ഉഷ്ണരാശി: എഴുതപ്പെടാതെ പോയ ജീവിതങ്ങളുടെ വീണ്ടെടുക്കല്‍
എഴുതപ്പെട്ട വിപ്ലവചരിത്രങ്ങളുടെ സ്ഥൂലമായ കമാനങ്ങളില്‍ വാര്‍ത്തുവെച്ച ചോരതുടിക്കുന്ന പേരുകള്‍ പുന്നപ്രവയലാര്‍ സമര ചരിത്രം പഠിക്കുന്നവര്‍ക്കു പെട്ടെന്നു കണ്ടെത്താനായേക്കും. പക്ഷേ പതിനായിരങ്ങളാണു സര്‍ സി.പിയുടെ പട്ടാളത്തിനുനേരേ വാരിക്കുന്തങ്ങളുമായി പടവെട്ടിയത്. കീഴാളത്തൊഴിലാളികളുടെ അസ്ഥികളുറങ്ങിക്കിടക്കുന്ന മൊറാഴ, തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍, കൊച്ചി മുഴുക്കൈ, പുന്നപ്ര, കാട്ടൂര്‍, വയലാര്‍, ഒളതല, മേനാശ്ശേരി, കരിവെള്ളൂര്‍, കാവുമ്പായി, ഓഞ്ചിയം തുടങ്ങിയ ഗ്രാമങ്ങളുടെ മണ്ണിനടിയിലേയ്ക്കു ചരിത്രം അത്രയേറെ ആഴത്തില്‍ ഇറങ്ങിയിട്ടില്ല.
വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവല്‍ പുന്നപ്രവയലാര്‍ സമരത്തിന്റെ ചോരകലങ്ങിയ കാലജലത്തിലെ വന്മീനുകള്‍ക്കൊപ്പം ചെറുമീനുകളെയും വിട്ടുകളയുന്നില്ല.
തിരുവിതാംകൂറിന്റെ ഭാഷയിലൂടെ, കീഴാള ജീവിതത്തിലൂടെ കാലം പുനഃസൃഷ്ടിക്കപ്പെടുന്നു. ചരിത്രം വെറുതെ അക്കവും തിയതിയുമിട്ടു പറയുകയല്ല, കലയുടെ എല്ലാ സാധ്യതയും ഉപയോഗിച്ചു സ്വാതന്ത്ര്യപൂര്‍വ കാര്‍ഷികകേരളത്തിന്റെ, ജന്മിത്തം കൊടികുത്തിവാണ ചൂഷണ കേരളത്തിന്റെ, മണ്ണില്‍ പണിയെടുക്കുന്നവനെ അതേ മണ്ണില്‍ നിഷ്‌ക്കരുണം കൊന്നുകുഴിച്ചുമൂടിയ നെറികെട്ട കാലത്തിന്റെ പുലരികളെയും നട്ടുച്ചകളെയും സായന്തനങ്ങളെയും വരച്ചുചേര്‍ക്കുകയാണു നോവലിസ്റ്റ് ചെയ്തിരിക്കുന്നത്.
പുന്നപ്ര വയലാര്‍ സമരത്തില്‍ രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ മരിച്ചുവെന്നു ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടെന്നു ചരിത്രകാരന്‍ റോബിന്‍ ജെഫ്രി എഴുതിയിരിക്കുന്നതിനെക്കുറിച്ചു നോവലില്‍ പറയുന്നുണ്ട്.
പക്ഷേ, മരണം വെറും അഞ്ഞൂറായി ചുരുക്കിയ ചരിത്രമാണു നമ്മുടെ മുന്‍പിലുണ്ട്. തോക്കുമായി പത്മവ്യൂഹം ചമച്ച സര്‍ സി.പി.യുടെ പട്ടാളത്തെ വാരിക്കുന്തങ്ങള്‍കൊണ്ടു നേരിട്ട നിസ്വരായ 7000 ത്തോളം തൊഴിലാളികളുടെ മൃതശരീരങ്ങളെ കഴുകനും പരുന്തും കടിച്ചുപറിച്ച കഥയറിയണമെങ്കില്‍ പുന്നപ്രയിലെയും വയലാറിലെയും പച്ചമണ്ണില്‍ കാലിലെ പെരുവിരല്‍കൊണ്ടൊന്നു തോണ്ടിയാല്‍ മതി. രക്തംചിന്തിമരിച്ചവരുടെ എല്ലിന്‍ കഷ്ണങ്ങള്‍ വാരിക്കുന്തങ്ങള്‍പോലെ ഉയര്‍ന്നുവരും.
എഴുതപ്പെടാതെപോയ പ്രാദേശിക ജീവിതങ്ങളിലൂടെയുള്ള ഇതിഹാസ സമാനമായ ഒരു യാത്രയാണ് 'ഉഷ്ണരാശി' എന്ന നോവല്‍. സത്യസന്ധനായ കമ്മ്യൂണിസ്റ്റു നേതാവായ സത്യദാസിന്റെ മകള്‍ അപരാജിതയുടെ പേനയിലൂടെ നോവല്‍ ഇതള്‍വിരിയുന്നു. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടി.വി തോമസും, ആര്‍. സുഗതനും, പി.കെ ചന്ദ്രാനന്ദനും, വി.എസ് അച്യുതാനന്ദനും, കെ.വി പത്രോസും, സൈമണ്‍ ആശാനും, സി.കെ കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാര്‍ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിനു സമരനായകന്മാര്‍ ഈ നോവലിലുടനീളം ജീവിക്കുന്നു.
പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് ഭ്രാന്തിയാക്കി മാറ്റപ്പെട്ട കൈത്തറ പാപ്പിയും, മണ്ണാന്തറയിലെ മാരയും, കൊച്ചുപാറുവും, ജന്മികള്‍ പോറ്റിവളര്‍ത്തിയ ഗുണ്ടകള്‍ തെങ്ങില്‍കെട്ടിയടിച്ച പാക്കരന്മാരും, ചെത്തുകാരന്‍ ദാനവന്റെ കൊച്ചുപുലയപ്പെണ്ണ് കൊച്ചുതങ്കയും, കൊച്ചുനീലാണ്ടന്റെ പെണ്ണ് കുഞ്ഞുനീലിയും, പ്രഭാകരനും അനഘാശയനും, ശേഖരനും കൊച്ചുകുഞ്ഞാശാനും, രാഘവനുമടക്കം ഒരുപാടു ചരിത്ര കഥാപാത്രങ്ങള്‍ നിറയ്ക്കുന്ന ഊര്‍ജ്ജമാണ് ഈ ബൃഹദ്‌നോവലിലൂടെ വായനക്കാരനെ സഞ്ചരിപ്പിക്കുന്നത്. ഭരണകൂട ഭീകരതയുടെ പുതിയ പാഠങ്ങള്‍ ബ്രീട്ടീഷുകാരെപ്പോലും പഠിപ്പിച്ച സി.പി. രാമസ്വാമി അയ്യര്‍ക്കൊപ്പം വഞ്ചിരാജ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ ഷംഷര്‍ ജംഗ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് എന്ന 'പാവ' രാജാവിന്റെ സിംഹാസനവും അദൃശ്യമായ ഒരു ഭീതിയായി നോവലിന്റെ പല താളിലും വന്നു നിറയുന്നു.
കെ.വി. മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി' പുന്നപ്രവയലാര്‍ സമരത്തിന്റെ ചരിത്രകഥമാത്രമല്ല. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച സമകലാക പ്രതിസന്ധികളെക്കുറിച്ചുപോലും സര്‍ഗ്ഗാത്മകമായി വിലയിരുത്തുന്നുണ്ട്. സഖാവ് സത്യദാസിന്റെ മകളായ അപരാജിതയില്‍കൂടി ഇതള്‍വിരിയുന്ന നോവലില്‍ ചെഗുവേരയുടെ അദൃശ്യസാന്നിധ്യം ഉടനീളം നിലനില്‍ക്കുന്നുണ്ട്.
ചെയുടെ മുഖമുള്ള നിരഞ്ജന്‍ പ്രസ്ഥാനത്തില്‍ നിന്നും കുതറിമാറി സായുധ സമരത്തിലേക്കു പോയ ഒരു യുവാവാണ്. പണ്ട് പ്രസ്ഥാനം അടരാടിയത് വര്‍ഗശത്രുക്കള്‍ക്കെതിരെയാണെങ്കില്‍ ഇന്ന് പോരാടുന്നത് 'വര്‍ഗവഞ്ചകര്‍'ക്കെതിരെയാണ്.
ചരിത്രം വസ്തുതകള്‍ മാത്രമല്ല അവാസ്തവങ്ങളുടെ കൂടി സങ്കലനമാണ്. ചിലപ്പോള്‍ അത് അക്കങ്ങളും തിയതികളും മാത്രമായി മാറുന്നു. ചരിത്രത്തിലെ സംഭവങ്ങളിലും, യുദ്ധങ്ങളിലും, പ്രതിരോധങ്ങളിലും പലപ്പോഴും മനുഷ്യജീവിത്തിന്റെ ഭാവാത്മകമായ അംശങ്ങള്‍ കൈമോശംവരുന്നു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഉഷ്ണരാശിപോലുള്ള ചരിത്ര നോവലുകള്‍ കാലത്തെ പുനഃസൃഷ്ടിക്കുന്നു. അതോടൊപ്പം എഴുത്തിന്റെ സാധ്യതകളും സാന്ദ്രതയും പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു. എഴുത്ത് ഒരു ചരിത്രദൗത്യമാകുന്നത് അപ്പോഴാണ്.
'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം' നോവല്‍ വായിച്ചുകഴിഞ്ഞ് അടച്ചുവയ്ക്കുമ്പോള്‍, കരപ്പുറത്തിന്റെ ഇതിഹാസമെന്നത് ലോക സ്വാതന്ത്ര്യചരിത്രത്തിന്റെ ഏറ്റവും തിളങ്ങുന്നൊരു ഇതിഹാസമാണെന്നുള്ള അനുവാചകന്റെ തിരിച്ചറിവിലാണ് കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം സാര്‍ത്ഥമാകുന്നത്. തിരുവിതാംകൂറിന്റെ മാത്രമല്ല ഇന്ത്യയിലെ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പിടഞ്ഞുമരിച്ച ധീര സഖാക്കളുടെ ജീവിക്കുന്ന സ്മരണയ്ക്കുമുന്‍പില്‍ കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം അശ്രൂപൂജയാകുന്നു. അതോടൊപ്പം നോവല്‍ സാഹിത്യശാഖയ്ക്ക് നല്ലൊരു ദിശാസൂചിയുമാകുന്നുണ്ട് ഈ നോവല്‍.
(കവിയും സാഹിത്യനിരൂപ കനുമായ ലേഖകന്‍ മുംബൈ റീജ്യണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്നു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."