അധ്യാപകരെത്തുന്നത് ജീവന്‍ പണയം വച്ച്, കിട്ടുന്നത് തുച്ഛമായ ശമ്പളം അവഗണനക്ക് അറുതിയില്ലാതെ ഏകാധ്യാപക വിദ്യാലയങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: ജീവന്‍ പണയം വച്ച് വനപാതകളിലൂടെ ദിനവും കുമഴി എന്ന വനാന്തരഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന കോളിയാടി സ്വദേശിയായ ബിജുകുമാര്‍ എന്ന അധ്യാപകനെ കാത്തിരിക്കുന്നത് ആറ് ഗോത്രവര്‍ഗ വിദ്യാര്‍ഥികളാണ്. മാഷ് വന്നില്ലെങ്കില്‍ ഇവരുടെ അന്നത്തെ പഠനം മുടങ്ങും.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി വനാന്തരഗ്രാമമായ ഇവിടെ ഈ അധ്യാപകന്‍ ദിനവും എത്താന്‍ തുടങ്ങിയിട്ട്. രാവിലെ എന്നും വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്നിട്ട് മുത്തങ്ങയില്‍ എത്തും. പിന്നീട് ആനയും കടുവയും മറ്റ് വന്യമൃഗങ്ങളും വിഹരിക്കുന്ന വനപാതയിലൂടെ മൂന്ന് കിലോമീറ്ററോളം നടക്കണം സ്‌കൂളിലെത്താന്‍. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഇവിടെ എത്തുന്ന ഈ അധ്യാപകന്റെ മാസശമ്പളം വെറും 5000 രൂപ മാത്രമാണ്. അതും നാലുമാസമായി ലഭിച്ചിട്ടുമില്ല. വല്ലപ്പോഴും ലഭിക്കുന്ന ഈ ചെറിയ ശമ്പളം കൊണ്ട് വേണം ഈ അധ്യാപകന്റെ കുടുംബം പുലര്‍ത്താന്‍. ശമ്പളം ലഭിക്കാതിരുന്നിട്ടും സ്‌കൂളിലെത്തി കുരുന്നുകള്‍ക്ക് അറിവ് പകരുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരോട് അധികൃതര്‍ കാണിക്കുന്ന കടുത്ത അവഗണനയുടെ നേര്‍സാക്ഷ്യമാണ് ഈ അധ്യാപകന്‍.
സാധാരണ കൂലിപ്പണിക്കാര്‍ക്ക് വരെ ദിനവും 500 രൂപയിലധികം വേതനം ലഭിക്കുമെന്നിരിക്കെയാണ് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ അധ്യാപകരെ ഇത്തരത്തില്‍ അവഗണിക്കുന്നത്. തങ്ങളെത്തിയില്ലെങ്കില്‍ പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്ന ഒറ്റ കാരണത്താലാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ കാടും മേടും താണ്ടി സ്‌കൂളിലെത്തുന്നത്. പ്രശ്‌ന പരിഹാരം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളെല്ലാം ഒരുപോലെയാണ്.
കോളനികളിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലധികവും വനാന്തര്‍ ഗ്രാമങ്ങളിലാണെന്നിരിക്കെ ജീവന്‍ പണയം വച്ചും അധ്യാപന ജോലി തുടരുന്ന തങ്ങളെ ഇനിയെങ്കിലും പരിഗണിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."