ആള്‍ക്കൂട്ടകൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം
രാജ്യവ്യാപകമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള സാമൂഹ്യവിഭജനത്തിന്റേയും സംശയത്തിന്റേയും അണുക്കള്‍ അവയില്‍ സജീവമായി കാണാം. മുസ്‌ലിംകളെ ഏതെങ്കിലും സാഹചര്യത്തില്‍ ഒരു കാര്യവുമായി ബന്ധപ്പെട്ടു സംശയിക്കുകയാണെങ്കില്‍ ആ സംശയത്തിനു സത്യത വരുത്തേണ്ടതു സ്വന്തം രാഷ്ട്രീയബാധ്യതയാണെന്നു കണിശത പുലര്‍ത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എവിടെയുണ്ടോ അവിടെയെല്ലാം ആള്‍ക്കൂട്ടകൊലകളുടെ അന്തരീക്ഷം ഉരുണ്ടുകൂടുന്നുവെന്നതാണു കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്തു നിലനില്‍ക്കുന്ന അവസ്ഥ.
2014 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇന്ത്യന്‍ സാമൂഹികസാഹചര്യങ്ങളുടെ അടിത്തട്ടില്‍ ചില ആസുരമായ വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നത് അനിഷേധ്യയാഥാര്‍ഥ്യമാണ്. മൃഗീയഭൂരിപക്ഷത്തോടെ സംഘകുടുംബത്തിലെ രാഷ്ട്രീയഘടകമായ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയെന്നതു തന്നെയാണ് ഈ വിപല്‍കരമായ പരിണാമത്തിന്റെ പശ്ചാത്തലകാരണം.
ഇന്ത്യന്‍ ജനാധിപത്യമെന്നതു വിജയിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തിനു പിറകോട്ടു പോകുന്നവരുടെ ആശയങ്ങള്‍ക്കുമേല്‍ ആധിപത്യം ചെലുത്താനുള്ള അവസരം സൃഷ്ടിക്കുന്നതാണ്. കേവലം 31 ശതമാനം വോട്ടു കൊണ്ട് ഇന്ത്യ അടക്കിഭരിക്കാനുള്ള അവസരം സംഘപരിവാറിനു കൈവന്നത് അത്തരത്തിലുള്ള ആധിപത്യാവസരങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. പാര്‍ലമെന്റിലെ ഭൂരിപക്ഷാംഗങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കാരാണെന്നതിനാല്‍ വോട്ടുശതമാനത്തിന്റെ കണക്കുപറച്ചില്‍ ബാലിശമായും തീര്‍ന്നു.
ബി.ജെ.പി ഇത്തരത്തില്‍ മൃഗീയഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നതു സംഘപരിവാറിനകത്തും പുറത്തുമുള്ള വര്‍ഗീയ ഹിന്ദുത്വവക്താക്കളില്‍ വലിയ വിഭാഗത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ അനുഭവമായിരുന്നു. ഇന്ത്യയെ ഒറ്റയ്ക്കു ഭരിക്കാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കു ലഭിച്ച അവസരം ഹിന്ദുത്വ തീവ്രവാദികളെ അക്രമാസക്തമായ ആവേശത്തള്ളിച്ചയില്‍ എത്തിക്കുക തന്നെ ചെയ്തു.
ജനാധിപത്യത്തിന്റെയും ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിന്റെയും വാദഗതികള്‍ ഉയര്‍ത്തുമ്പോഴും ബി.ജെ.പി നേതൃത്വത്തിന് അകത്തും പുറത്തുമുള്ള വലിയൊരു ശതമാനം തീവ്രഹിന്ദുത്വവാദികള്‍ ചിന്തിക്കുന്നത് ഈ രാഷ്ട്രത്തെ തങ്ങള്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യുവാനുള്ള അവകാശമാണു ഭരണത്തിലൂടെ കൈവന്നിരിക്കുന്നതെന്നാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഹിന്ദുത്വ ചിന്താഗതിക്കാരുടെയുള്ളില്‍ ഇത്തരം ഒരു ചിന്താഗതി ശക്തമായിത്തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഞങ്ങള്‍ ഭരിക്കുന്ന ഞങ്ങളുടെ രാഷ്ട്രത്തില്‍ ഞങ്ങള്‍ക്കു തോന്നിയതെന്തും ഞങ്ങള്‍ ചെയ്യുമെന്നും ഞങ്ങള്‍ക്കു വെറുപ്പും പകയുമുള്ള എല്ലാ വിഭാഗങ്ങളെയും ഞങ്ങള്‍ക്കു തോന്നിയപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്ന ചിന്താഗതി തീവ്രഹിന്ദുത്വവാദത്തിന്റെ അണികള്‍ക്കിടയില്‍ കത്തിപ്പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ സംഭവിച്ച വിപത്കരമായ അവബോധ പരിണാമമെന്നു മുകളില്‍ സൂചിപ്പിച്ചത് ഇത്തരത്തിലുള്ള ഏകപക്ഷീയവും വര്‍ഗീയവുമായ അക്രമാസക്തചിന്താഗതിയെക്കുറിച്ചു തന്നെയാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കു പിന്നില്‍ ഈ സാമൂഹ്യമനസിന്റെ പരിണാമം ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നതു കാണാം. ദളിതുകള്‍, മതന്യൂനപക്ഷങ്ങള്‍, പിന്നാക്ക ജനവിഭാഗങ്ങള്‍, സംഘ്പരിവാര്‍ ആശയങ്ങളുടെ വേലിക്കെട്ടുകള്‍ക്കു പുറത്തുനില്‍ക്കുന്നവര്‍ എന്നിങ്ങനെ ഹിന്ദുവര്‍ഗീയ ചിന്താഗതിക്കാര്‍ അപരന്മാരായി കണക്കാക്കുന്നവരാണു വ്യാപകമായ അക്രമങ്ങള്‍ക്ക് ഇരയായത്. മുന്‍പ് 2014 നു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍പ്പോലും കാണപ്പെടാത്ത തരത്തില്‍ കിരാതവും ഹിംസാത്മകവുമായ കൈയേറ്റങ്ങള്‍ക്കാണു മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ ഇരയായത്.
ഗോമാംസത്തിന്റെ പേരില്‍ ഗോനിന്ദയുടെ പേരില്‍ ആചാരങ്ങളുടെ പേരില്‍ പരമ്പരാഗതമായ കുലത്തൊഴിലുകളുടെ പേരില്‍ എല്ലാം മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ടു. സാമൂഹ്യവൈരുധ്യങ്ങളുടെ ആചാര,വിശ്വാസ ഭിന്നതകളും കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ എക്കാലങ്ങളിലും പല വിഷയങ്ങളെ മുന്‍നിര്‍ത്തിയും ജനവിഭാഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരസ്പരം സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്നതു ചരിത്രയാഥാര്‍ഥ്യമാണ്.
പശുവിന്റെ പേരില്‍ തന്നെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ പല ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും സവര്‍ണരും അവര്‍ണരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, അതില്‍നിന്നു സമകാലിക സംഭവങ്ങള്‍ക്കുള്ള വ്യത്യാസമാണു ശ്രദ്ധേയമായത്. ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു മുന്‍നൂറ്റാണ്ടുകളിലേതെന്നു മാത്രമല്ല അവയ്ക്കു പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ലെന്നതു തന്നെയാണു പ്രധാന വ്യത്യാസം.
ഒരു വിഭാഗം ജനങ്ങള്‍ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ഒരാളെയോ ഒരു സംഘത്തെയോ ആക്രമിക്കുമ്പോള്‍ അതിനു പ്രേരകമാകുന്ന സാമൂഹ്യ രാഷ്ട്രീയഘടകങ്ങളാണു വിലയിരുത്തപ്പെടേണ്ടത്. ജാതികലാപങ്ങളില്‍ നിന്നും വര്‍ണയുദ്ധങ്ങളില്‍ നിന്നും സമകാലിക ഇന്ത്യയിലെ ആള്‍ക്കൂട്ടകൊലകളെ കൃത്യമായി വേര്‍തിരിച്ചു നിര്‍ത്തുന്നത് സമീപകാലസംഭവങ്ങള്‍ക്കു പിന്നിലെ ഹിംസാത്മകമായി ഭീകരരൂപം പ്രാപിച്ച ഫാസിസ്റ്റ് മനോഭാവങ്ങള്‍ തന്നെയാണ്.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയങ്ങളില്‍ വേരൂന്നി സമകാലിക ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യവിഭജനത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും ബോധധാരകളാണ് ആള്‍ക്കൂട്ടകൊലപാതകങ്ങളെ മുന്‍കാല ജാതീയ കാലുഷ്യങ്ങളില്‍ നിന്നു വേറിട്ട് അടയാളപ്പെടുത്തുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നതുകൊണ്ടാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള മാധ്യമങ്ങളും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും 2014നു ശേഷം 'ആള്‍ക്കൂട്ടകൊലകള്‍-ആള്‍ക്കൂട്ടാക്രമണങ്ങള്‍' എന്ന ശൈലി വ്യാപകമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതും. തികച്ചും മോദിക്കാലത്തിന്റേതു മാത്രമായ ശൈലിയും പ്രയോഗവുമാണ് 'ആള്‍ക്കൂട്ടകൊലകള്‍-ആള്‍ക്കൂട്ടാക്രമണങ്ങള്‍' എന്നത്.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പാര്‍ലമെന്റില്‍ പറഞ്ഞത് ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ഭീകരവുമായ ആള്‍ക്കൂട്ടകൊല ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നു സിഖുകാര്‍ക്കെതിരായി നടന്നതാണെന്നാണ്. സിഖുകാര്‍ക്കെതിരേ ആക്രമണങ്ങള്‍ക്കു പിന്നിലുള്ളപോലെ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അതൊരു വൈകാരികമായ തീപിടിത്തമായിരുന്നു. എല്ലാ സംഘര്‍ഷങ്ങളെയും ആള്‍ക്കൂട്ടാതിക്രമങ്ങളെയും ഒരേയിനത്തില്‍ പെടുത്തുകയാണെങ്കില്‍ 2002 ലെ ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ ഇന്ത്യയില്‍ അരങ്ങേറിയ എല്ലാ കലാപങ്ങളെയും അത്തരത്തില്‍ വിശേഷിപ്പിക്കേണ്ടിവരും.
കലാപങ്ങളുടെ ചരിത്രത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ തമ്മിലുള്ള കായികവും ശാരീരികവുമായ പോരാട്ടങ്ങള്‍ കാണാം. എന്നാല്‍, നിസ്സഹായരായ ഒന്നോ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കുമേല്‍ തീര്‍ത്തും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ ഒരുവിഭാഗമാളുകള്‍ നടത്തുന്ന ഹിംസാത്മക ആക്രമണങ്ങളാണു മോദിക്കാലത്തെ ആള്‍ക്കൂട്ടകൊലകളില്‍ ഉള്ളടങ്ങുന്നത്. ഏതാണ്ടു 39 പേര്‍ 2014നു ശേഷം ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ടകൊലകളില്‍ ജീവഹാനിക്കിരയായെന്നതു കേവലാര്‍ഥത്തിലുള്ള കണക്കു മാത്രമാണ്. കൃത്യമായ ഒരു കണക്കു ലഭ്യമല്ലെന്നതും ഇനി ലഭ്യമാവുകയില്ലെന്നതുമാണു യാഥാര്‍ഥ്യം.
വ്യാജാരോപണങ്ങള്‍ പടച്ചുണ്ടാക്കുകയും അവയ്ക്കു വ്യാപകമായ പ്രചാരണം നല്‍കുകയും അത്തരം പ്രചാരണങ്ങള്‍ക്കു വിധേയമായി വര്‍ഗീയാവേശത്തള്ളിച്ചയില്‍ അകപ്പെടുന്നവര്‍ സംഘടിക്കുകും ചെയ്ത് ഇരയ്ക്കു മേല്‍ ചാടി വീഴുന്ന പ്രവണത 2014നു ശേഷമുള്ള എല്ലാ ആള്‍ക്കൂട്ടകൊലകളിലും കാണാം. കലാപങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും പ്ലാന്‍ ചെയ്തു നടപ്പിലാക്കുന്നവയാണെങ്കില്‍ സമീപകാലസംഭവങ്ങളില്‍ ഒട്ടുമിക്കതും പെട്ടെന്ന് ഉരുണ്ടുകൂടുന്ന കാലുഷ്യങ്ങളാണെന്ന വ്യത്യാസമുണ്ട്. പശുവിറച്ചി സൂക്ഷിച്ചുവെന്ന പേരില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ സംഘികള്‍ കൂട്ടക്കൊല ചെയ്തപ്പോള്‍ സംഭവിച്ചത് അതാണ്.
സമീപവാസിയായ സംഘപരിവാര്‍ പ്രവര്‍ത്തകനു മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് ഇറച്ചി വേവുന്ന മണം കിട്ടുകയും അയാളെ അത് അസ്വസ്ഥമാക്കുകയും അയാള്‍ തന്റെ അസ്വസ്ഥത മറ്റൊരു സംഘിയിലേയ്ക്കു പകരുകയും ചെയ്തതായി ആ സംഭവത്തിനു പിന്നിലൊരു പശ്ചാത്തല സംഭവമുണ്ട്. ഉനയിലെ ദളിത് യുവാക്കള്‍ക്കു നേരേയുണ്ടായ ആക്രമണത്തിലും ഒരു വ്യക്തിയില്‍നിന്ന് ഊഹം ജനിക്കുകയും ആ ഊഹത്തിന്റെ രോഗാണുക്കള്‍ മറ്റു പലരിലേയ്ക്കും മാരകമായ വിധത്തില്‍ പടരുകയും ചെയ്ത അനുഭവം കാണാം. ആ പ്രദേശത്തു തന്നെ നൂറ്റാണ്ടുകളായി ജീവിച്ചുവന്നിരുന്നവരും ചത്ത പശുവിന്റെ തൊലിയെടുക്കല്‍ പോലുള്ള കുലവൃത്തികള്‍ അക്കാലംവരെയും ചെയ്തുവന്നവരുമായ ഗോത്രത്തില്‍പ്പെട്ട യുവാക്കളാണ് ഉനയില്‍ ആക്രമണത്തിനിരയായത്.
ആള്‍ക്കൂട്ടകൊലകളെല്ലാം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ നടന്നവയാകണമെന്നില്ല. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ പലതിലും ആള്‍ക്കൂട്ടത്തിലെ അവസാനത്തെ വ്യക്തി വരെയും തന്റെ വിക്ഷുബ്ധമായ മൃഗീയവികാരത്തിലെ അവസാന കണികയെത്തും വരെ ഇരയെ കായികമായി കൈകാര്യം ചെയ്യുകയും അവസാനം ഇരയെ അര്‍ധപ്രാണനോടെയോ നേരിയ മിടിപ്പു മാത്രമായോ കണ്ടെത്തുകയുമാണുണ്ടായിട്ടുള്ളത്. ഏറെ കോളിളക്കമുണ്ടാക്കിയ ഉനയിലെ ദളിത് പീഡനത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ആ പരിധിവരെ എത്താതിരുന്നതുകൊണ്ടു മാത്രമാണു ദളിത് യുവാക്കള്‍ ജീവനോടെ ശേഷിച്ചത്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സംഭവിച്ച പൊതുവായ ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ചതായി കാണാം. 1, വര്‍ഗീയവും വംശീയവുമായ അധമവികാരവും വിദ്വേഷവും അസഹിഷ്ണുതയും. 2, നുണയുടെ അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഊഹങ്ങളും ദുഷ്പ്രചരണങ്ങളും. 3, സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി ആള്‍ക്കൂട്ട രൂപീകരണം സാധ്യമാക്കല്‍.
ഇതില്‍ ഒന്നാമതു പറഞ്ഞ ഘടകത്തിനു മോദി അധികാരത്തിലെത്തിയ ശേഷം നിലവില്‍ വന്ന സാമൂഹ്യവിഭജന ബോധത്തിനു വ്യക്തമായ പങ്കാളിത്തമുണ്ട്. ഇരകളില്‍ ഏറിയപങ്കും മുസ്‌ലിംകളും ശേഷിച്ചവര്‍ ദളിത്-പിന്നാക്ക പശ്ചാത്തലങ്ങളുള്ളവരുമാണ്. എന്നാല്‍, ഭീതിതമായ യാഥാര്‍ഥ്യം ഭൂരിപക്ഷം മുസ്‌ലിം ഇരകളാണെന്നതാണ്. തെറ്റിദ്ധാരണയുടെ പുറത്ത് അബദ്ധത്തിലെങ്ങാനും സംഭവിച്ചതായിരുന്നുവെങ്കില്‍ ഇരകളില്‍ ഒരു സവര്‍ണനെങ്കിലും കാണുമായിരുന്നു. മാത്രവുമല്ല സംഘപരിവാര്‍ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യുന്നവരാരും ഇരകളുടെ കൂട്ടത്തിലില്ലെന്നതും ശ്രദ്ധേയമാണ്.
ആള്‍ക്കൂട്ടാതിക്രമങ്ങളില്‍ നിന്നു വര്‍ഗീയവാദികള്‍ക്കു പരിരക്ഷ നല്‍കുന്നതില്‍ സംഘപരിവാര്‍ മേല്‍വിലാസം സുരക്ഷാകവചമായി വര്‍ത്തിക്കുന്നുണ്ടെന്നര്‍ഥം. ഇത്തരം സംഭവങ്ങള്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നു വന്നിട്ടുമുണ്ട്. ഗ്രാമീണര്‍ പിടികൂടി പൊലിസിലേല്‍പ്പിക്കുന്നവര്‍ സംഘപരിവാര്‍ ഘടകങ്ങളിലെ പ്രവര്‍ത്തകരാണെന്നു വിവരം കിട്ടുമ്പോള്‍ നിരുപാധികം വിട്ടയച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിലെ പൊഹ്‌ലുഖാനെ തല്ലിക്കൊന്നതിനു സമാനമായ സാഹചര്യത്തില്‍ പശുക്കളോടൊപ്പം ഗോരക്ഷകരുടെ പിടിയിലായ ചിലര്‍ തങ്ങള്‍ ബജ്‌രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകരാണെന്നു പറഞ്ഞപ്പോള്‍ വെറുതെ വിടുകയായിരുന്നു.
മുസ്‌ലിംകളെയും ദളിതുകളെയും പശുക്കള്‍ക്കൊപ്പം കണ്ടാല്‍ ആ പശുവിനെ കൊല്ലാനുള്ളതായിരിക്കുമെന്നും സംഘ്പരിവാറുകളുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നീക്കമുണ്ടാവില്ലെന്നുമുള്ള രാഷ്ട്രീയ മുന്‍വിധിയാണിവിടെ പ്രവര്‍ത്തിക്കുന്നതെന്നു കാണാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും നൂറ്റാണ്ടുകളായി പശുവളര്‍ത്തല്‍ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായി അവലംബിച്ചുവരുന്ന വലിയൊരു വിഭാഗം മുസ്‌ലിംകളും ദളിതരുമുണ്ട്. ഇക്കാര്യം ആ പ്രദേശങ്ങളിലെ സംഘ്പരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും നന്നായറിയാം. എന്നാല്‍, നേരത്തെ സൂചിപ്പിച്ച വിഭജിതവും വിപല്‍ക്കരവുമായ സാമൂഹ്യബോധത്തിന്റെ ദുസ്വാധീനം എല്ലാ മുന്‍പരിചയങ്ങളെയും വിസ്മരിക്കാന്‍ വര്‍ഗീയവാദികളെ നിര്‍ബന്ധിക്കയാണ്.
എല്ലാ ആള്‍ക്കൂട്ടകൊലകളുടെയും ആദ്യബിന്ദു ഒരു വ്യക്തിയില്‍നിന്നു പുറത്തുവരുന്ന നുണയായിരിക്കാറാണു പതിവ്. ഈ നുണയെ പിന്നീട് ആള്‍ക്കൂട്ടം ഏറ്റെടുക്കും. ഒന്നില്‍ നിന്നു പത്തു പേരിലേയ്‌ക്കെത്തുമ്പോള്‍ ഇത്തരം നുണകള്‍ ഭീമാകാരം പൂണ്ടിരിക്കും. ഉനയിലെ ദളിതുകള്‍ പശുവിനെ ജീവനോടെ പിടികൂടി കൊന്നാണു തൊലിയുരിക്കുന്നതെന്നായിരുന്നു ആദ്യം പ്രചരിപ്പിച്ച നുണ. ഗോരക്ഷകരെ പ്രകോപിതരാക്കി രംഗത്തിറക്കിയത് ഈ നുണയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആള്‍ക്കൂട്ടകൊലകളില്‍ പശുവുമായി ബന്ധപ്പെട്ടവയിലും അല്ലാത്തവയിലും കൃത്യമായ നിയമലംഘനം ഇരകളുടെ ഭാഗത്തുനിന്നുണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
പശുവില്‍പ്പനയ്ക്കു ലൈസന്‍സുള്ള വ്യക്തികളും കശാപ്പിനല്ലാതെ കാര്‍ഷികാവശ്യത്തിനു പശുക്കളെ ക്രയവിക്രയം ചെയ്യുന്നതിനു നിയമതടസമില്ലാത്തവരും അക്രമിക്കപ്പെട്ടവരിലുണ്ട്. പശുമാംസം കണ്ടെത്തിയെന്ന പേരില്‍ നടന്ന ഏഴോളം കൊലകളില്‍ ഒന്നില്‍പ്പോലും മാംസം കണ്ടെന്നു പൊലിസ് രേഖകളില്‍ വന്നിട്ടില്ല. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയെന്നു പറയുന്ന മാംസത്തെക്കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെയും ശരിയാംവിധം പുറത്തുവന്നിട്ടില്ല. ആദ്യം ആട്ടിറച്ചിയാണെന്നു പറഞ്ഞ പൊലിസു തന്നെ പിന്നീടു മാട്ടിറച്ചിയെന്നു തിരുത്തിപ്പറഞ്ഞു. എല്ലാ ആള്‍ക്കൂട്ടകൊലകളിലും പൊതുവായി സംഭവിക്കുന്നത് ഇതാണ്. അക്രമത്തെയും അക്രമികളെയും ന്യായീകരിക്കാനായി പൊലിസ് എഫ്.ഐ.ആറിലും രേഖകളിലും നുണകളെഴുതി പിടിപ്പിക്കേണ്ടി വരുന്നു. പൊലിസുകാര്‍ക്കാവട്ടെ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മറ്റു നിര്‍വാഹവുമില്ല.
അതുകൊണ്ടുതന്നെ, നുണകളില്‍ നിന്നാരംഭിക്കുന്ന ആള്‍ക്കൂട്ടകൊലകള്‍ നുണകളിലൂടെ വികസിച്ചും പരിണമിച്ചും സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തപ്പെടുകയും അതിന്റെയടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയും ചെയ്യുന്നു. സമീപകാല സംഭവങ്ങളില്‍ പലതിലും വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാ ഉപാധികള്‍ വളരെയധികം ഉപയോഗിക്കപ്പെട്ടതു കാണാം. പെട്ടെന്നു നുണകള്‍ വ്യാപിക്കാനും ആള്‍ക്കൂട്ടത്തെ രൂപപ്പെടുത്തുവാനും കൈമാറ്റം ചെയ്യപ്പെടുന്ന നുണകള്‍ക്കു സത്യവല്‍ക്കരണസ്വഭാവം കൈവരുത്താനും വിനിയോഗിക്കപ്പെടുന്നതു നവമാധ്യമങ്ങള്‍ തന്നെയാണ്. ആള്‍ക്കൂട്ടകൊലകള്‍ പെരുകുന്നതിനുള്ള പ്രധാനകാരണമായി സമൂഹമാധ്യമങ്ങളുടെ ദുര്‍വിനിയോഗം തിരിച്ചറിയപ്പെട്ടതിന്റെ ഫലമായാണിപ്പോള്‍ ആ രംഗത്തു നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച സജീവമായത്.
സംഘപരിവാര്‍ അജണ്ടകള്‍ക്കു പുറത്തുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടും ആള്‍ക്കൂട്ടകൊലകള്‍ നടക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവരെന്നാരോപിച്ചും അധാര്‍മികപ്രവൃത്തികള്‍ ചെയ്യുന്നവരെന്നു ചിത്രീകരിച്ചുമെല്ലാം ഒറ്റപ്പെട്ട വ്യക്തികളും ഒന്നോ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന സംഘങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. ഇവിടെയും ഊഹവും നുണയും തന്നെയാണ് അടിത്തറയായി വര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി അത്തരം നുണകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നു. കര്‍ണാടകയില്‍ വിനോദസഞ്ചാരികളായ ചെറുപ്പക്കാര്‍ അക്രമിക്കപ്പെട്ട സംഭവമോര്‍ക്കുക. ഇത്തരം സംഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അതിലും വര്‍ഗീയതയുടെ വിഷസര്‍പ്പത്തിന്റെ നിഴല്‍ കാണാവുന്നതാണ്.
മൊത്തത്തില്‍, രാജ്യവ്യാപകമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള സാമൂഹ്യവിഭജനത്തിന്റേയും സംശയത്തിന്റേയും അണുക്കള്‍ അവയില്‍ സജീവമായി കാണാം. മുസ്‌ലിംകളെ ഏതെങ്കിലും സാഹചര്യത്തില്‍ ഒരു കാര്യവുമായി ബന്ധപ്പെട്ടു സംശയിക്കുകയാണെങ്കില്‍ ആ സംശയത്തിനു സത്യത വരുത്തേണ്ടതു സ്വന്തം രാഷ്ട്രീയബാധ്യതയാണെന്നു കണിശത പുലര്‍ത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എവിടെയുണ്ടോ അവിടെയെല്ലാം ആള്‍ക്കൂട്ടകൊലകളുടെ അന്തരീക്ഷം ഉരുണ്ടുകൂടുന്നുവെന്നതാണു കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്തു നിലനില്‍ക്കുന്ന അവസ്ഥ. ഗുരുതരമായ ഈ സാമൂഹ്യ-സാംസ്‌കാരിക വിപത്തിനെക്കുറിച്ച് ഇന്നാള്‍വരെയും മൗനംപാലിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് ഈ വിഷത്തെ ഗൗരവത്തിലെടുത്തു എന്നു തോന്നിപ്പിക്കുമാറ് അന്വേഷണസമിതിയെ നിശ്ചയിച്ചത്.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഇതൊരു വിഷയമായി ഉന്നയിച്ചതുകൊണ്ടു മാത്രമല്ല വൈകിയുള്ള ഈ നീക്കം. രാജ്യത്തിനകത്തും പുറത്തും വിദേശമാധ്യമങ്ങളിലും ആള്‍ക്കൂട്ടകൊല ചൂടുള്ളതും സജീവവുമായ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന യാഥാര്‍ഥ്യം മോദിയെയും സംഘത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയവും അതു തന്നെയായിരിക്കുമെന്നു സംഘ്പരിവാര്‍ നേതൃത്വം വൈകിയാണെങ്കിലും മനസിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."