ഫറോക്കില്‍ വീട്ടില്‍ പലയിടങ്ങളിലായി തീ പിടിച്ചത് പരിഭ്രാന്തി പരത്തി
ഫറോക്ക്: വീട്ടില്‍ പലയിടങ്ങളിലായി തീ ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. അപൂര്‍വ പ്രതിഭാസത്തില്‍ ഞെട്ടിത്തരിച്ച് നാട്. രാമനാട്ടുകര പരുത്തിപ്പാറ വല്ലുത്തിയില്‍ പറമ്പില്‍ മുഹമ്മദ് കോയയുടെ വീട്ടിലാണ് ആറു മണിക്കൂര്‍ നീണ്ടുനിന്ന അത്ഭുത സംഭവം. തീപിടിത്തത്തിന്റെ കാരണമറിയാതെ പൊലിസും അഗ്നിശമന സേനയും കാഴ്ചയ്ക്കാരായി നിന്നു.
പ്രളയത്തില്‍ വീടിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.30ന് തുടങ്ങിയ പ്രതിഭാസം വൈകിട്ട് ആറരയ്ക്കാണു നിന്നത്. ആദ്യം വീടിനോട് ചേര്‍ന്ന് പുറത്തു കൂട്ടിയിട്ട വിറകിനാണു തീപിടിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു. ഇതു വീടിന്റെ ജനല്‍ വാതിലിലൂടെ അകത്തേക്ക് പടര്‍ന്നു കിടപ്പുമുറിയിലെ ബെഡിനും കട്ടിലിലും തീപടര്‍ന്നു. ഇത് അണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് അകത്തു സ്റ്റയര്‍കെയ്‌സിനടിയില്‍ സ്ഥാപിച്ച പാദരക്ഷകള്‍ വയ്ക്കുന്ന റാക്കിനു തീപിടിച്ചത് കണ്ടത്.
ഇതുകഴിഞ്ഞ് അടുക്കളയില്‍ സൂക്ഷിച്ച അരിച്ചാക്കില്‍ നിന്ന് തീ ഉയര്‍ന്നു. ഇതോടൊപ്പം തന്നെ ഡൈനിങ് ഹാളിലെ ടി.വി സ്റ്റാന്‍ഡിനും ടി.വിക്കും അഗ്നിബാധയേറ്റു. പല സ്ഥലങ്ങളിലായി മിനുട്ടുകള്‍ ഇടവിട്ട് തീപിടിച്ചതിനു ശേഷം അവസാനം വര്‍ക്ക് ഏരിയയിലെ ഗ്രില്ലില്‍ തൂക്കിയിട്ട തുണിക്കാണു തീപിടിച്ചത്. തീ ഉയരുമ്പോള്‍ തന്നെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് അണച്ചത് വന്‍നാശനഷ്ടങ്ങള്‍ ഒഴിവാക്കി.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രതിഭാസം കാണാനെത്തിയത്. തീ ഉയര്‍ന്നതിനെ തുടര്‍ന്ന് ഭയവിഹ്വലരായിരിക്കുകയാണ് വീട്ടുകാര്‍.
ഇവര്‍ വീട്ടുപകരണങ്ങളെല്ലാം പുറത്തേക്കെടുത്തുവച്ച് രാത്രി വൈകിയും വീടിനു പുറത്തുനില്‍ക്കുകയാണ്. പൊലിസും അഗ്നിശമന സേനയും തീപിടിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തുന്നുണ്ട്.
പൊലിസിന്റെ സയന്റിഫിക് ഓഫിസര്‍ വി. വിനീത് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കാരണം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."