ശുദ്ധജല വിതരണം: പെരിന്തല്‍മണ്ണയില്‍ 16.83 കോടിയുടെ ഭരണാനുമതി
പെരിന്തല്‍മണ്ണ: നഗരസഭയില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിനായി കിഫ്ബിയിലും കേരളസര്‍ക്കാര്‍ പ്ലാന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തി 16.83 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അറിയിച്ചു. പെരിന്തല്‍മണ്ണയിലെ ജലശുദ്ധീകരണ ശാല നവീകരിക്കുന്നതിന് 48 ലക്ഷം, പമ്പ് ഹൗസില്‍ നിലവില്‍ അനുഭവിക്കുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് 95 ലക്ഷം, ചെറുകരയിലെ പമ്പ് സെറ്റ് മാറ്റിവയ്ക്കുന്നതിന് 132 ലക്ഷം തുടങ്ങിയവക്കാണ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയത്. ഇതിനുപുറമെ നഗരത്തിലെ പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1199.25 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും അനുമതി ലഭിച്ചു.
ഇവ യാഥാര്‍ഥ്യമായാല്‍ നഗരസഭാപരിധിയില്‍ നിലവില്‍ പുലാമന്തോള്‍ കട്ടുപ്പാറയിലുള്ള ശുദ്ധജല പ്ലാന്റില്‍ നിന്നും പ്രതിദിനം 55 ലക്ഷം ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്നത് 100 ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കാനും കഴിയും. പുതിയ പദ്ധതിയനുസരിച്ചുള്ള ജലവിതരണം സാധ്യമാകുന്നതോടെ കുടിവെള്ള പ്രശ്‌നത്തിന് നഗരസഭയില്‍ ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."