വടക്കേ മലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ് മാളിക നാശത്തില്‍
തളിപ്പറമ്പ്: വടക്കെ മലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ് മാളികയായിരുന്ന ലക്ഷ്മീനിലയം നാഥനില്ലാതെ കാടുകയറി നശിക്കുന്നു. 75 വര്‍ഷത്തോളം പഴക്കമുള്ള തൃച്ചംബരം പൂക്കോത്ത്‌നടക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഇരുനില മാളിക ഇന്ന് സാമൂഹ്യദ്രോഹികളുടെ താവളമാണ്.
1942ലാണ് തളിപ്പറമ്പിലെ ആദ്യത്തെ അലോപതി ഡോക്ടറായിരുന്ന പി. കുഞ്ഞമ്പുനായര്‍ ഒന്നരയേക്കര്‍ പറമ്പില്‍ 3000 സ്‌ക്വയര്‍ ഫീറ്റില്‍ ലക്ഷ്മി നിലയം പണിതത്. അന്ന് ഉത്തരമലബാറില്‍ എവിടെയും കോണ്‍ക്രീറ്റ് വീടുകളുണ്ടായിരുന്നില്ല.
ഇവിടെ വീട് നിര്‍മിക്കാന്‍ പരിചയമുള്ളവര്‍ ഇല്ലാത്തതിനാല്‍ സേലം, മദ്രാസ്, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നു തൊഴിലാളികളെ തളിപ്പറമ്പില്‍ കൊണ്ടുവന്ന് താമസിപ്പിച്ചാണ് രണ്ട് വര്‍ഷത്തോളം സമയമെടുത്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണലും കുമ്മായവും ചേര്‍ത്ത മിശ്രിതമാണ് ചുമരുകളില്‍ തേച്ചിരിക്കുന്നത്. താഴെയും മുകളിലുമായി വിശാലമായ എട്ട് കിടപ്പുമുറികളും വരാന്തയുമാണ് വീട്ടിനുള്ളത്. ഒരു ബെഡ്‌റൂം ടോയ്‌ലറ്റ് സൗകര്യമുള്ളതാണ്. ജോലിക്കാര്‍ക്ക് താമസിക്കാനായി ഔട്ട്ഹൗസും പ്രത്യേകം കാര്‍ഷെഡുമുണ്ട്.
അന്നത്തെ കാലത്ത് അറ്റാച്ച്ഡ് ബാത്ത്‌റൂം ഒരു അദ്ഭുതമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. മൂത്തേടത്ത് ഹൈസ്‌കൂളിന് സമീപം ക്ലിനിക്ക് നടത്തിയിരുന്ന തളിപ്പറമ്പിലെ ജനകീയ ഡോക്ടറായിരുന്ന കുഞ്ഞമ്പുനായര്‍ 1981ല്‍ മദ്രാസിലേക്ക് പോവുകയും 86ല്‍ മരണപ്പെടുകയുമായിരുന്നു. ഇതോടെ അടച്ചുപൂട്ടിയ വീട് സാമൂഹ്യ വിരുദ്ധര്‍ കൈയടക്കുകയും സാധനങ്ങള്‍ പലതും മോഷണം പോവുകയും ചെയ്തു.
അകത്ത് മദ്യപാനികള്‍ ഉപേക്ഷിച്ച ഡിസ്‌പോസിബിള്‍ ഗ്ലാസുകളും മാലിന്യങ്ങളും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. വീട് അടച്ചുപൂട്ടി സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് സമീപവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."