വീടുകളിലെ കവര്‍ച്ച: ബംഗ്ലാദേശ് സ്വദേശികളായ പ്രതികളെയെത്തിച്ച് തെളിവെടുത്തു
കൊച്ചി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീടുകളില്‍ മോഷണം നടത്തിയ സംഘത്തിലെ മൂന്നുപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവര്‍ ആദ്യ മോഷണം നടത്തിയ പുല്ലേപ്പടി ഇല്ലിമൂട്ടില്‍ ഇ.കെ. ഇസ്മഈലിന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
സംഘത്തിലെ പ്രധാനികളായ ഇക്രം (30), സലിം (40), മുഹമ്മദ് ഹാറൂണ്‍ (46) എന്നിവരെയാണ് ഇന്നലെ പൊലിസ് തെളിവെടുപ്പിന് എത്തിച്ചത്. കഴിഞ്ഞ ഡിസംബര്‍ 15ന് പുലര്‍ച്ചെ പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലുമാണ് കൊച്ചിയെ ഞെട്ടിച്ച കവര്‍ച്ച നടന്നത്.
രണ്ടു മോഷണത്തിനു പിന്നിലും ഒരേ സംഘമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവരടങ്ങുന്ന ആറംഗ സംഘം ഡല്‍ഹി പ്രീത് വിഹാര്‍ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മോഷണം നടത്തുന്നതിനിടെ പൊലിസ് പിടിയിലാവുകയായിരുന്നു.
പിടിയിലായ പ്രതികളില്‍ മൂന്നു പേര്‍ക്ക് കേരളത്തിലെ മോഷണവുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തൃക്കാക്കര പൊലിസ് തീഹാര്‍ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് കൊണ്ടു വരികയായിരുന്നു.
വീടുകളുടെ ജനല്‍ കുത്തിയിളക്കിയ ശേഷം അകത്തു കടന്നു വീട്ടുകാരെ കെട്ടിയിട്ടോ തോക്കു ചൂണ്ടിയോ ആണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. ആവശ്യത്തിന് പണവും സ്വര്‍ണവും കിട്ടിയാല്‍ പ്രതികള്‍ സ്ഥലം വിടും. ആകെ 11 പേരായിരുന്നു മോഷണ സംഘത്തിലുണ്ടായിരുന്നത്. അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സഹായത്തോടെ നിരീക്ഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
ആദ്യഘട്ടം നടത്തിയ അന്വേഷണങ്ങളില്‍ ജില്ലാ പൊലിസ് മേധാവി എം.പി. ദിനേശ് രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ നിന്നു മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
റോണി, അര്‍ഷാദ്, ഷേക്‌സാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിപ്പോള്‍ കാക്കനാട് സബ്ജയിലില്‍ റിമാന്‍ഡിലാണ്. ബംഗാള്‍ -ബംഗ്ലാദേശ് അതിര്‍ത്തി വഴി അനധികൃതമായി ഇടക്കിടെ ഇന്ത്യയിലെത്തുന്ന പ്രതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."