍ഷം തികയ്ക്കുന്ന ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
മ്യൂസിയത്തിലെ പ്രധാന മുറിയില്‍ ചെന്നാല്‍ മഹാത്മാ ഗാന്ധി ലോര്‍ഡ് ഇര്‍വിനുമായി സംസാരിക്കുന്നത് യാഥാര്‍ഥ്യമെന്ന പോലെ കാണാനാവും. പിന്നീട് അദ്ദേഹം രാഷ്ട്രപതി ഭവനിലേക്കും വൈസ്രോയി ഹൗസിലേക്കും നീങ്ങുമ്പോള്‍ അദ്ദേഹത്തോടൊപ്പം നമ്മള്‍ക്കും നടക്കാനാവും. അദ്ദേഹത്തിന് നമസ്‌കാരം ചെയ്യാനും കൈവീശാനും നേരിട്ടെന്ന പോലെ സാധ്യമാക്കാനും 'മഹാത്മയോടൊപ്പം നടക്കാം' എന്ന പരിപാടിയിലൂടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഒക്ടോബര്‍ രണ്ടു മുതലാണ് പൊതുജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായി മ്യൂസിയം തുറന്നുകൊടുക്കുക. ആഴ്ചയില്‍ ആറു ദിവസവും പ്രവേശനം അനുവദിക്കും. രാഷ്ട്രപതി ഭവനിലേക്ക് ഡല്‍ഹി ടൂറിസം വകുപ്പിന്റെ ബസ് സര്‍വീസും ഇതിന്റെ ഭാഗമായി ആരംഭിക്കും. കൂടാതെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളും സൈക്കിളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കുമെന്നും രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍ പറഞ്ഞു.
അപൂര്‍വ്വമായ ആര്‍ട്ടുകളും, മുന്‍ രാഷ്ട്രപതിമാര്‍ക്ക് ലഭിച്ച സമ്മാനങ്ങളും അപൂര്‍വ്വ ഫോട്ടോകളും മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജി മുതല്‍ പ്രമുഖരുടെയും ഇവരുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയും സ്മരണിക ഉണര്‍ത്തുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കിങ് ജോര്‍ജ്ജ് വി, ക്യൂന്‍ മേരി എന്നിവരുടെ പ്രതിമകള്‍ ബ്രീട്ടീഷ് ഭരണത്തെ ഓര്‍മിപ്പിക്കാനായി മ്യൂസിയത്തിലുണ്ട്.
ഡിജിറ്റല്‍ സാങ്കാതിക വിദ്യ ഉപയോഗിച്ചുള്ള ചരിത്രാവതരണമാണ് മ്യൂസിയത്തിന്റെ പ്രധാന പ്രത്യേകത. 80 കോടി രൂപ ചെലവഴിച്ച് 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മ്യൂസിയത്തിന്റെ പണി തീര്‍ത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."