ട്രെയിന്‍ യാത്രക്കാരുടെ ദുരിതം തീരുന്നില്ല; ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടിനോട് അവഗണന തന്നെ
കോഴിക്കോട്: ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഉച്ചക്ക് ശേഷം പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് പ്രയാസമാവുന്നത്. ഓഫിസുകളും സ്‌കൂളുകളും വിടുന്ന, യാത്രാ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ ഈ റൂട്ടില്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ല. ഷൊര്‍ണൂരിന് ശേഷം പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി, ഫറോക്ക് തുടങ്ങിയ സ്‌റ്റേഷനുകളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകളെ ആശ്രയിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ പലപ്പോഴും വൈകി ഓടുന്നത് കാരണം ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
വൈകീട്ട് നാലിന് നിലവില്‍ 56651 പാസഞ്ചര്‍ ട്രെയിനാണ് ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വിസ് നടത്തുന്നത്. ദീര്‍ഘദൂര വണ്ടികള്‍ക്കായും മറ്റും വിവിധ സ്‌റ്റേഷനുകളില്‍ ഇത് പിടിച്ചിടുന്നത് പതിവാണ്. ഇതുകാരണം മണിക്കൂറുകള്‍ വൈകിയാണ് ഈ വണ്ടി പലപ്പോഴും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നത്.
ഷൊര്‍ണൂരില്‍ നിന്ന് ഉച്ചക്ക് മംഗളൂരുവിലേക്കുള്ള എഗ്്‌മോര്‍ എക്‌സ്പ്രസും പരശുറാം എക്‌സ്പ്രസും കഴിഞ്ഞാല്‍ കുടുതല്‍ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുള്ള ട്രെയിനും ഈ പാസഞ്ചര്‍ വണ്ടി മാത്രമാണ്. ഉച്ചക്ക് 1.50 ന് പുറപ്പെടുന്ന എഗ്്‌മോര്‍ എക്‌സ്പ്രസും 2.05 ന് പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസും പോയതിനു ശേഷം ഈ റൂട്ടു വഴി കോഴിക്കോട് ഭാഗത്തേക്ക് കടന്നു പോകുന്ന ആദ്യത്തെ ട്രെയിന്‍ കൂടിയാണ് ഈ പാസഞ്ചര്‍. പരശുവും എഗ്്‌മോറും നാലു മണിക്ക് മുന്‍പ് കോഴിക്കോട് എത്തുന്നതിനാല്‍ ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ വണ്ടി ഉപകാരപ്പെടാറില്ല. മണ്‍സൂണ്‍ അല്ലാത്ത സമയങ്ങളില്‍ എറണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസായിരുന്നു പലരുടെയും ആശ്രയം. മണ്‍സൂണ്‍ സമയം ആരംഭിച്ചതിനാല്‍ നിലവില്‍ 2.50ന് തന്നെ മംഗള കോഴിക്കോട് എത്തിച്ചേരും 4.30ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസുണ്ടെങ്കിലും സ്‌റ്റോപ്പുകള്‍ കുറവായതും ജനറല്‍ കോച്ചുകള്‍ ഇല്ലാത്തതും സീസണ്‍ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനവുമില്ല.
ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ഒരു പാസഞ്ചര്‍ ട്രെയിനെങ്കിലും ഷെര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ സര്‍വിസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയിലെ യാത്രാ ദുരിതത്തിന് ഒരളവോളം പരിഹാരമാവും. കോഴിക്കോട് നിന്ന് മംഗളൂരുവിലേക്ക് വൈകീട്ട് അഞ്ചിന് മാത്രം പുറപ്പെടുന്ന ചെന്നൈ എഗ്്‌മോര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ സമയം പുനഃക്രമീകരിച്ചാലും യാത്രക്കാര്‍ക്ക് ഗുണകരമാകും. നിലവില്‍ 3.50ന് കോഴിക്കോട് എത്തുന്ന എഗ്്‌മോര്‍ എക്‌സ്പ്രസ് കോഴിക്കോട് സ്‌റ്റേഷനില്‍ ഒരു മണിക്കൂറിലധികമാണ് നിര്‍ത്തിയിടുന്നത്. വൈകീട്ട് അഞ്ചിനാണ് ഈ വണ്ടി ഇവിടെ നിന്നും പുറപ്പെടുന്നത്. ഈ വണ്ടി കോഴിക്കോട് നിര്‍ത്തിയിടുന്ന ഒരു മണിക്കൂര്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടാല്‍ നിലവില്‍ കുറ്റിപ്പുറത്തിനും കോഴിക്കോടിനുമിടയിലെ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും. തൃശ്ശൂര്‍ -കോഴിക്കോട് പാസഞ്ചര്‍ മൂന്ന് മണിക്ക് തൃശ്ശൂരില്‍ നിന്ന് പുറപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിക്കുക, കോയമ്പത്തൂര്‍ -പാസഞ്ചര്‍ കൃത്യ സമയത്ത് സര്‍വിസ് നടത്തുക, മെമു സര്‍വിസ് ജനോപകാരപ്രദമായ രീതിയില്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."