ശിവശങ്കറിനെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും; വേണുഗോപാലിനെ വിളിപ്പിച്ചേക്കും
കൊച്ചി: ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യും. സ്വപ്നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ശിവശങ്കര്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ രാവിലെ 9 മണി മുതലാകും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. വൈകിട്ട് ആറ് മണിയോട് അവസാനിപ്പിക്കുകയും ചെയ്യും.
ശിവശങ്കരനെതിരെ മൊഴി നല്കിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയും ഇഡി വിളിപ്പിച്ചേക്കും. ശിവശങ്കരന് മൊഴികള്‍ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്ന കൊച്ചി ഓഫീസിലേക്ക് വേണുഗോപാലിനെ വീണ്ടും വിളിച്ച് വരുത്തുന്നത്. സ്വപ്ന, ബിനാമിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
2018 മുതല്‍ സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്നയാളാണ് ശിവശങ്കറെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താനുളള പരീക്ഷണം നടത്തിയപ്പോഴും ശിവശങ്കരന് സ്വപ്നയെ സഹായിച്ചു. സ്വര്‍ണക്കടത്തിന് പിന്നിലെ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലെന്നാണ് ഇഡി പറയുന്നത്. ഇതില്‍ നിന്നെല്ലാം ശിവശങ്കരന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."