പ്രളയശേഷം വരള്‍ച്ച: വെള്ളം കുറയുന്നത് മണ്ണിലെ ജൈവാംശം നഷ്ടമായതിനാല്‍
കണ്ണൂര്‍: ആഴ്ചകള്‍ നീണ്ട പ്രളയത്തിനു ശേഷം കടുത്ത ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്നത് മണ്ണിലെ ജൈവാംശം(ഹ്യൂമസ്) ഇല്ലാതാകുന്നതിനെ തുടര്‍ന്നാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രളയദുരിതത്തിന്റെ നാശനഷ്ടങ്ങളും അനന്തര നടപടികളും കൈക്കൊള്ളുന്നതു സംബന്ധിച്ച് സര്‍ക്കാരിന് മണ്ണ് സംരക്ഷണ വകുപ്പ് സമര്‍പ്പിക്കാനൊരുങ്ങുന്ന റിപ്പോര്‍ട്ടിലാണ് പ്രളയശേഷമുണ്ടാകുന്ന വരള്‍ച്ചയുടെ യഥാര്‍ഥ കാരണം പറയുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ഉസ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പലയിടങ്ങളിലും നീര്‍ച്ചാലുകളും കൃഷിയിടങ്ങളും വരണ്ടുണങ്ങിയ അവസ്ഥയിലായതോടെ പൊതുജനങ്ങള്‍ കടുത്ത വരള്‍ച്ച ഉണ്ടാകുമെന്ന ഭീതിയിലാണ്. അമിതജലപ്രവാഹത്തെ തുടര്‍ന്ന് മേല്‍മണ്ണിലെ ജൈവഘടകങ്ങള്‍ ഇല്ലാതാവുകയോ ഒഴുകിപ്പോവുകയോ ചെയ്തതാണ് വെള്ളം പിടിച്ചുനിര്‍ത്താനുള്ള കഴിവ് മണ്ണിന് നഷ്ടമാകാന്‍ കാരണം. ഇത്തരം സ്ഥലങ്ങളില്‍ കളിമണ്ണ് കൂടുതല്‍ അടിഞ്ഞുകൂടുകയും ചെയ്തതോടെ ഭൂമിയിലേക്ക് വെള്ളം താഴുന്നതിനു പകരം ഒഴുകി കടലിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ കൂടുതല്‍ വെള്ളം പ്രളയത്തിലൂടെ ലഭിച്ചിട്ടും ഉപകാരമില്ലാത്ത അവസ്ഥയാണുണ്ടാകുന്നത്. അടിത്തട്ടിലെ കളിമണ്ണ് മുകളിലേക്ക് എത്തുന്നതോടെ ഭൂമിക്കടിയിലേക്ക് വെള്ളവും വായുവും കടക്കുന്നത് തീര്‍ത്തും ഇല്ലാതാകുന്നു. ഫലത്തില്‍ മേല്‍മണ്ണിന്റെ ചൂട് വര്‍ധിക്കുകയും കടുത്ത വരള്‍ച്ചയിലേക്ക് ഇത് ചെന്നെത്തുകയും ചെയ്യുന്നു.
ജില്ലയിലെ മലയോരമേഖലകളിലാണ് അമിതമഴയെ തുടര്‍ന്ന് ശക്തമായ മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ വീണ്ടും വീട് നിര്‍മിക്കുന്നത് അപകടകരമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
സംസ്ഥാനത്ത് കൃത്യമായ ഭൂവിനിയോഗ ക്രമം രൂപീകരിച്ചാല്‍ ഇത്തരം അവസ്ഥകള്‍ തടയാന്‍ കഴിയുമെന്ന നിലപാടാണ് മണ്ണ് സംരക്ഷണ വകുപ്പിനുള്ളത്. അയല്‍സംസ്ഥാനങ്ങളില്‍ പോലും ഗാര്‍ഹിക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പ്രദേശം തെരഞ്ഞെടുത്ത് ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ ഏതുതരം ഭൂമിയും കൃഷിചെയ്യാനും താമസിക്കാനും ആവശ്യാനുസരണം ഉപയോഗിക്കുന്ന അവസ്ഥയാണ്. ഇത്തരം പ്രദേശങ്ങളില്‍ ദുരന്തകാലത്ത് ഉണ്ടാകുന്ന ആഘാതം വര്‍ധിക്കാനിടയാകും. ജില്ലയില്‍ ആകെ 206 ഹെക്ടര്‍ സ്ഥലത്ത് മണ്ണിടിച്ചില്‍ കാരണം കൃഷിഭൂമി നഷ്ടമായതായി കാണിച്ച് ഇന്നലെ ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫിസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൂടാതെ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പൂര്‍ത്തിയാക്കിയ 2.77 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രളയം കാരണം നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെക്ക്ഡാമുകള്‍, തോട് സംരക്ഷണപ്രവര്‍ത്തനം, നീര്‍ച്ചാലുകള്‍, കയ്യാല തുടങ്ങിയവയാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ നിര്‍മാണങ്ങള്‍. കലക്ടറേറ്റില്‍ ലഭിച്ച കണക്കുകൂടി ഇതിനൊപ്പം ചേര്‍ത്താല്‍ മാത്രമേ ജില്ലയില്‍ പ്രളയത്തില്‍ നശിച്ച കൃഷിഭൂമിയുടെ വ്യാപ്തി കൂടുതല്‍ വ്യക്തമാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."