ഹൗസ് സര്‍ജന്‍മാരുടെയും പി.ജി വിദ്യാര്‍ഥികളുടെയും സ്റ്റൈപന്‍ഡ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ഡെന്റല്‍ കോളജുകളിലെയും പി.ജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും സ്റ്റൈപന്‍ഡ് വര്‍ധിപ്പിച്ചു.
മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാര്‍ക്ക് 5,000 രൂപ വര്‍ധിപ്പിച്ച് 25,000 രൂപയാക്കി. മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 10,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒന്നാംവര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 53,000 രൂപയും രണ്ടാംവര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 54,000 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 55,000 രൂപയും സ്റ്റൈപന്‍ഡായി ലഭിക്കും.
മെഡിക്കല്‍ പി.ജി ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്കും 10,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഒന്നാംവര്‍ഷ പി.ജി ഡിപ്ലോമ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 53,000 രൂപയും രണ്ടാംവര്‍ഷ പി.ജി ഡിപ്ലോമ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 54,000 രൂപയും ലഭിക്കും.
മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി ഒന്നാംവര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 16,000 രൂപ വര്‍ധിപ്പിച്ച് 63,000 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 17,000 രൂപ വര്‍ധിപ്പിച്ച് 65,000 രൂപയും മൂന്നാംവര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 18,000 രൂപ വര്‍ധിപ്പിച്ച് 67,000 രൂപയുമാക്കി.
മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ നോണ്‍ അക്കാദമിക് വിഭാഗത്തില്‍ ബോണ്ട് വ്യവസ്ഥയിലുള്ള സീനിയര്‍ റസിഡന്റുമാരുടെ സ്റ്റൈപന്‍ഡ് 20,000 രൂപ വര്‍ധിപ്പിച്ച് 70,000 രൂപയുമാക്കിയിട്ടുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജൂനിയര്‍ റെസിഡന്റുമാര്‍ക്കുള്ള (എം.ബി.ബി.എസ്) പ്രതിഫലം 35,000 രൂപയില്‍ നിന്ന് 42,000 രൂപയായും വര്‍ധിപ്പിച്ചു. 2015ന് ശേഷം ഇതാദ്യമായാണ് ഇവരുടെ സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സ്റ്റൈപന്‍ഡ് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ഒ.പിയും കിടത്തിചികിത്സയും ബഹിഷ്‌കരിക്കുമെന്നും അത്യാഹിത വിഭാഗം, ഐ.സിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും സമരാനുകൂലികള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയും സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."