ഇസ്‌ലാമിക ജീവിതം നയിക്കാന്‍ രാജ്യം വിടേണ്ട സാഹചര്യമില്ല: ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: ഇന്ത്യയില്‍ മറ്റു മതസ്ഥരെ പോലെ മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കാന്‍ പ്രയാസമില്ലെന്നും ഇസ്‌ലാമിക ജീവിതത്തിനായി ആരും ഇന്ത്യ വിട്ടുപോകേണ്ടതില്ലെന്നും ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(മടവൂര്‍ വിഭാഗം) സംസ്ഥാനസമിതി, ബഹുസ്വരത-നവസലഫിസം-തീവ്രവാദം എന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ മറ്റൊരു മതം സ്വീകരിച്ചാല്‍ അയാള്‍ക്കെതിരേ നിയമപാലകരും മാധ്യമങ്ങളും രംഗത്തുവരുന്നതും ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം നിഷേധിക്കലാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍സുല്ലമി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണവും മുജീബ് റഹ്മാന്‍ കിനാലൂര്‍ വിഷയാവതരണവും നടത്തി.
ഡോ. എം.കെ.മുനീര്‍ എം.എല്‍.എ, പി.എ.മുഹമ്മദ് റിയാസ്, ഡോ. പി.ജെ.വിന്‍സെന്റ്, ഒ.അബ്ദുല്ല, എ. സജീവന്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, ബി.പി.എ.ഗഫൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."