മനസ് കുളിരാന്‍ മഞ്ഞുപെയ്യും പൊസഡി ഗുംപെയിലേക്ക്
മീശപ്പുലിമലയുടെ സൗന്ദര്യം കേരളമാകെ കേളികൊള്ളുമ്പോള്‍ അധികമാരും അറിയാതെ ഒളിച്ചിരിക്കുന്ന ഒരു സുന്ദരിയുണ്ട് കാസര്‍കോട്ട്. മഞ്ഞുപെയ്യുന്ന പൊസഡി ഗുംപെ ഹില്‍ സ്റ്റേഷന്‍. അടുത്തകാലത്തായാണ് കാസര്‍കോട്ടുകാര്‍ക്കിടയില്‍ തന്നെ ഈ മലനിരകള്‍ക്ക് പ്രചാരമേറിയത്. എന്നാല്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പൊസഡി ഗുംപെയുടെ സൗന്ദര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ വേണ്ടവിധം ഇനിയും അടയാളപ്പെട്ടിട്ടില്ല.
ഉയരക്കാഴ്ചകള്‍
മഞ്ചേശ്വരത്തിനടുത്ത് പൈവളിഗെ പഞ്ചായത്തിലെ ബായാറിനടുത്താണ് പൊസഡി ഗുംപെയെന്ന സുന്ദരിയുള്ളത്. പൊസഡി ഗുംപെയെപ്പോലെ തന്നെ അവിടേക്കുള്ള വഴിയും പ്രകൃതി ഭംഗിയാല്‍ ആകര്‍ഷണീയമാണ്. ഇരുവശവും പച്ചവിരിച്ച വഴികള്‍.
ഒരു കിലോമീറ്ററോളം ചെങ്കുത്തായ വഴിയിലൂടെ നടന്നാലാണ് പൊസഡി ഗുംപെയുടെ കുന്നിന്‍മുകളിലേക്കെത്തുക. വിശാലമായ പുല്‍മേടും മഞ്ഞുതുള്ളികളും വിസ്മയപ്പെടുത്തുന്ന ദൂരക്കാഴ്ചകളുമാണ് അവള്‍ അവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ കാസര്‍കോടിന്റെ ഗ്രാമീണ ഭംഗിക്കൊപ്പം ചിക്കമംഗളൂരുവിലെ കുദ്രെമുഖ മലനിരകളുമൊക്കെ അത്ഭുതക്കാഴ്ചകളായി ആസ്വദിക്കാം. രാവിലെയും വൈകുന്നേരവുമാണ് കൂടുതലായും സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. മഞ്ഞുപാളികള്‍ക്കിടയിലൂടെയുള്ള സൂര്യോദയ, അസ്തമന കാഴ്ചകള്‍ സഞ്ചാരികളുടെ മനംകവരും. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി മുകളിലാണ് പൊസഡി ഗുംപെ.
ആറാടാം കമ്പം വെള്ളച്ചാട്ടത്തില്‍
തൊട്ടടുത്ത് കടകളില്ലാത്തതിനാല്‍ കുടിവെള്ളമുള്‍പ്പെടെ വരുന്നവഴിക്ക് തന്നെ കരുതണം. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 38 കിലോമീറ്റര്‍ ദൂരമാണ് പൊസഡി ഗുംപെയിലേക്കുള്ളത്. കാസര്‍കോട്ട് നിന്ന് ധര്‍മ്മത്തടുക്കയിലേക്ക് ബസ് സര്‍വിസുകളുണ്ട്. അവിടെ നിന്ന് ഓട്ടോ, ടാക്‌സി പിടിച്ച് പൊസഡി ഗുംപെയിലേക്കെത്താം. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 25 കിലോമീറ്ററുണ്ട് ഇവിടേക്ക്. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് 56 കിലോമീറ്ററും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 137 കിലോമീറ്ററും ദൂരമുണ്ട്. പൊസഡി ഗുംപെയ്ക്കടുത്ത് ചള്ളങ്കയം എന്ന സ്ഥലത്ത് കാടിന് നടുവിലായി കമ്പം വെള്ളച്ചാട്ടവുമുണ്ട്. ഈ വെള്ളച്ചാട്ടം കൂടി കണ്ടും അനുഭവിച്ചും തണുത്ത മനസും ശരീരവുമായി മടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."