സഹോദരന്റെ മരണത്തില്‍ അടങ്ങാത്ത പക: സുഹൃത്തിനെ സംഘം ചേര്‍ന്ന് കൊന്ന് ചതുപ്പില്‍ താഴ്ത്തി, സിനിമയെ വെല്ലുന്ന കഥയിങ്ങനെ
കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെക്കൊന്ന് ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയ കേസിലെ പ്രതികള്‍ സുഹൃത്തുക്കള്‍ തന്നെ. അന്വേഷണം വഴി തിരിച്ചുവിടാന്‍ സിനിമാസ്റ്റൈലില്‍ ഇവര്‍ പൊലിസിനെയും ബന്ധുക്കളെയും കബളിപ്പിക്കുകയും ചെയ്തു. കൊലയിലേക്ക് നയിച്ചതാകട്ടെ പ്രതികളിലൊരാളായ നിപിന്റെ സഹോദരന്റെ അപകടമരണത്തിനു പിന്നില്‍ അര്‍ജുനാണെന്ന തെറ്റിദ്ധാരണകൊണ്ടുണ്ടായ അടങ്ങാത്ത പകയാണെന്നും വ്യക്തമായി.
കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്.വിദ്യന്റെ മകന്‍ അര്‍ജുനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ പിടികൂടിയത് കൊല്ലപ്പെട്ട അര്‍ജുന്റെ സുഹൃത്തുക്കളാണ്. പൊലിസിന്റെ മിടുക്കുകൊണ്ടല്ലെന്നും ബന്ധുക്കള്‍. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളായ നിപിന്റെ സഹോദരനൊപ്പം അര്‍ജുന്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുനും സാരമായി പരുക്കേറ്റു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടുപോയി കൊന്നുകളഞ്ഞതായി നിപിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ നിപിന്റെ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലിസിനോടു പറഞ്ഞു.
അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ നിപിന്‍, റോണി എന്നിവരെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് പൊലിസില്‍ പരാതി നല്‍കിയെങ്കിലും അത് അവഗണിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് വിദ്യന്‍ പറഞ്ഞു.
പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കടിച്ചു. അര്‍ജുനെ കാണാതായ ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടില്‍ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം ചെയ്തതായാണു മൊഴി.
നെട്ടൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള ചതുപ്പിലാണ് അര്‍ജുന്റെ മൃതദേഹം ഇവര്‍ കുഴിച്ചിട്ടത്. സംഭവദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തി അര്‍ജുനെ ഇവര്‍ ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെത്രെ.
കൊലയ്ക്കു ശേഷം പ്രതികള്‍ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ലോറിയില്‍ കയറ്റിവിട്ട് അന്വേഷണം വഴിതെറ്റിച്ചു. ഈ ഫോണിന്റെ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന പൊലിസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമായതെത്രെ.
ബുധനാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനുശേഷമാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. സംശയം തോന്നിയവരെ ചോദ്യം ചെയ്യാന്‍പോലും പൊലിസ് തയാറായില്ല. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാനും പറഞ്ഞത്രെ. ഒടുവില്‍ അര്‍ജുന്റെ സുഹൃത്തുക്കളാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."