യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ കേസുകള്‍ പൊടിതട്ടിയെടുത്ത് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ ഒന്നൊന്നായി സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നു. ഇന്നലെ ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേസില്‍ പെട്ട മറ്റു യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് ചില നേതാക്കളുടെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിക്കാനാണ് അന്വേഷണ സംഘത്തിനു നല്‍കിയ നിര്‍ദേശം.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സോളാര്‍ കേസ് കുത്തിപ്പൊക്കാനൊരുങ്ങുന്ന പൊലിസ്,ആദ്യം ഉന്നം വയ്ക്കുന്നത് മുന്‍ മന്ത്രി എ.പി. അനില്‍കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് തന്നെ കോണ്‍ഗ്രസ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്‌തേക്കും. അതിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി. 2012 സെപ്റ്റംബര്‍ 29ന് കൊച്ചിയിലെ ആഢംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ചു കൊടുത്തു. അതോടെയാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്. പീഡന പരാതിയില്‍ ഏഴു കേസുകളാണ് നിലവിലുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുല്ല, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസുകള്‍. 2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളില്‍ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡി.ജി.പി രാജേഷ് ദിവാനും എ.ഡി.ജി.പി അനില്‍കാന്തുമൊക്കെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചെങ്കിലും അനക്കമൊന്നുമില്ലായിരുന്നു. ഇതിനിടെയാണ് രണ്ടു ദിവസം മുന്‍പ് പരാതിക്കാരിയെ വിളിച്ചുവരുത്തി എ.പി. അനില്‍കുമാറിനെതിരായ കേസില്‍ മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂര്‍ത്തിയായി. അതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരെ ചോദ്യം ചെയ്ത് മുന്നോട്ടു പോകാനാണ് ആലോചന.
ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, കെ.ബാബു എന്നിവര്‍ക്കെതിരേ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് വിജിലന്‍സ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം കൈമാറിയെന്ന ആരോപണത്തില്‍ പി.ടി.തോമസ് എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."