സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ലൈഫ് മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം, സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം, മത്സ്യോത്സവം തുടങ്ങിയ പരിപാടികള്‍ മെയ് 23 മുതല്‍ ജില്ലയില്‍ നടക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വാര്‍ഷികാഘോഷത്തിന് അന്തിമ രൂപം നല്‍കി. നവകേരളത്തിന്റെ നിര്‍മിതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനലൂരില്‍ നിര്‍വഹിക്കും. ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം അന്നു വൈകുന്നേരം ആറിന് ഇളമ്പള്ളൂര്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിക്കും.
വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സ്യോത്സവവും മത്സ്യ അദാലത്തും 27 മുതല്‍ 29 വരെ കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കും. 27ന് രാവിലെ 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും മത്സ്യമേഖലയിലെ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കുചേരും. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കണ്ടെത്തുന്നതിന് ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിലാണ് 27ന് അദാലത്ത് നടത്തുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജലാശയങ്ങള്‍ കയര്‍ ഭൂവസ്ത്രം കെട്ടി സംരക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മെയ് 30ന് ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളില്‍ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് നിര്‍വഹിക്കും.
നിയോജകമണ്ഡലം തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം. മുകേഷ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, സബ് കലക്ടര്‍ എസ്. ചിത്ര, സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോ, എ.ഡി.എം ഐ. അബ്ദുല്‍ സലാം, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."