കശ്മിരിലും ലഡാക്കിലും ഇനി ആര്‍ക്കും ഭൂമി വാങ്ങാം
ന്യൂഡല്‍ഹി: ജമ്മു കശ്മിരിലും ലഡാക്കിലും അവിടത്തുകാര്‍ക്കല്ലാതെ ഭൂമിയോ മറ്റു വസ്തുവകകളോ വാങ്ങാന്‍ പാടില്ലെന്ന നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍. പുതിയ ഭൂനിയമ പ്രകാരം കശ്മിരിലും ലഡാക്കിലും ഏതൊരു ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാം. കശ്മിരിലെ മുനിസിപ്പല്‍ പ്രദേശങ്ങളെ ബാധിക്കുന്ന വിവാദ ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇന്നലെയാണ് കേന്ദ്രം പുറത്തിറക്കിയത്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കശ്മിരിലെയും ലഡാക്കിലെയും കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് ഇനി പാര്‍പ്പിടമോ സ്ഥിരമായ റെസിഡന്റ് സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മിരിന്റെ പ്രത്യേക അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതു തിരികെ പിടിക്കാന്‍ കശ്മിരിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒരുമിച്ച് രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നോട്ടിഫിക്കേഷന്‍ ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പുതിയ നിയമത്തെ ചോദ്യം ചെയ്തും വിമര്‍ശിച്ചും കശ്മിരിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പുതിയ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."