പട്‌നയിലെ സേക്രട്ടറിയേറ്റിലും തീപിടുത്തം: അഴിമതി നടത്തിയതിന്റെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം
പട്‌ന: ബിഹാര്‍ സെക്രട്ടറിയേറ്റിലും തീപിടുത്തം. നിരവധി ഫയലുകള്‍ കത്തിനശിച്ചു. അതേ സമയം എന്‍ഡിഎ ഭരണകാലത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു.
ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് ഇന്നലെ രാത്രിയോടെ തീപ്പിടുത്തമുണ്ടായത്. ഒന്നാം നിലയിലേക്കും തീപടര്‍ന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'സെക്രട്ടറിയേറ്റിലുള്ള അഗ്‌നി ശമനസേനാംഗങ്ങള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള പന്ത്രണ്ടോളം യൂണിറ്റുകളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്' പട്ന അഗ്‌നിശമന സേന വാക്താവ് അറിയിച്ചു.
ആളപായമൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഔദ്യോഗിക രേഖകള്‍ നശിപ്പിക്കുന്നതില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ആര്‍ജെഡി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."