പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പൊളിച്ചുമാറ്റല്‍ പ്രവൃത്തി ഇന്നാരംഭിക്കും
ചെറുവത്തൂര്‍: ആയിരങ്ങള്‍ അക്ഷര മധുരം നുകര്‍ന്ന പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓടുമേഞ്ഞ കെട്ടിടം ഓര്‍മയിലേക്ക്. തെക്ക് ഭാഗത്തുള്ള കെട്ടിടം പൊളിച്ചുമാറ്റല്‍ പ്രവൃത്തി ഇന്നാരംഭിക്കും. വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അനുയോജ്യമായ കെട്ടിടം പണിയാനാണ് നിലവിലുള്ളവ പൊളിച്ചുനീക്കുന്നത്. നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ആദ്യഘട്ടത്തില്‍ പൊളിച്ചു മാറ്റുന്നത്. സ്കൂള്‍ മൈതാനിയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കും. 5.37 കോടിയുടെ കെട്ടിടസമുച്ചയമാണ് ആദ്യഘട്ടം പണിയുക. പ്രവൃത്തി ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്തത്.
ഷിഫ്റ്റ് ഏര്‍പ്പെടുത്താനായിരുന്നു ആദ്യ ആലോചന. പിന്നീട് കെട്ടിടങ്ങള്‍ ഘട്ടം ഘട്ടമായി പൊളിച്ചു മാറ്റുന്ന തീരുമാനം കൈക്കൊണ്ടു. 1924-ല്‍ മഞ്ഞരാമനെഴുത്തച്ചന് (മാണിയാട്ട്) സ്ഥാപിച്ച കുടിപ്പള്ളിക്കൂടം 1924ല്‍ ചന്തേര ബോര്‍ഡ് എലിമെന്ററി സ്കൂളായി. 1980ല്‍ ചന്തേര ഗവ. യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1987ല്‍ ഹൈസ്കൂള്‍ ചന്തേര ഗവ. യു.പി സ്കൂളായി നിലനിര്‍ത്തുകയും പിലിക്കോട് ഹൈസ്കൂളെന്ന് പുനര്‍നാമകരണം ചെയ്തു വിഭജിക്കുകയും ചെയ്തു. ഇതാണ് ഇന്നത്തെ കരിയാക്കരക്കുന്നിലെ സി. കൃഷ്ണന് നായര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. 1997ലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചത്. വികസന പ്രവൃത്തി നടക്കുമ്പോള്‍ അടുത്തകാലത്ത് പണിത അസംബ്ലി ഹാളും കെട്ടിടങ്ങളും പൊളിക്കും. ഈ ഇനത്തില്‍ കോടികളുടെ നഷ്ടമുണ്ടെങ്കിലും പുതിയ കെട്ടിടം വരുന്നതോടെ വിദ്യാലത്തിന്റെ മുഖച്ഛായ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."