രാജ്യത്തെ അത്യാധുനിക ട്രെയിന്‍ മുംബൈ-ഗോവ റൂട്ടില്‍ സര്‍വിസ് തുടങ്ങി
മുംബൈ: പാളത്തിലൂടെ ഓടുന്ന വിമാനം എന്നാണ് ഇന്ത്യയുടെ അത്യാധുനിക ട്രെയിനിനെ വിശേഷിപ്പിക്കേണ്ടത്. കാരണം അത്രയും അത്യാഡംബര സജ്ജീകരണങ്ങളൊരുക്കിയതാണ് ഇത്. ഇന്നലെ മുംബൈ ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്ന് ഗോവയിലേക്ക് കന്നിയോട്ടം നടത്തിയ ട്രെയിന്‍ രാജ്യത്തെ ഏറ്റവും മുന്തിയ ട്രെയിനാണ്. മാത്രമല്ല രാജ്യത്ത് സര്‍വിസ് നടത്തുന്ന ഏറ്റവും വേഗതയുള്ള ട്രെയിനുമാണ് . ഇന്നലെ വൈകുന്നേരം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് യാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്.
ജര്‍മനിയില്‍ നിര്‍മിച്ച കോച്ചുകളാണ് ട്രെയിനിനുള്ളത്. എല്‍.ഇ.ഡി സ്ക്രീന്‍, കോഫി വെന്‍ഡിങ് മെഷിന്, വൈഫൈ സൗകര്യം എന്നിവയുണ്ട്. 56 പേര്‍ക്ക് ഇരിക്കാവുന്ന എക്സിക്യൂട്ടീവ് കോച്ച് ഉള്‍പ്പെടെ 13 കോച്ചുകളുണ്ട്. വാതിലുകള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ നിയന്ത്രിക്കുന്നതാണ്. എല്ലാ കോച്ചുകളിലും സി.സി.ടി.വി കാമറകള്‍, അഗ്നി ശമന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എക്സിക്യൂട്ടിവ് ക്ലാസിന് ഭക്ഷണം അടക്കം 2,680 രൂപയാണ് ഒരാള്‍ക്ക് വരുന്ന ചെലവ്. ഭക്ഷണമില്ലെങ്കില്‍ 2,525 രൂപയാണ്. എ.സി ചെയര്‍ കാറിന് ഭക്ഷണത്തോടുകൂടി 1,280 രൂപയും ഭക്ഷണമില്ലാതെ 1,155 രൂപയുമാണ് ചാര്‍ജ്. ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്ക്കുള്ളതിനേക്കാള് ചെലവ് കുറവാണ് ഇതിലെ യാത്രക്ക്. മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓരോ കോച്ചുകള്‍ക്കും 3.25 കോടി രൂപയാണ് ചെലവ് .
മുംബൈ-ഗോവ റൂട്ടില്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് ട്രെയിന്‍ സര്‍വിസ് നടത്തുക. മണ്‍സൂണ്‍ കാലത്ത് ആഴ്ചയില്‍ മൂന്ന് ദിവസമാക്കി സര്‍വിസ് ചുരുക്കുമെന്ന് സെന്‍ട്രല്‍ റെയില്‍ വക്താവ് ഡി.കെ ശര്‍മ പറഞ്ഞു. ഡല്‍ഹി-ചണ്ഡിഗഡ്, സൂറത്ത്-മുംബൈ സര്‍വിസുകളും ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."