കാട്ടാക്കടയില്‍ ജലഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമാകുന്നു
കാട്ടാക്കട: നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സി.സി.ഡി.യുമായി ചേര്‍ന്ന് നിയോജകമണ്ഡലത്തിലെ ആറ് സ്കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നു.
ആറ് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലയിന്‍കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഡി.വി.എം.എന്‍.എന്‍.എം ഹൈസ്കൂള്‍, പേയാട് സെന്റ് സേവിയേഴ്സ്, നേമം വിക്ടറി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് ജലഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നത്. സ്കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള ജലക്ലബുകളിലെയും എന്‍.എസ്.എസ് യൂനിറ്റിലെയും വിദ്യാര്‍ഥികളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്ന് കിണര്‍ വെള്ളം ശേഖരിച്ച് സ്കൂളുകളില്‍ എത്തിച്ച് പരിശോധിച്ച് ജലശുദ്ധി കാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജലപരിശോധന നടത്തും.
ജലഗുണനിലവാര പരിശോധന നടത്തുന്നതിനാവശ്യമായ കിറ്റുകള്‍ സി.സി.ഡി.യു ലാബുകള്‍ക്ക് നല്‍കുകയും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതാണ്. ഒരു കിറ്റ് ഉപയോഗിച്ച് 80 മുതല്‍ 100 സാമ്പിള്‍ വരെ പരിശോധിക്കുവാന്‍ കഴിയും.
തെരഞ്ഞെടുത്ത സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.
ഐ.ബി സതീഷ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. സി.സി.ഡി.യു ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. പരിശോധന ലാബുകള്‍ സജ്ജമാക്കുന്നതിനുള്ള ആദ്യ കിറ്റുകള്‍ ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."