ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി
ചെന്നൈ: തമിഴ്നാട്ടിൽ ഹൈക്കോടതി ജാമ്യം നൽകി യുവതിക്ക് 300 ദിവസം കഴിഞ്ഞിട്ടും, ജയിൽ വിടാനായില്ല. വീട്ടുകാർ ഉപേക്ഷിച്ചതും, ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമാണ് 44 കാരിയുടെ മോചനം വൈകാൻ കാരണം.രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് കേസിൽ 2013 ഒക്ടോബറിലാണ് ശിവഗംഗ സ്വദേശിയായ യുവതിയെ ജീവപര്യന്തം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചത്. വെല്ലൂരിലെ വനിതാ ജയിലിലേക്ക് മാറ്റിയ യുവതിയെ ഒരിക്കൽ പോലും സന്ദർശിക്കാൻ കുടുംബം തയ്യാറായില്ലായിരുന്നു.
2019 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം, വനിതാ തടവുകാരുടെ ജയിൽ സാഹചര്യങ്ങൾ പഠിക്കാൻ എത്തിയ അഭിഭാഷകയായ കെ.ആർ റോജ, യുവതിയെ കാണുകയും ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന വാദം അംഗീകരിച്ച ഹൈക്കോടതി, കഴിഞ്ഞ ഡിസംബർ 20ന് ശിക്ഷ മരവിപ്പിച്ച്, ജാമ്യം അനുവദിച്ചത്. 25,000 രൂപ കെട്ടിവയ്ക്കണമെന്നും രക്തബന്ധമുള്ള ആരെങ്കിലും ജാമ്യം നിൽക്കണമെന്നുമായിരുന്നു കോടതി വ്യവസ്ഥകൾ.
യുവതിയുടെ 5 സഹോദരങ്ങളെ റോജ സമീപിച്ചെങ്കിലും സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. അമ്മ ജാമ്യം നിൽക്കാൻ തയ്യാറായെങ്കിലും അച്ഛൻ വിലക്കിയത് യുവതിക്ക് തിരിച്ചടിയായി. ഇതോടെയാണ് ജയിൽമോചനം തടസപ്പെട്ടത്. ജാമ്യം കിട്ടിയ ശേഷവും കുടുംബം കൈവിട്ടതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത 24,879 തടവുകാർ രാജ്യത്തുണ്ടെന്നാണ് സുപ്രീം കോടതി സെറൻർ ഫോർ റിസർച്ച് ആൻഡ് പ്ലാനിംഗ് ഡിസംബറിൽ പുറത്തുവിട്ട കണക്ക്. കുടുംബം ഉപേക്ഷിച്ച ഇത്തരം തടവുകാരെ സഹായിക്കാൻ ബദൽ മാർഗ്ഗങ്ങൾ ഉണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യമുന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."