ജില്ലാ ആശുപത്രി ഫാര്‍മസിയിലെ ടോക്കണ്‍ സമ്പ്രദായം പുനരാരംഭിക്കും
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് കൊടിയ ദുരിതം സമ്മാനിച്ച് പ്രവര്‍ത്തന രഹിതമായി കിടന്നിരുന്ന ഫാര്‍മസിയിലെ ഇലക്‌ട്രോണിക്‌സ് ടോക്കണ്‍ സമ്പ്രദായം പുനരാരംഭിക്കാന്‍ തീരുമാനം.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ നടന്ന ആശുപത്രി വികസന സമിതി യോഗം സുപ്രധാനമായ തീരുമാനം കൈകൊണ്ടത്. ദിനംപ്രതി നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്ന് ലഭിക്കണമെങ്കില്‍ വലിയ ദുരിതം അനുഭവിക്കണമായിരുന്നു.
ഒരു വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ഇലക്‌ട്രോണിക്‌സ് ടോക്കണ്‍ സമ്പ്രദായം ജനങ്ങള്‍ക്ക് വലിയ ആശ്വാസവുമായിരുന്നു. ഇതിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത് സുപ്രഭാതമാണ് പുറത്ത് കൊണ്ടുവന്നത്.
ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ യോഗം തീരുമാനമെടുത്തു. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി.
നഴ്‌സിങ് ജീവനക്കാര്‍ക്ക് 150 രൂപയും, മറ്റ് ജീവനക്കാര്‍ക്ക് 100 രൂപയുമാണ് വര്‍ധിപ്പിച്ച് നല്‍കുക. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, മേരി തോമാസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ജിജോ കുരിയന്‍, പി.എന്‍ സുരേന്ദ്രന്‍, ജോണി ചിറ്റിലപ്പിള്ളി, എം.എ വേലായുധന്‍, വി.സി ജോസഫ്, ഹംസ നാരോത്ത്, സൂപ്രണ്ട് ഡോ: കെ.ജെ റീന തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."